Connect with us

National

സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ രേകകള്‍ സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഹര്‍വിന്ദര്‍ സിംഗാണ് സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് സ്മൃതി തെറ്റായ വിവരങ്ങളാണ് നാമനിര്‍ദേശ പത്രികയില്‍ ഹാജരാക്കിയതെന്ന കേസ് പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. പത്രപ്രവര്‍ത്തകനായ അഹ്മര്‍ ഖാനാണ് കേന്ദ്രമന്ത്രിക്കെതിരെ ഹരജി നല്‍കിയത്. ഈ മാസം 24ന് കോടതി ഈ കേസില്‍ വാദം കേള്‍ക്കും. കേസ് സ്മൃതി ഇറാനിക്കെതിരാണെങ്കില്‍ ആറ് മാസം തടവോ പിഴയോ അല്ലെങ്കില്‍ ഇവ ഒരുമിച്ചോ ആവും ലഭിക്കാവുന്ന ശിക്ഷ. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) നിന്ന് ബി എ ബിരുദം കരസ്ഥമാക്കിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്‌പോണ്ടന്‍സ്) നിന്ന് ബി കോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറയുന്നത്. 2014 ഏപ്രിലില്‍ നടന്ന നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിംഗ്) നിന്ന് ബി കോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പുകളില്‍ ഹാജരാക്കിയ മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നതെന്നാണ് ഹരജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.

Latest