Connect with us

Gulf

ജി സി സിയിലെ താമസക്കാര്‍ക്ക് ഈജിപ്തിലേക്ക് 48 മണിക്കൂറിനകം ടൂറിസ്റ്റ് വിസ ലഭിക്കും

Published

|

Last Updated

അബുദാബി: ജി സി സി അംഗരാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് അപേക്ഷ സമര്‍പിച്ച് 48 മണിക്കൂറിനകം ഈജിപ്തിലേക്കുള്ള ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോകത്തുതന്നെ ഏറ്റവും കൂടുതല്‍ പൈതൃകങ്ങളും പഴമയും സംരക്ഷിച്ചുപോരുന്ന ഈജിപ്തിന്റെ മുഖ്യ വരുമാന സ്രോതസ്സുകളിലൊന്നായ ടൂറിസത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിത്.
ആഭ്യന്തര പ്രശ്‌നങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയ ഈജിപ്ത് ശക്തമായ പുനര്‍നിര്‍മാണ പ്രക്രിയയിലാണിപ്പോള്‍. വിനോദ സഞ്ചാര മേഖല കൂടുതല്‍ സുതാര്യമാക്കാനാണ് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ പദ്ധതി. കഴിഞ്ഞ വര്‍ഷം ഈജിപ്തിലേക്കുള്ള അറബ് വിനോദ സഞ്ചാര സാന്നിധ്യത്തില്‍ തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ ഗണ്യമായ വര്‍ധനവാണ് പ്രകടമായത്. മൊത്തമുള്ള വിനോദ സഞ്ചാരികളില്‍ കഴിഞ്ഞ വര്‍ഷം 35 ശതമാനവും അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 22 ശതമാനം മാത്രമായിരുന്നു.
ജി സി സി അംഗരാജ്യങ്ങളില്‍ വിസയുള്ളവര്‍ക്ക് തങ്ങള്‍ താമസിക്കുന്ന രാജ്യങ്ങളിലുള്ള ഈജിപ്ത് എംബസിയില്‍ ആവശ്യമായ കടലാസുകള്‍ക്കൊപ്പം വിസക്കുള്ള അപേക്ഷ സമര്‍പിച്ചാല്‍ 48 മണിക്കൂറിനകം വിസ ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്, തങ്ങളുടെ രാജ്യത്ത് നിലനില്‍ക്കുന്ന വിനോദ സഞ്ചാര സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമാണ്. യു എ ഇ സന്ദര്‍ശിക്കുന്ന ഈജിപ്ത് വിനോദ സഞ്ചാര വികസന അതോറിറ്റി തലവന്‍ സാമി മഹ്മൂദ് ഇവിടുത്തെ പ്രാദേശിക അറബ് പത്രത്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യമറിയിച്ചത്.
ജി സി സി അംഗ രാജ്യങ്ങളില്‍ വിസയിലുള്ളവര്‍ക്ക് ഈജിപ്തില്‍ ഓണ്‍ അരൈവല്‍ വിസാ സൗകര്യം നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബന്ധപ്പെട്ട മന്ത്രാലയ വൃത്തങ്ങളില്‍ നടന്നുവരികയാണ്. അടുത്ത ഭാവിയില്‍ തന്നെ ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകും, സാമി മഹ്മൂദ് വെളിപ്പെടുത്തി. ഷംഗന്‍ വിസയുള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുമെന്നും സാമി മഹ്മൂദ് അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Latest