Connect with us

Kerala

സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു

Published

|

Last Updated

തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ ദക്ഷിണ സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. മലയാളികള്‍ ഉള്‍പ്പെടെ 157 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനമായ സി 17ല്‍ തലസ്ഥാനത്തെത്തിയച്ചത്. ഇന്നലെ പുലര്‍ച്ചെ 4.15ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഇവരെ മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ കലക്ടര്‍ ബിജു പ്രഭാകറും ചേര്‍ന്ന് സ്വീകരിച്ചു.
കേന്ദ്ര മന്ത്രി റിട്ട. ജനറല്‍ വി കെ സിംഗിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍ സങ്കട് മോചന്‍ എന്ന് പേരിട്ട രക്ഷാപ്രവര്‍ത്തനം നടന്നത്. ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയില്‍ നിന്ന് വി കെ സിംഗും ഇവരെ അനുഗമിച്ചു. സുഡാനിലെ ഭരണാധികാരികളുമായി സംസാരിച്ച് ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കിയതായി വി കെ സിംഗ് പറഞ്ഞു. 550 ഇന്ത്യക്കാര്‍ സുഡാനിലുണ്ട്. സ്വന്തമായി വീടും സ്ഥാപനങ്ങളുമുള്ളതിനാല്‍ മുന്നൂറ് പേര്‍ മടങ്ങിവരാന്‍ തയ്യാറല്ലെന്ന് അറിയിച്ചിട്ടുണ്ട്. സുഡാനില്‍ നിന്ന് ഉഗാണ്ടയിലെത്തി ഇന്ധനം നിറച്ച ശേഷമാണ് വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഉഗാണ്ട സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും ചെയ്തതായും വി കെ സിംഗ് പറഞ്ഞു.
മടങ്ങിവന്ന സംഘത്തില്‍ രണ്ട് പേര്‍ നേപ്പാള്‍ പൗരന്മാരാണ്. ഒമ്പത് സ്ത്രീകളും മൂന്ന് കുട്ടികളും സംഘത്തിലുണ്ട്. ഇവരുടെ തുടര്‍ യാത്രക്കുള്ള സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ശേഷിക്കുന്ന 38 യാത്രക്കാരുമായി വിമാനം ഡല്‍ഹിയിലേക്ക് പോയി.
കനത്ത പോരാട്ടമാണ് സുഡാനില്‍ നടക്കുന്നതെന്ന് സുഡാനില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരുണ്‍ കുമാര്‍ പറഞ്ഞു. സുഡാനില്‍ പന്ത്രണ്ട് വര്‍ഷമായി എയര്‍കണ്ടീഷന്‍ ഡീലറായി ജോലി ചെയ്യുകയാണ് അരുണ്‍.
സുഡാനിലെ പ്രസിഡന്റും വൈസ ്പ്രസിഡന്റും തമ്മിലുള്ള അധികാരത്തര്‍ക്കമാണ് ആഭ്യന്തരപ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.

Latest