Connect with us

Articles

ഇസില്‍: പുതിയ ബന്ധുക്കള്‍; പഴയ ശത്രുക്കള്‍

Published

|

Last Updated

ഇസില്‍ തീവ്രവാദി സംഘത്തെക്കുറിച്ചുള്ള ചര്‍ച്ചകളാല്‍ മുഖരിതമാണ് മാധ്യമ ലോകം. ദേശീയതലത്തില്‍ ഈ വിഷയം സജീവ ചര്‍ച്ചയിലേക്ക് വരുന്നത് ഡോ. സാകിര്‍ നായിക്കിനെ മുന്‍നിര്‍ത്തിയാണെങ്കില്‍ കേരളത്തില്‍ ഏതാനും യുവാക്കളുടെ തിരോധാനത്തിന്റെ ചുവടുപിടിച്ചാണ് ചര്‍ച്ചകള്‍ക്ക് തീപിടിക്കുന്നത്. ഈ കോലാഹലങ്ങളുടെ കേന്ദ്രബിന്ദുവില്‍ നില്‍ക്കുന്ന രണ്ട് വിഷയങ്ങളുടെയും നിജസ്ഥിതി ഇനിയും പുറത്ത് വന്നിട്ടില്ല എന്നതാണ് കൗതുകകരമായ കാര്യം. സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ തീവ്രവാദത്തിന് പ്രചോദനമാകുന്നുണ്ടോയെന്ന് ഔദ്യോഗികമായി തീര്‍ച്ചപ്പെട്ടിട്ടില്ല. കേരളത്തില്‍ നിന്ന് യുവാക്കള്‍ പുറപ്പെട്ട് പോയിരിക്കുന്നത് ഇസിലില്‍ ചേരാന്‍ തന്നെയാണോ എന്നതിനും തെളിവില്ല. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന വിശകലനങ്ങളും സംവാദങ്ങളും ചില വസ്തുതകളെ പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. തീവ്രവാദത്തിന്റെ തായ്‌വേര് കിടക്കുന്നത് മതപരിഷ്‌കരണ നാട്യങ്ങളിലാണ് എന്ന് മുഖ്യധാരയിലുള്ളവരെന്ന് വിളിക്കപ്പെടുന്ന ചിന്തകരും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും വ്യക്തമായി പറഞ്ഞു എന്നതാണ് പ്രധാന കാര്യം. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍ പറയുന്നു: “ഇസില്‍ സംഘം മദീന ആക്രമിക്കുന്നത് അവരുടെ ലക്ഷ്യവും മാര്‍ഗവും പ്യൂരിറ്റന്‍ ഇസ്‌ലാമാണെന്നത് കൊണ്ടാണ്.” സാകിര്‍ നായിക്കിനെ കുറിച്ചുള്ള സംവാദങ്ങളിലത്രയും നിറഞ്ഞത് അദ്ദേഹം മതപരിഷ്‌കരണ പ്രത്യയ ശാസ്ത്രത്തില്‍ നിലകൊള്ളുന്നുവെന്നതാണ്. ഇസ്‌ലാമിക പാരമ്പര്യത്തോടുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും തര്‍ക്കങ്ങളിലൂടെ മതപ്രചാരണമെന്ന ആവിഷ്‌കാരത്തിന്റെ അര്‍ഥശൂന്യതയുമാണ് വിചാരണ ചെയ്യപ്പെട്ടത്. ഇസില്‍ ഭീതിയുടെ ആനുകൂല്യത്തില്‍ അപകടകരമായ മുസ്‌ലിം വിദ്വേഷം പടര്‍ത്താനുള്ള സംഘപരിവാര്‍ സംഘടനകളുടെ ശ്രമം ചെറുക്കാന്‍ മതേതര ചേരി ഒറ്റക്കെട്ടായി രംഗത്തു വന്നുവെന്നതാണ് രണ്ടാമത്തെ കാര്യം. തീവ്രവാദത്തിന്റെ പ്രഭവ സ്ഥാനം വഹാബി, നവസലഫി ആശയധാരയാണെന്ന് സ്ഥാപിക്കപ്പെടുമ്പോള്‍ മൗദൂദിസം താത്കാലികമായെങ്കിലും കുറ്റവിമുക്തമാക്കപ്പെടുന്നുവെന്നതാണ് മറ്റൊരു വസ്തുത. ഇസില്‍ ഇന്ത്യയുടെ പടിവാതില്‍ക്കലെത്തിയിരിക്കുന്നുവെന്ന ഭീതി പരത്താന്‍ തത്പര കക്ഷികള്‍ക്ക് സാധിക്കുകയും ചെയ്തു.
