Connect with us

National

വേട്ടയാടിയാല്‍ ജോലി രാജിവെക്കാന്‍ മടിക്കില്ലെന്ന് കാശ്മീരി ഐഎഎസ് ഓഫീസര്‍

Published

|

Last Updated

ശ്രീനഗര്‍: കാശ്മീര്‍ സംഘര്‍ഷത്തെ തെറ്റായി ചിത്രീകരിക്കുന്ന മാധ്യമ ഇടപെടലുകള്‍ക്കെതിരെ കാശ്മീരി ഐഎഎസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ ഷാ ഫൈസലാണ് ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. അനാവശ്യമായി വേട്ടയാടല്‍ തുടര്‍ന്നാല്‍ ജോലി രാജിവെക്കാനും മടിക്കില്ലെന്ന് ഷാ ഫൈസല്‍ വ്യക്തമാക്കി. കാശ്മീര്‍ പൊതുവിദ്യാഭ്യാസ ഡയരക്ടറാണ് ഇപ്പോള്‍ ഷാ ഫൈസല്‍.

സൈന്യം വധിച്ച ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ മൃതദേഹത്തിന്റെ ചിത്രത്തോടൊപ്പം തന്റെ ചിത്രവും ഉള്‍പ്പെടുത്തി മാധ്യമങ്ങള്‍ അസത്യപ്രചാരണം നടത്തുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനും കൂടുതല്‍ വിദ്വേഷം വളര്‍ത്താനും മാത്രമേ ഇത് ഉപകരിക്കൂവെന്നും അദ്ദേഹം തുറന്നടിച്ചു. ടൈംസ് നൗ, ആജ് തക്, സീ ന്യൂസ്, ന്യൂസ് എക്‌സ് തുടങ്ങിയ ചാനലുകള്‍ക്കെതിരെയാണ് വിമര്‍ശം.

കാശ്മീരികളുടെ മരണത്തില്‍ ദുഃഖമാചരിക്കുമ്പോള്‍ നീലയും ചുവപ്പുമുള്ള ന്യൂസ്‌റൂമുകള്‍ വിഷം ചീറ്റുകയാണ്. ഇത് ഇന്ത്യന്‍ ഭരണകൂടത്തിന് തിരിച്ചടിയാണ്. കാശ്മീരികളുടെ രോഷം ആളികത്തിക്കാനെ ഇത് ഉപകരിക്കൂ. ചാനല്‍ റേറ്റിംഗ് കൂട്ടാന്‍ കാശ്മീരിനെ ചുട്ടെരിക്കാന്‍ നോക്കുന്ന വിനാശകാരികളെ കരുതിയിരിക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

എന്നെ അപഹാസ്യമായ ചര്‍ച്ചയുടെ ഭാഗമാക്കിയത് നിരാശാജനകമാണ്. ക്രൂരതയില്‍ നിന്നും ആനന്ദം കണ്ടെത്തുന്ന നിങ്ങളുടെ പ്രചരണ തന്ത്രത്തിന്റെ ഭാഗമാകാനാണോ അതോ ജോലി ചെയ്യാനാണോ ഞാന്‍ ഐഎഎസില്‍ ചേര്‍ന്നത്? ഈ അവിവേകം ഇനിയും തുടരാനാണ് ഭാവമെങ്കില്‍ താന്‍ ജോലി രാജിവെക്കുമെന്നും ഷാ ഫൈസല്‍ മുന്നറിയിപ്പ് നല്‍കി.

ടൈംസ് നൗവും, ആജ്തക്കും, സീ ന്യൂസുമൊന്നും കാശ്മീരിന്റെ സത്യാവസ്ഥ പറയില്ലെന്ന് നേരത്തെ തന്റെ സഹപ്രവര്‍ത്തകന്‍ യാസീന്‍ ചൗധരി പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായി യോജിക്കുകയാണ്. സ്വന്തം ജനങ്ങളെ കൊന്നൊടുക്കാനും അടിച്ചമര്‍ത്താനും ഒരു സര്‍ക്കാരും ആഗ്രഹിക്കില്ല. അത് സ്വന്തം നാശത്തിനെ വഴിവെക്കൂ. ജനങ്ങളുടെ വേദനയില്‍ നിന്നും മാറി നില്‍ക്കാനും സര്‍ക്കാരിനാകില്ലെന്നും ഷാ ഫൈസല്‍ പറയുന്നു. കാശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടവര്‍ക്കുമായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും ഷാ ഫൈസല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest