Connect with us

Kannur

ദുരൂഹ സാഹചര്യത്തില്‍ കാണാതായ 65 കാരന്റെ മൃതദേഹം ഖബറിടത്തില്‍

Published

|

Last Updated

തലശ്ശേരി: ന്യൂമാഹി പെരിങ്ങാടിയില്‍ നിന്നും അഞ്ച് ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ 68 കാരന്റെ മൃതദേഹം മമ്മി മുക്കിലെ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലുള്ള പഴയ ഖബറിടത്തില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. ഉന്നത റവന്യൂ-പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുറത്തെടുത്ത് നടത്തിയ പരിശോധനയില്‍ മൃതദേഹം പരിങ്ങാടി കൊങ്കോത്ത് പീടികയിലെ പുത്തന്‍ പുരയില്‍ സിദ്ദീഖിന്റെതാണെന്ന് സ്ഥിരീകരിച്ചു. പോലീസ് സര്‍ജന്‍ ഡോ. എസ് ഗോപാലകൃഷ്ണപിള്ള സ്ഥലത്ത് വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
സിദ്ദീഖിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക സൂചനകള്‍. സംഭവവുമായി ബന്ധപ്പെട്ട് ജുമുഅ മസ്ജിദില്‍ ഖബര്‍ കുഴിയെടുക്കുന്ന ചിലരെ സംശയിക്കുന്ന പോലീസ് സംഘം രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പരിങ്ങാടിയില്‍ മയ്യത്ത് സാധനങ്ങള്‍ വില്‍പ്പന നടത്തുന്ന കടയുടമയാണ് സിദ്ദീഖ്. ഇക്കഴിഞ്ഞ ഒമ്പത് മുതല്‍ സിദ്ധീഖിനെ കാണാതായിരുന്നു. ന്യൂ മാഹി പോലീസില്‍ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തുന്നതിനിടയില്‍ മമ്മിമുക്ക് ജുമുഅ മസ്ജിദിനടുത്ത് നിന്ന് സിദ്ദീഖ് നടന്നു പോയതായി സമീപത്തുള്ള സ്ഥാപനത്തിലെ സി സി ടിവിയില്‍ കാണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിനിടയില്‍ മസ്ജിദിന്റെ കാട് പടര്‍ന്ന ഖബര്‍സ്ഥാനില്‍ നിന്നും ദുര്‍ഗന്ധം വമിച്ചത് ശ്രദ്ധയില്‍പ്പെട്ടു. സമീപകാലത്തൊന്നും മയ്യത്തുകള്‍ സംസ്‌കരിച്ചിട്ടില്ലാത്തതിനാല്‍ നടത്തിയ വിശദമായ പരിശോധനയിലാണ് പഴയ ഖബറിടത്തിന്റെ മണ്ണും മീസാന്‍ കല്ലും മാറ്റിയതായി കണ്ടെത്തിയത്. മണ്ണ് മാറ്റിയ സ്ഥലത്ത് മൃതദേഹത്തിന്റെ അഴുകാത്ത കാല്‍പ്പാദങ്ങളും കാണാനിടയായി. 2012 ല്‍ ദേശവാസിയായ എം കെ അബ്ദുല്ലയെ സംസ്‌കരിച്ച ഖബറിടത്തിലാണ് സിദ്ധീഖിന്റെ മൃതദേഹം കുഴിച്ച് മൂടിയത്. കൈവശം എല്ലായ്‌പോഴും പണം കൊണ്ട് നടക്കാറുള്ള സിദ്ധീഖിനെ കൊല ചെയ്തത് ഇത് ലക്ഷ്യം വെച്ചാണെന്ന് പറയപ്പെടുന്നു.

Latest