അബൂബക്കര്‍ ബഗ്ദാദി നേതൃത്വം കൊടുക്കുന്നുവെന്ന് പറയുന്ന തീവ്രവാദ സംഘടനയുടെ പേരിലെ രാഷ്ട്രീയം പോലും മുഖ്യധാരാ മാധ്യമങ്ങള്‍ കണക്കിലെടുക്കുന്നില്ലെന്നും ഇതിനിടക്ക് വ്യക്തമാകുന്നുണ്ട്. സാമ്രാജ്യത്വ, സയണിസ്റ്റ് ദാസ്യം വിദഗ്ധമായി മറച്ചു വെക്കാനാണ് തീവ്രവാദികള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന സംജ്ഞ വികസിപ്പിച്ചെടുത്തത്. ആദ്യപേര് ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് എന്നായിരുന്നു. പിന്നെ ഇവര്‍ “ഖിലാഫത്ത്” പ്രഖ്യാപിച്ചു. മുസ്‌ലിംകള്‍ക്ക് അങ്ങേയറ്റം വൈകാരിക അടുപ്പം അനുഭവപ്പെടുന്ന, ചരിത്രത്തിലുടനീളം വേരുകളുള്ള സംവിധാനമാണ് ഖിലാഫത്ത്. ക്രൂരതയുടെ നേര്‍ രൂപമായ തീവ്രവാദികളുടെ ഖിലാഫത്ത് പ്രഖ്യാപനം വെറും തമാശ മാത്രമാണ്. ഖിലാഫത്ത് പ്രഖ്യാപനം മാത്രമല്ല ഇവര്‍ നടത്തിയത്. ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് പേര് ചുരുക്കിയെന്നും പ്രഖ്യാപിച്ചു. പേരിലെ ഇസ്‌ലാം തന്നെ വലിയ അതിക്രമമാണെന്നിരിക്കെ ഇവരെ ഐ എസ് എന്ന് വിളിക്കുമ്പോള്‍ ഇവര്‍ സങ്കല്‍പ്പിച്ചെടുത്ത ഖിലാഫത്തിനെ ശരിവെക്കുകയാണ് ചെയ്യുന്നത്.
ഇസില്‍ സംഘത്തിന്റെ പിടിയിലുണ്ടായിരുന്ന പ്രദേശങ്ങള്‍ ഒന്നൊന്നായി മോചിതമാകുന്ന ഘട്ടത്തിലാണ് ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഇസില്‍ ഭീതി ശക്തമാകുന്നത് എന്നതാണ് മറ്റൊരു വസ്തുത. ഇസില്‍ സംഘത്തിനെതിരെ സിറിയയിലും ഇറാഖിലും ചില നിര്‍ണായക സൈനിക വിജയങ്ങള്‍ നേടാന്‍ ഈയിടെ സാധിച്ചിട്ടുണ്ട്. ഇറാഖിലെ റമാദിയില്‍ നിന്ന് അവരെ തുരത്താന്‍ സാധിച്ചു. ഖിലാഫത്ത് പ്രഖ്യാപനമെന്ന അധികപ്രസംഗത്തിന് ശേഷം ഇസില്‍ തീവ്രവാദികള്‍ “ഭരണസംസ്ഥാപനം” നടത്തിയ പ്രദേശങ്ങളിലൊന്നാണ് റമാദി. ഇവര്‍ ഭരിക്കാന്‍ തുടങ്ങിയാല്‍ എന്താണ് സംഭവിക്കുകയെന്ന് ലോകത്തിന് വ്യക്തമായത് ഇവിടെ നിന്നാണ്. കൊള്ളമുതല്‍ സൂക്ഷിക്കാനുള്ള ഇടമായിരുന്നു ഇവര്‍ക്ക് ഈ ഭൂവിഭാഗം. അതിക്രൂരമായ മനുഷ്യക്കുരുതികള്‍ക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചു. അമേരിക്കന്‍ സൈന്യത്തിന്റെ വ്യോമ പിന്തുണയോടെ ഇറാഖ് സൈന്യം റമാദി തിരിച്ചു പിടിച്ചതോടെ സാവധാനം അവിടെ നിയമവാഴ്ച സാധ്യമാകുകയാണ്.
