Connect with us

Malappuram

എടവണ്ണയില്‍ വന്‍ തീപിടുത്തം; മൂന്ന് കടകള്‍ കത്തി നശിച്ചു

Published

|

Last Updated

എടവണ്ണ: ടൗണില്‍ വന്‍ തീപിടുത്തം. മൂന്ന് കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. ഒഴിവായത് വന്‍ ദുരന്തം. എടവണ്ണ തിരുവാലി റോഡില്‍ സീതിഹാജി ഗവ. ഹൈസ്‌കൂളിന് സമീപത്തെ മൂന്നു നില കെട്ടിടത്തിനാണ് ഇന്നലെ ഉച്ചക്ക് 2.30ഓടെ തീപിടുത്തമുണ്ടായത്. പത്തപ്പിരിയം സ്വദേശി എം ടി മൊയ്തീന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള അല്‍ റവാബി എന്ന കെട്ടിടത്തിനാണ് തീപിടിച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ തീ പടര്‍ന്ന് അന്തരീക്ഷത്തില്‍ പുക ഉയര്‍ന്നതോടെ പരിഭ്രാന്തിയിലായ സ്‌കൂളിലെ അധ്യാപകര്‍ വിദ്യാര്‍ഥികളോട് സ്‌കൂളിന്റെ പിറക് വശത്തെ ഗേറ്റ് വഴി പെട്ടെന്ന് വീട്ടിലേക്ക് പോകാന്‍ നിര്‍ദ്ദേശിച്ചു. പേടിച്ചിരണ്ട വിദ്യാര്‍ഥികള്‍ ആര്‍ത്തുവിളിച്ച് കൂട്ടത്തോടെ ഗേറ്റ് വഴി പുറത്തേക്കോടി. കെട്ടിടത്തിന് സമീപത്ത് ആരും നില്‍ക്കരുതെന്നും എത്രയും വേഗം വീട്ടിലെത്തണമെന്നും അധ്യാപകരും നാട്ടുകാരും വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. പൂര്‍ണമായും ആധുനിക രീതിയിലുള്ള പോളികാര്‍ബണേറ്റ് പോളിത്തീന്‍, അലുമിനിയം ഷീറ്റ് പാനല്‍ എന്നിവ ഉപയോഗിച്ച് കെട്ടിടം മോഡി കൂട്ടിയതാണ് തീ ആളിപടരാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. എടവണ്ണ സര്‍വീസ് സഹകരണ ബേങ്കിന്റെ നീതി മെഡിക്കല്‍ ഷോപ്പ്, എടവണ്ണ സ്വദേശി സഫീറലിയുടെ മോക്കോ കംമ്പ്യൂട്ടര്‍ മൊബൈല്‍ ഷോപ്പ്, കെ ജി റശീദിന്റെ തുണിക്കട തുടങ്ങിയവയാണ് പൂര്‍ണമായും കത്തിയത്. മുപ്പതോളം ഷട്ടറുള്ള കെട്ടിടത്തില്‍ ഒരു ഭാഗത്താണ് തീപടര്‍ന്നത്. ഉച്ച സമയമായതിനാല്‍ പലരും ഭക്ഷണം കഴിക്കാന്‍ പുറത്തുപോയതുകൊണ്ട് ആളപായമില്ല. കമ്പ്യൂട്ടര്‍ മൊബൈല്‍ കടയില്‍ നിന്നാണ് തീ ആദ്യം കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തീ ആളിപടര്‍ന്ന് പുക പടലങ്ങള്‍കൊണ്ട് എടവണ്ണയില്‍ കുറച്ചുനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സൂപ്പര്‍മാര്‍ക്കറ്റ്, ഫാന്‍സി, കിഡ്‌സ്‌വെയര്‍, ബേക്കറി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ കെട്ടിടത്തിലുള്ളത്. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് ദിവസേന ഈ സ്ഥാപനങ്ങളില്‍ വന്നുപോകുന്നത്.
കെട്ടിടത്തിലെ കടകളിലുണ്ടായിരുന്ന നിരവധി ആളുകള്‍ തീ പടരുന്നത് കണ്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ ആളപായമുണ്ടായില്ല. ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് ഫയര്‍ സര്‍വീസിനെയും പോലീസിനെയും വിവരം അറിയിച്ചത്. തുടര്‍ന്ന് തിരുവാലി, നിലമ്പൂര്‍, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ സര്‍വീസും ട്രോമാകെയര്‍ പ്രവര്‍ത്തകരും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് വൈകീട്ട് നാലോടെ തീ പൂര്‍ണമായും അണച്ചത്. കെട്ടിടത്തിന് സമീപത്തു കൂടെ കെ എസ് ഇ ബി വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ടായിരുന്നു. കെ എസ് ബി ഉദ്യോഗസ്ഥര്‍ തക്ക സമയത്തെത്തി വൈദ്യുത വിച്ഛേദിച്ചതോടെ വന്‍ ദുരന്തം ഒഴിവായി. സമീപത്തെ വ്യാപാരി വ്യവസായിയുടെ കെട്ടിടത്തിലുണ്ടായിരുന്ന ബൈക്ക് ഷോറൂമിലേക്ക് തീ ആളിപടരാത്തത് നാശനഷ്ടങ്ങള്‍ കുറയാന്‍ കാരണമായി. ഡപ്യൂട്ടി കലക്ടര്‍ സി അബ്ദുല്‍ റശീദ്, ഏറനാട് തഹസില്‍ദാര്‍ സുരേഷ്, വണ്ടൂര്‍ സി ഐ. സാജു കെ എബ്രഹാം, എടവണ്ണ വില്ലേജ് അസിസ്റ്റന്റ് അബ്ബാസ് അത്തിമണ്ണില്‍, എടവണ്ണ എസ് ഐ. കെ എം സന്തോഷ് ഗ്രേഡ് എസ്‌ഐമാരായ ഉണ്ണികൃഷ്ണന്‍, സുനില്‍കുമാര്‍, കാരക്കുന്ന് വില്ലേജ് ഓഫീസര്‍ കോമു കമര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ഏകദേശം അമ്പത് ലക്ഷത്തോളം രൂപയുടെ നാശനനഷ്ടമുണ്ട്.

---- facebook comment plugin here -----

Latest