Connect with us

International

നീസിലെ ഭീകരാക്രമണം: ലോകം പ്രതികരിക്കുന്നു

Published

|

Last Updated

അമരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ: നീസിലേത് ഏറ്റവും ക്രൂരമായ ഭീകരാക്രമണമാണ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോടൊപ്പമാണ് അമേരിക്കന്‍ ജനതയുടെ ചിന്തകളും പ്രാര്‍ഥനകളും. ഫ്രാന്‍സ് പിന്തുടരുന്ന ജനാധിപത്യ മൂല്യങ്ങള്‍ ലോകത്തിന് മുഴുവന്‍ പ്രചോദനമാണ്.
യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി: അതിഭീകരമായ ആക്രമണമാണ് നീസില്‍ നടന്നത്. ഫ്രഞ്ച് നേതാക്കളോടൊപ്പം ഉറച്ചുനില്‍ക്കുന്നതില്‍ അഭിമാനം കൊള്ളുന്നു. ദുരന്തത്തിന്റെ ഈ സമയത്തും അമേരിക്ക ഫ്രാന്‍സ് ജനതയോടൊപ്പം നില്‍ക്കുന്നു.
ഡൊണാള്‍ഡ് ട്രംപ്: ഭീകരര്‍ നടത്തിയ ആക്രമണം, അത് യുദ്ധം തന്നെയാണ്. വ്യത്യസ്തമായ ഭാഗങ്ങളില്‍ നടക്കുന്ന യുദ്ധങ്ങളുടെ ഭാഗമാണിത്.
ഹിലാരി ക്ലിന്റന്‍: ഫ്രാന്‍സ് ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കാനുള്ള ഭീകരരുടെ ശ്രമങ്ങള്‍ക്ക് ഒരിക്കലും കീഴ്‌പ്പെട്ടുകൊടുക്കില്ലെന്ന് ഒരേ ശബ്ദത്തോടെ ഞങ്ങള്‍ പ്രഖ്യാപിക്കുന്നു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍: ഫ്രാന്‍സിലെ നീസില്‍ നടന്ന അക്രമണത്തെ കുറിച്ച് കേട്ടപ്പോള്‍ സ്തംബ്ധനമായിപ്പോയി. മനുഷ്യ സമൂഹത്തിന്റെ മുഴുവന്‍ പ്രയത്‌നങ്ങളും ഏകവഴിയേ മുന്നോട്ടുനയിച്ചാല്‍ മാത്രമേ ഭീകരവാദത്തെ പരാജയപ്പെടുത്താനാകൂ. അവരെവിടെ ഒളിച്ചിരുന്നാലും അവരെ ലക്ഷ്യമാക്കിയേ പറ്റൂ.
യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക്: ഫ്രാന്‍സ് ആക്രമിക്കപ്പെട്ടിരിക്കുന്നത് അവരുടെ ദേശീയ ദിനത്തിലാണ്. ലോകം ഫ്രഞ്ച് ജനതയോടൊപ്പം ഒരുമിച്ച് നില്‍ക്കും. കൊല്ലപ്പെട്ട ജനങ്ങള്‍ സ്വാതന്ത്ര്യവും സമത്വവും തുല്യതയും ആഘോഷിക്കാനെത്തിയവരായിരുന്നു.
ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാംഗ്: എല്ലാതരത്തിലുള്ള ഭീകരതയെയും ചൈന എതിര്‍ക്കുന്നു. ഇരകളോട് ചൈന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
ബെല്‍ജിയം പ്രധാനമന്ത്രി ദീദിയര്‍ റെയ്ന്‍ഡേഴ്‌സ്: ഫ്രാന്‍സ് ഒരിക്കല്‍ കൂടി ഭീകരാക്രമണത്തിന് ഇരയായിരിക്കുന്നു. സംഭവത്തില്‍ നിരാശയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി: നീസില്‍ നടന്ന ഭീകരാക്രമണം ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരകളുടെ ദുഃഖത്തില്‍ ഇന്ത്യന്‍ ജനതയും പങ്കാളികളാകുന്നു.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്: സര്‍ക്കാറും പാക് ജനതയും ഫ്രാന്‍സ് ആക്രമണത്തെ ദുഖത്തോടെയാണ് ശ്രവിച്ചത്. ഇരകളോട് പാക്കിസ്ഥാന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
തുര്‍ക്കി പ്രധാനമന്ത്രി മൗലൂദ് കാവുസോഗ്‌ലു: ഫ്രഞ്ച് നഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിനെതിരെയുള്ള ഫ്രാന്‍സിന്റെ പോരാട്ടത്തില്‍ തുര്‍ക്കി ഒപ്പമുണ്ടാകും.
കുവൈത്ത് ഭരണാധികാരി ശൈഖ് സ്വബാഹ് അല്‍ അഹ്മദ്: ഭീകരതയെ പ്രതിരോധിക്കാന്‍ ഫ്രാന്‍സ് സ്വീകരിക്കുന്ന മുഴുവന്‍ സുരക്ഷാ നടപടികള്‍ക്കും കുവൈത്തിന്റെ പിന്തുണയും സഹകരണവും ഉണ്ടായിരിക്കും.
യു എ ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍: ഭീകരാക്രമണത്തിന് ഇരയായ ഫ്രാന്‍സിലെ ജനങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ഭീകരതയുടെ മുഴുവന്‍ രൂപങ്ങളും എതിര്‍ക്കാന്‍ എല്ലാവരും ഐക്യത്തോടെ മുന്നോട്ടുവരണം.