Connect with us

International

തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തി:250 മരണം

Published

|

Last Updated

ഇസ്താംബുള്‍/ അങ്കാറ: തുര്‍ക്കിയില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സര്‍ക്കാറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കാനുള്ള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രമം പരാജയപ്പെടുത്തി. പ്രസിഡന്റ് ഉര്‍ദുഗാന്റെ ആഹ്വാനപ്രകാരം സര്‍ക്കാര്‍ അനുകൂലികള്‍ തെരുവിലിറങ്ങിയാണ് സൈനിക അട്ടിമറി നീക്കം ചെറുത്തത്. ടാങ്കുകളും ഹെലിക്കോപ്റ്ററുകളും ഉള്‍പ്പെടെ ഉപയോഗിച്ച് സൈനിക അട്ടിമറിക്ക് സൈന്യത്തിലെ ഒരു വിഭാഗം ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ സാധാരണക്കാര്‍ ഉള്‍പ്പെടെ 250 പേര്‍ കൊല്ലപ്പെട്ടു.

1468646416818351വിമത സൈന്യം തലസ്ഥാനമായ അങ്കാറയിലുള്ള പാര്‍ലിമെന്റ് മന്ദിരവും രഹസ്യാന്വേഷണ വിഭാഗം ഓഫീസും പിടിച്ചെടുക്കാന്‍ ശ്രമിച്ചു. ഇസ്താംബുള്‍ നഗരവും പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് ബ്രിഡ്ജ് ക്രോസിംഗ് വിമതര്‍ പിടിച്ചടക്കിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള മത പണ്ഡിതന്‍ ഫത്തഹുല്ല ഗുലന്‍ ആണ് സൈനിക അട്ടിമറി നീക്കത്തിന് പിന്നിലെന്ന് പ്രസിഡന്റ് ഉര്‍ദുഗാന്‍ ആരോപിച്ചു. ഗുലന്‍ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ ദേശീയ പതാകയുമായി ജനങ്ങള്‍ തെരുവില്‍ ആഹ്ലാദപ്രകടനം നടത്തി.

turവെള്ളിയാഴ്ച രാത്രിയോടെയാണ് അട്ടിമറി നീക്കത്തിന് സൈന്യം ശ്രമമാരംഭിച്ചത്. ഇന്നലെ രാവിലെയോടെ ജനങ്ങളുടെയും പോലീസിന്റെയും സഹായത്തോടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. രാജ്യദ്രോഹമാണ് ചെയ്യുന്നതെന്നും ഇതിനെതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും ഇസ്താംബുളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തിലെത്തിയ ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. രാത്രിതന്നെ പ്രധാന പാലങ്ങളും നഗരങ്ങളിലെ സുപ്രധാന പ്രദേശങ്ങളും പിടിച്ചെടുക്കാന്‍ വിമത സൈന്യം ശ്രമിച്ചു. സൈനിക ഹെലിക്കോപ്റ്റുകള്‍ വ്യോമാക്രമണം നടത്തുകയും അങ്കാറയില്‍ പലയിടങ്ങളിലും ഷെല്‍ വര്‍ഷിക്കുകയും ചെയ്തു.
തുര്‍ക്കി പാര്‍ലിമെന്റായ ഗ്രാന്‍ഡ് നാഷനല്‍ അസംബ്ലിക്കു സമീപം ബോംബാക്രമണവും നടന്നു. ഭരണകക്ഷിയായ എ കെ പാര്‍ട്ടിയുടെ ആസ്ഥാനം, പ്രസിഡന്റിന്റെ ഔദ്യോഗിക വസതി എന്നിവക്ക് സമീപത്തും ഷെല്‍ ആക്രമണങ്ങള്‍ നടന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ അനാദോലു റിപ്പോര്‍ട്ട് ചെയ്തു. സൈനിക മേധാവിയായ ജനറല്‍ ഹുലുസി അകറിനെ അട്ടിമറി ശ്രമം നടത്തിയവര്‍ ബന്ദിയാക്കിയെങ്കിലും പിന്നീട് മോചിപ്പിച്ചു. ഇതേത്തുടര്‍ന്ന്, ഉമിത് ദുണ്ഡറിനെ സൈന്യത്തിന്റെ താത്കാലിക മേധാവിയായി പ്രധാനമന്ത്രി നിയമിച്ചിരുന്നു.
രാജ്യത്ത് “പീസ് കൗണ്‍സില്‍” പ്രവര്‍ത്തിക്കുന്നുണ്ടെന്നും കര്‍ഫ്യൂവും സൈനിക നിയമവും പ്രാബല്യത്തില്‍ വന്നതായും അട്ടിമറിക്കു മുമ്പ് സൈന്യത്തിലെ ഒരു വിഭാഗം അറിയിച്ചു. ഇതിന് പിന്നാലെയാണ് ജനാധിപത്യവും മനുഷ്യാവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനായി ഭരണ അട്ടിമറി നീക്കവും സൈന്യം പ്രഖ്യാപിച്ചത്. സെന്യത്തെ നേരിടാനെത്തിയ സാധാരണക്കാരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. അത്താത്തുര്‍ക്ക് വിമാനത്താവളം വിമതര്‍ പിടിച്ചെടുത്തെങ്കിലും പിന്നീട് മോചിപ്പിച്ചു. ഔദ്യോഗിക വാര്‍ത്താ ചാനലിന്റെ സംപ്രേഷണം താത്കാലികമായി തടസ്സപ്പെട്ടു.

 

Latest