Connect with us

Gulf

ടയറുകളുടെ വാറന്റി കാലാവധി ഒരു വര്‍ഷമാക്കി ഉയര്‍ത്തി

Published

|

Last Updated

ദോഹ: രാജ്യത്ത് വില്‍ക്കുന്ന എല്ലാ തരം ടയറുകളുടെയും വാറന്റി കാലാവധി ആറ് മാസത്തില്‍ നിന്ന് ഒരു വര്‍ഷമാക്കി ഉയര്‍ത്തി. ഉപയോഗത്തിലൂടെ കേടുപാടുകള്‍ അറിയുന്നതിന് ഇത് എളുപ്പം ഉപഭോക്താക്കളെ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ ലബോറട്ടറീസ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസി. അണ്ടര്‍ സെക്രട്ടറി ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരി പ്രാദേശിക അറബി പത്രമായ അള്‍ റായയോട് പറഞ്ഞു.
നേരിട്ട് സൂര്യപ്രകാശവും ചൂടും ഏല്‍ക്കുന്ന തരത്തില്‍ ചില ഷോപ്പുകള്‍ ടയറുകള്‍ സൂക്ഷിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുമ്പോള്‍ എളുപ്പം കേടാകുന്നതിന് ഇടയാക്കും. ജി സി സി മാനദണ്ഡം പാലിക്കാത്ത ടയറുകള്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ മഞ്ഞുകാലത്തേക്കും തണുപ്പിനോടും അനുയോജ്യമായ രീതിയില്‍ നിര്‍മിക്കുന്ന ടയറുകള്‍ ഗള്‍ഫിനെ ചൂടേറിയ കാലാവസ്ഥക്ക് ഒട്ടും യോജിക്കില്ല. 35 ഡിഗ്രി വരെ താപനിലയുള്ള ഇടങ്ങളിലേ യൂറോപ്യന്‍ ടയറുകള്‍ ഉപയോഗിക്കാന്‍ സാധിക്കൂ. ജി സി സി മാനദണ്ഡം അനുസരിച്ച് 80 ഡിഗ്രി വരെ താപനിലക്ക് അനുയോജ്യമായതായിരിക്കണം ടയറുകള്‍.
യൂറോപ്പില്‍ നിന്ന് വലിയ വിലക്ക് ടയറുകള്‍ വാങ്ങി ഖത്വര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് മെട്രോളജിയുടെ അംഗീകാരമില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത് നിരോധിച്ചതാണ്. അത്തരം ടയറുകള്‍ വാങ്ങുന്നവര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണുണ്ടാകുക. ജി സി സി മാനദണ്ഡം പാലിക്കാത്തതിനാല്‍ അത്തരം യൂറോപ്യന്‍ ടയറുകള്‍ കൊണ്ടുവരുന്നതിനുള്ള അപേക്ഷകള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തള്ളുകയാണ്. ഏതുതരം ടയറുകള്‍ ഇറക്കുമതി ചെയ്യുമ്പോഴും ഓര്‍ഗനൈസേഷനുമായി ബന്ധപ്പെടണം. ഉപഭോക്തൃ സംരക്ഷണത്തിന് വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാറന്റിയുള്ള വാഹനങ്ങള്‍ ഡീലറുടെ ഗാരേജില്‍ നിന്നല്ലാതെ മൂന്നാംകക്ഷി ഗാരേജില്‍ അറ്റകുറ്റപ്പണികള്‍ നടത്താമെന്നത് പ്രധാന ചുവടുവെപ്പായിരുന്നുവെന്നും അല്‍ കുവാരി പറഞ്ഞു.

---- facebook comment plugin here -----

Latest