Connect with us

National

സോണിയക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാട് അഴിമതി കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കാനാകില്ലെന്ന് സുപ്രീം കോടതി. കേസില്‍ സോണിയാ ഗാന്ധിക്കെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ സി ബി ഐയോട് നിര്‍ദേശിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി നിരസിച്ചത്. അഴിമതി അന്വേഷിച്ചുവരികയാണെന്നും സി ബി ഐയാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്യേണ്ടതെന്നും വ്യക്തമാക്കിയ കോടതി, സോണിയക്കും കൂട്ടര്‍ക്കുമെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കാനാകില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് അഭിഭാഷകനായ എം എല്‍ ശര്‍മയാണ് കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയത്.
കോണ്‍ഗ്രസ് നേതാക്കളായ സോണിയക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയവര്‍ക്കുമെതിരെ എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. ഇറ്റാലിയന്‍ കോടതിയില്‍ സോണിയ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ കേസെടുക്കണമെന്നാണ് ആവശ്യം.
അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ വിവാദ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനെ പ്രതിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്ത വെസ്റ്റ്‌ലാന്‍ഡ്. 3,727 കോടി രൂപയുടെ കരാറാണ് 2010ല്‍ കമ്പനിയുമായി ഒപ്പിട്ടത്. കരാര്‍ ലഭിക്കാന്‍ 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനിയധികൃതരെ ശിക്ഷിച്ച് അടുത്തിടെ ഇറ്റാലിയന്‍ കോടതി വിധി പ്രഖ്യാപിച്ചിരുന്നു.

Latest