സിറിയയിലെ പുരാതന നഗരമായ പാല്‍മിറയില്‍ നിന്ന് ഇസില്‍ ഭീകരവാദികളെ തുരത്തി ബശര്‍ അല്‍ അസദിന്റെ സൈന്യം നിയന്ത്രണം ഏറ്റെടുത്തത് വലിയ മുന്നേറ്റമാണ്. സിറിയയിലെ തന്നെ വടക്കന്‍ അലപ്പോ മേഖലയിലും ഇസിലിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇവിടെ ഫ്രീ സിറിയന്‍ ആര്‍മിയെന്ന് വിളിക്കപ്പെടുന്ന വിമത സൈനികരാണ് ഇസില്‍ തീവ്രവാദികളെ വെല്ലുവിളിച്ചത്. കൊബാനി മേഖലയിലും ഇറാഖിലെ സിന്‍ജാര്‍ തുടങ്ങിയ മേഖലയിലും കുര്‍ദ് സംഘങ്ങളാണ് ഇസിലിനെതിരെ പട നയിക്കുന്നത്. ഇങ്ങനെ വിവിധ കോണില്‍ നിന്നുള്ള നീക്കങ്ങള്‍ക്കിടെ ഇസില്‍ സംഘം വല്ലാതെ പ്രതിരോധത്തിലാകുന്നുണ്ട്. ഇറാഖിലെ മൂസ്വിലിലും സിറിയയിലെ റഖയിലും മാത്രമാണ് ഇപ്പോള്‍ ഇസിലിന് ആത്യന്തിക ആധിപത്യമുള്ളത്. എണ്ണ സമ്പന്ന കേന്ദ്രങ്ങളെല്ലാം നഷടപ്പെടുന്നത് ഇവരുടെ സാമ്പത്തിക ശക്തിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഈ സംഘത്തെ പൂര്‍ണമായി തുരത്താന്‍ സാധിക്കാത്തതിന് ഒരേയൊരു കാരണം സാമ്രാജ്യത്വ ശക്തികളുടെ ഇടുങ്ങിയ ഭൗമ രാഷ്ട്രീയം മാത്രമാണ്. സിറിയയില്‍ ബശര്‍ അല്‍ അസദിനെ താഴെയിറക്കുകയാണ് അമേരിക്കന്‍ ചേരിയുടെ അടിസ്ഥാന ലക്ഷ്യം. ഇസിലിനെ അവിടെ നിന്ന് തുടച്ചുനീക്കിയാല്‍ അസദ് കൂടുതല്‍ ശക്തനാകുമെന്ന് അവര്‍ കരുതുന്നു. കുര്‍ദുകളെ ഇസില്‍വിരുദ്ധ ദൗത്യത്തില്‍ ഉപയോഗിക്കുന്നത് തുര്‍ക്കിക്ക് രസിച്ചിട്ടില്ല. സഊദി അറേബ്യ ഇപ്പോഴും ഇസിലിനെതിരെ ഉറച്ച നിലപാട് കൈകൊണ്ടിട്ടുണ്ടെന്ന് പറയനാകില്ല. ശിയാ- സുന്നി വിഭജനം പൊലിപ്പിച്ച് നിര്‍ത്താന്‍ അമേരിക്ക ശ്രമിക്കുന്നത് കൊണ്ടാണിത്. ഇറാനുമായുള്ള ആണവ കരാറിന് ശേഷം യു എസ്, ശിയാ രാഷ്ട്രത്തോട് അല്‍പ്പം ചാഞ്ഞാണിരിക്കുന്നത്. ശീതയുദ്ധങ്ങളുടെ അടിയൊഴുക്ക് ഇല്ലാതിരിക്കുകയും അതത് രാജ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍ ഇസിലിനെ എന്നേ ലെവന്തില്‍ നിന്ന് തുരത്താനാകുമായിരുന്നു.
