Connect with us

Gulf

മൊബൈല്‍ ഗെയിം ഭ്രാന്തിന്റെ 'പോകിമാനെ' കാത്ത് ഖത്വറും

Published

|

Last Updated

ദോഹ: മൊബൈല്‍ ഫോണില്‍ നിന്ന് തലയുയര്‍ത്താതെ ഗെയിമിയില്‍ മുഴുകിയിരിക്കുന്നവരുടെ ലഹരിയുടെ പുതിയ എഡിഷഷനു വേണ്ടി കാത്തിരിക്കുന്നു ഖത്വറിലെ ഗെയിം പ്രിയര്‍. ഖത്വറില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുമ്പ് തന്നെ ഇതിനകം തരംഗമായി മാറിയ പോകിമാന്‍ ഗോ എന്ന പേരിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഗെയിമിന്റെ പുതിയ സാധ്യതകള്‍ ഉപയോഗിച്ചുള്ള ഗെയിം എല്ലാ പ്രായക്കാരെയും ഹരം പിടിപ്പിക്കുന്നതാണ്. റോഡുകളിലും തെരുവുകളിലും ഉദ്യാനങ്ങളിലുമെല്ലാം അതതു പശ്ചാലത്തിന്റെ റിയാലിറ്റിയില്‍ കളിക്കാമെന്ന സൗകര്യമുള്ള വിനോദത്തിലെ വിസ്മയത്തിനൊപ്പം സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങളും അപകട ഭീഷണിയും സൃഷ്ടിക്കപ്പെടുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടും. അയല്‍ ഗള്‍ഫ് രാജ്യമായ യു എ ഇ പോകിമാന്‍ ഗെയിമിനെതിരെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ഈ മാസം ആറിനാണ് ലോകത്ത് ഇതിനകം തരംഗമായി മാറിയ പോകിമാന്‍ ഗെയിം ലോഞ്ച് ചെയ്തത്. ഓഗ്‌മെന്റഡ് റിയാലിറ്റി മാപ്പുമാമായി സംയോജിപ്പിച്ചാണ് ഗെയിം നിര്‍മിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണിലെ ജി പി എസ്, ക്ലോക്ക്, ക്യാമറ എന്നിവ കൂടി ഉപയോഗിച്ചാണ് കളിക്കുന്നവരുടെ പരിസരത്തെ പശ്ചാത്തലം ഗെയിമില്‍ ഉപയോഗിക്കുന്നത്. വ്യത്യസ്ത രീതിയില്‍ രൂപകല്പന ചെയ്തിട്ടുള്ള പോകിമാന്‍ ജീവികള്‍ ഗെയിം കളിക്കുന്നവരുടെ പരിസങ്ങളിലുടെ ഓടി നടക്കുന്ന പ്രതീതിയും അവയെ പന്തെറിഞ്ഞു വീഴ്ത്തുന്നതുമാണ് കളിയിലെ ഹരം. റോഡിലുടെ നടന്നു കൊണ്ടു കളിക്കുന്ന ഒരാള്‍ക്ക് റോഡരികിലൂടെ തുള്ളിച്ചാടി നടക്കുന്ന പോകിമാന്‍ കിളികളെയും ജീവികളെയുമാണ് എറിഞ്ഞു വീഴ്‌ത്തേണ്ടത്. ഫലത്തില്‍ റോഡരികലും സീബ്രാ ലൈനിലുമെല്ലാം പോകിമാന്‍ കളിച്ചു കൊണ്ടു നടക്കുന്ന ഗെയിം പ്രിയരെക്കുറിച്ചാണ് ആശയങ്കകള്‍ ഉയരുന്നത്. പോകിമാന്‍ ഗെയിമിന്റെ ചില വേര്‍ഷനുകളില്‍ തൊട്ടടുത്തുള്ള പോകിമാന്‍ ഹണ്ടേഴ്‌സുമായി ആശയ വിനിമയം നടത്തുന്ന രീതികളുമുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ പൊതുസ്ഥലങ്ങളില്‍ വരെ ഒരുതരം മൊബൈല്‍ ഗെയിം വട്ടന്‍മാരെ സൃഷ്ടിക്കുന്നതാകും ഗെയിമെന്ന രീതിയില്‍ ഇതിനകം ഖത്വറിലും വിമര്‍ശം ഉയര്‍ന്നു കഴിഞ്ഞതായി ദോഹ ന്യസ് അഭിപ്രായപ്പെട്ടു.
നോര്‍ത്ത് അമേരിക്ക, ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് ഗൂഗിള്‍ പ്ലേ മാര്‍ക്കറ്റുകളിലാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഖത്വറില്‍ ഇതുവരെ ലഭ്യമായിട്ടില്ല. ഉടന്‍ ലഭ്യമാകുമെന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ വി പി എന്‍ ഉപയോഗിച്ച് പലരും പോകിമാന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട് പറയുന്നു. ഖത്വറിലെ പോകിമാന്‍ പ്രിയര്‍ ഇതിനകം ട്വിറ്ററിലും ഫേസ്ബുക്കിലും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. വിമര്‍ശകരും വിട്ടു കൊടുക്കുന്നില്ല. കളിയുടെ രസങ്ങളും അനുഭവങ്ങളുമാണ് അനുകൂലികള്‍ പങ്കുവെക്കുന്നത്. വിമര്‍ശകരാകട്ടെ കളി ഭ്രാന്തിലെ മണ്ടത്തരങ്ങളെക്കുറിച്ചും കുറിക്കുന്നു.
ജീവിതം കളിച്ചാസ്വദിക്കാനുള്ള സാങ്കേതികവിദ്യയുടെ സമ്മാനത്തെ പിന്തുണക്കുന്നു എന്നാണ് പോകിമാനു വേണ്ടി ട്വറ്ററിലും ഫേസ്ബുക്കിലും അക്കൗണ്ട് തുറന്ന മര്‍സിയ കാര്‍മിലയും അമ്മാര്‍ അല്‍ ഖമാശും പറയുന്നത്. എന്നാല്‍ കളി സൂക്ഷിച്ചുവേണമെന്നും അവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. അനുകൂലികളും പ്രതികൂലികളും രംഗത്തു വരുന്നുണ്ടെങ്കിലും കളിയുടെ കാലത്തെ പുതിയ അതിഥി ഖത്വറിലും വൈകാതെ തരംഗം തീര്‍ക്കുമെന്നു തുന്നെയാണ് ലഭ്യമാകുന്ന സൂചനകള്‍.