Connect with us

Editorial

ഫ്രാന്‍സില്‍ വീണ്ടും കൂട്ടക്കുരുതി

Published

|

Last Updated

മനുഷ്യരെ കൊന്നു തള്ളി ഭീകരത അതിന്റെ താണ്ഡവം തുടരുക തന്നെയാണ്. ഫ്രാന്‍സിലെ സുഖവാസ നഗരമായ നീസില്‍ നടന്ന കൂട്ടക്കൊലയില്‍ 84 പേരാണ് മരിച്ചുവീണത്. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. 30ലധികം പേരുടെ പരുക്ക് ഗുരുതരമാണ്. ഫ്രാന്‍സിന്റെ ദേശീയ ദിനമായ ബാസ്റ്റയില്‍ ദിനാഘോഷങ്ങള്‍ക്കായി ഒത്തുകൂടിയവര്‍ക്കിടയിലേക്കാണ് അക്രമികള്‍ മരണം വിതച്ചത്. കരിമരുന്ന് പ്രയോഗം കാണുകയായിരുന്ന ആയിരക്കണക്കിന് പേരുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റി അക്രമി മനുഷ്യക്കുരുതി നടത്തുകയായിരുന്നു. പതിവു പോലെ അക്രമിയെ ജീവനോടെ പിടിക്കാന്‍ സാധിച്ചിട്ടില്ല. അതിവേഗത്തിലെത്തിയ ട്രക്ക് ജനങ്ങളെ ചതച്ചരച്ച് രണ്ട് കിലോമീറ്ററോളം മുന്നോട്ട് കൊണ്ടുപോയി എന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിച്ചത്. കൂടുതല്‍ പേര്‍ മരിക്കാന്‍ വേണ്ടി ട്രക്ക് വളച്ചു പുളച്ചാണത്രേ ഓടിച്ചത്. മാത്രമല്ല, ട്രക്കിലുണ്ടായിരുന്നവര്‍ വെടിയുതിര്‍ക്കുന്നുമുണ്ടായിരുന്നു.
കൂട്ടക്കൊല നടത്തിയ ട്രക്ക് ഡ്രൈവര്‍ 31കാരനായ ഫ്രഞ്ച്- ടുണീഷ്യന്‍ വംശജനാണെന്ന നിഗമനത്തിലാണ് പോലീസ്. ട്രക്കില്‍ നിന്ന് ലഭിച്ച രേഖകള്‍ വെച്ചാണ് ഈ നിഗമനത്തില്‍ എത്തുന്നത്. നീസില്‍ നടന്നത് ഭീകരാക്രമണമാണെന്ന് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഫ്രഞ്ച് പ്രസിഡന്റ് ഫാന്‍ഷ്യസ് ഹോളന്‍ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ആക്രമണങ്ങള്‍ രാജ്യത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തെ തകര്‍ക്കാന്‍ പര്യാപ്തമല്ലെന്നും ഒറ്റക്കെട്ടായി ഭീകരതയെന്ന മഹാവിപത്തിനെതിരെ പോരാടുമെന്നും. ഈ ആക്രമണത്തില്‍ ഇസില്‍ തീവ്രവാദികളുടെ പങ്ക് തള്ളിക്കളയാനാകില്ലെന്നും രാജ്യത്തോടുള്ള സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. 2015ല്‍ തലസ്ഥാനമായ പാരീസില്‍ നടന്ന ഭീകരാക്രമണ പരമ്പരയില്‍ 130 പേരാണ് മരിച്ചിരുന്നത്. അന്ന് ഇസില്‍ സംഘമാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. നീസ് ആക്രമണത്തെ ചൊല്ലിയും ഇസില്‍ അവകാശവാദമുന്നയിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലെ വിവരം.
ഇസ്താംബൂള്‍ വിമാനത്താവളത്തിലെ ഭീകരാക്രമണം, ധാക്കയിലെ നയതന്ത്ര മേഖലയിലെ ബന്ദിയാക്കലും കൂട്ടക്കൊലയും, ബഗ്ദാദിലെ കറാദയില്‍ തെരുവില്‍ നടന്ന സ്‌ഫോടനം… ചോരച്ചാലുകള്‍ ഉണങ്ങുന്നില്ല. നിരപരാധികളായ മനുഷ്യരെ ഇങ്ങനെ കൊന്നു തള്ളുന്നതിനെ മൃഗീയമെന്ന് വിശേഷിപ്പിക്കുന്നത് മൃഗങ്ങളെ അധിക്ഷേപിക്കലാകും. കാട്ടുനീതിയില്‍ ഇത്തരം ചാവേറുകളില്ല. അവിടെ ഇര പിടിക്കാനുള്ള ക്രൗര്യം മാത്രമേയുള്ളൂ. ഇവര്‍ മനുഷ്യകുലത്തിന്റെ അന്തകന്‍മാരാണ്. ഇവരെ നയിക്കുന്നത് ഏത് വികാരമാണെങ്കിലും, ഏത് പ്രത്യയശാസ്ത്രമാ ണെങ്കിലും അവ മാനവരാശിയുടെ ഉന്‍മൂലനത്തിനായി ശപഥമെടുത്തവര്‍ മാത്രമാണ്. ഇക്കൂട്ടര്‍ക്കെതിരെ ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ഓരോ പൗരനും പാലിക്കേണ്ടതാണ്. ഇത്തരം വെറുപ്പിന്റെ ശക്തികള്‍ എവിടെയെങ്കിലും മുളപൊട്ടി വരുന്നുണ്ടെങ്കില്‍ മുളയിലേ നുള്ളേണ്ടതാണ്. മാനവികതയുടെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുകയും അതിനായി നിരന്തരം സംസാരിച്ചു കൊണ്ടിരിക്കുകയും ചിന്തിച്ചു കൊണ്ടിരിക്കുകയുമാണ് ഇത്തരുണത്തില്‍ കാലം ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം. മനുഷ്യന്‍ എന്ന മനോഹരമായ പദം അഴുക്കിലും ചോരയിലും മുങ്ങി മരിക്കുന്നുവെന്നതാണ് ഈ ക്രൂരതകളുടെയും അവക്ക് പിറകേ ആവര്‍ത്തിക്കുന്ന അതിന്റെ പതിന്‍മടങ്ങ് കുരുതികളുടെയും ആത്യന്തിക ഫലം.
ക്രൂരമായ കൂട്ടുക്കുരുതികളില്‍ ലോകം ദിനംപ്രതിയെന്നോണം ഞെട്ടിവിറക്കുകയാണ്. ലോകത്തിന്റെ ഒരിടവും സുരക്ഷിതമല്ലെന്ന പ്രതീതിയാണ് ഇതുണ്ടാക്കുന്നത്. സ്വയം മരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഒരു പറ്റം മനുഷ്യര്‍ക്ക് മുന്നില്‍ സുരക്ഷാ സംവിധാനങ്ങളെല്ലാം അപ്രസക്തമാകുകയാണ്. ഇത്തരം സംഘങ്ങള്‍ക്ക് നിര്‍ബാധം ആയുധങ്ങള്‍ ലഭിക്കുന്നു. ഇവര്‍ക്ക് തക്കം പാര്‍ത്തിരുന്ന് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള പണവും ലഭിക്കുന്നു. മിക്കയിടങ്ങളിലും പ്രാദേശികമായ സഹായങ്ങളും ഇവര്‍ക്ക് കിട്ടുന്നുണ്ടെന്നാണ് സുരക്ഷാ വൃത്തങ്ങള്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ കണ്ടെത്താറുള്ളത്. ഇത് വിരല്‍ ചൂണ്ടുന്നത് തീവ്രവാദവിരുദ്ധ ദൗത്യങ്ങളുടെ പരാജയത്തിലേക്കാണ്. എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് ശേഷവും വസ്തുതകള്‍ക്ക് പകരം അഭ്യൂഹങ്ങളാണ് പ്രചരിക്കാറുള്ളത്. കണ്ടെത്തലുകള്‍ക്ക് പകരം ഊഹങ്ങളാണ് റിപ്പോര്‍ട്ടുകളായി മാറുന്നത്.
നീസ് ആക്രമണത്തിന്റെ കാര്യത്തില്‍ തന്നെ അതുണ്ടായി. കൃത്യമായ വിവരങ്ങള്‍ ലഭ്യമാകും മുമ്പ് തന്നെ ഫ്രഞ്ച് പ്രസിഡന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസിലില്‍ കെട്ടിവെച്ചു. ഇസില്‍ തീവ്രവാദികള്‍ക്കും അതു തന്നെയാണ് വേണ്ടത്. ഒരു ആക്രമണത്തിന്റെയും ഗൂഢാലോചനയുടെ ഇരുണ്ട ഇടനാഴികളിലേക്ക് അന്വേഷണത്തിന്റെ വെളിച്ചമെത്താറില്ല. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് പോലും വ്യത്യസ്ത നിഗമനങ്ങള്‍ നിലനില്‍ക്കെ ഇത്തരം അതിക്രമങ്ങളുടെ തായ്‌വേരോളം ചികയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ ദുഷ്പ്രവണതകളെ മുളയിലേ നുള്ളാനാകൂ. ലോകത്തിന്റെ സുരക്ഷയെന്നാല്‍ പാശ്ചാത്യരുടെ സുരക്ഷയാണെന്ന ഗതി മാറണം. ഭീകരവിരുദ്ധ ദൗത്യം മറ്റൊരു ഭീകരതയാകുന്നതാണ് ലോകത്തിന്റെ അനുഭവം. ഭൗമ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് എല്ലാ സൈനിക, നയതന്ത്ര ഇടപെടലും ഉണ്ടാകാറുള്ളത്. ഇത് പുതിയ ഭീകരരെ സൃഷ്ടിക്കുകയേ ഉള്ളൂ.

Latest