സ്‌നോഡനെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇസിലിന്റെ പിറവിയില്‍ ഇസ്‌റാഈല്‍ ചാര സംഘടനക്കുള്ള പങ്ക് വ്യക്തമാക്കിയതും ഈ ഘട്ടത്തിലാണ്. കുടത്തില്‍ നിന്ന് പുറത്ത് വിട്ട ഭൂതത്തെ തിരികെക്കയറ്റാനുള്ള പെടാപാട് മാത്രമാണ് സാമ്രാജ്യത്വത്തിന്റെ ഭീകരവിരുദ്ധ ദൗത്യമെന്ന് വ്യക്തമാകുകയാണ്. ഇത്തരം ദൗത്യങ്ങളിലൂടെ അവര്‍ക്ക് ഒരുപാട് ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുണ്ടല്ലോ. താലിബാന്റെയും അല്‍ ഖാഇദയുടെയും കാര്യത്തിലും സദ്ദാം ഹുസൈന്റെ കാര്യത്തിലടക്കം അതാണല്ലോ സംഭവിച്ചത്.
കാലിനടിയിലെ മണ്ണ് ഒലിച്ചു പോകുമ്പോള്‍ ഇസില്‍ തീവ്രവാദികള്‍ പുതിയ ലാവണങ്ങള്‍ തേടുന്നുവെന്നതിന്റെ തെളിവാണ് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ അതീവ സുരക്ഷാ നയതന്ത്ര മേഖലയില്‍ നടന്ന ആക്രമണവും അതിന്റെ ഉത്തരവാദിത്വമേറ്റ് ഇസിലിന്റെ രംഗപ്രവേശവും. ബംഗ്ലാദേശ് ആവര്‍ത്തിച്ചു പറയുന്നു, ആഭ്യന്തര തീവ്രവാദി സംഘടനയായ ജമാഅത്തുല്‍ മുജാഹിദ് ആണ് 20 പേരുടെ മരണത്തിന് വഴിവെച്ച ആക്രമണത്തിന് പിന്നിലെന്ന്. അത് സത്യമാണ്. കാരണം പ്രാദേശിക ഗ്രൂപ്പുകളെ തങ്ങളുടെ ഭാഗമാക്കുകയാണ് ഇസിലിന്റെ പുതിയ തന്ത്രം. ഇത്തരം സംഘടനകളുടെ വിളനിലമായി ബംഗ്ലാദേശ് മാറിയതിന്റെ ഉത്തരവാദിത്വം ജമാഅത്തെ ഇസ്‌ലാമിക്കും അതുള്‍ക്കൊള്ളുന്ന ബംഗ്ലാദേശ് നാഷനല്‍ പാര്‍ട്ടി സഖ്യത്തിനുമാണ്. ഇപ്പോള്‍ ഈ സഖ്യം പ്രതിപക്ഷത്താണ്. ഖാലിദ സിയയുടെ നേതൃത്വത്തില്‍ ഇവര്‍ ഭരിച്ചപ്പോള്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെല്ലാം വളം വെച്ചു കൊടുത്തു. സഖ്യത്തിനകത്ത് തന്നെ തീവ്രവാദികളുള്ളപ്പോള്‍ ഖാലിദ ഫലപ്രദമായ നടപടിക്ക് അശക്തയായിരുന്നു.
ശേഖ് ഹസീനയുടെ അവാമി ലീഗ് അധികാരത്തിലെത്തിയതോടെ കാറ്റ് മാറി വീശി. 1971ലെ സ്വാതന്ത്ര്യ സമര കാലത്ത് പാക് പക്ഷം ചേര്‍ന്ന് ജമാഅത്തെ ഇസ്‌ലാമി നടത്തിയ കൂട്ടക്കൊലകളും മറ്റ് യുദ്ധക്കുറ്റങ്ങളും രാഷ്ട്രീയമായ കാര്‍ക്കശ്യത്തോടെ വിചാരണ ചെയ്യപ്പെട്ടു. മുജീബുര്‍റഹ്മാന്റെ മകളായ ഹസീനക്ക് അത് വ്യക്തിപരമായ പകപോക്കല്‍ കൂടിയായിരുന്നു. മുതീഉര്‍ഹ്മാന്‍ നിസാമി അടക്കം നിരവധി ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റി. ഓരോ ട്രൈബ്യൂണല്‍ വിധിക്ക് പിറകേയും ബംഗ്ലാദേശില്‍ കലാപങ്ങള്‍ അരങ്ങേറി. ജമാഅത്തെ ഇസ്‌ലാമിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശാബാഗ് ചത്വരത്തില്‍ ജനാധിപത്യ പ്രക്ഷോഭകര്‍ ഇരച്ചെത്തിയപ്പോഴും രാജ്യം അശാന്തമാകുകയായിരുന്നു. ഹസീന സര്‍ക്കാര്‍ കൈക്കൊണ്ട “സെക്യുലര്‍” ശാഠ്യങ്ങളെ മതവിരുദ്ധമായി ചിത്രീകരിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമി വിജയിച്ചതോടെ സ്ഥിതി കൂടുതല്‍ വഷളായി. “ഇസ്‌ലാം അപകടത്തില്‍” എന്ന ധാരണയാണ് പ്രസരിപ്പിക്കപ്പെട്ടത്. 2013ന് ശേഷം 40 മതനിരപേക്ഷ ബ്ലോഗര്‍മാരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാല അധ്യാപകര്‍, സ്വവര്‍ഗ അനുരാഗികള്‍, എഴുത്തുകാര്‍, പ്രസാധകര്‍, ഹിന്ദു, സിഖ് ന്യൂനപക്ഷങ്ങള്‍. മനുഷ്യര്‍ മരിച്ചു വീഴുമ്പോള്‍ നിസ്സഹായമായി നില്‍ക്കുകയാണ് ഹസീന സര്‍ക്കാര്‍. ഈ അരാജകത്വത്തിന്റെ ഉപോത്പന്നമാണ് പല പേരില്‍ പ്രത്യക്ഷപ്പെടുന്ന തീവ്രവാദി ഗ്രൂപ്പുകള്‍.
എന്ത്‌കൊണ്ട് ബംഗ്ലാദേശ് എന്ന ചോദ്യം പ്രസക്തമാണ്. ലോക മുസ്‌ലിം ജനതയുടെ നാലിലൊന്ന് അധിവസിക്കുന്ന തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കുള്ള കാലൂന്നിയാണ് ബംഗ്ലാദേശ്. പാക്കിസ്ഥാനിലേക്ക് ചാഞ്ഞ് ഖാലിദാ സിയയും ഇന്ത്യയോടൊട്ടി ശേഖ് ഹസീനയും നിലയുറപ്പിക്കുമ്പോള്‍, ഈ രണ്ട് പെണ്ണുങ്ങളും ചേര്‍ന്ന് ബംഗ്ലാദേശിനെ മറ്റൊരു പരാജിത രാഷ്ട്രമാക്കുകയാണ്. തീവ്രവാദി വേട്ടക്കിറങ്ങിയ ഹസീനയുടെ പോലീസ് പിടിച്ചു കൊണ്ടുവന്നതില്‍ നല്ല പങ്കും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ബി എന്‍ പിയുടെ പ്രവര്‍ത്തകരായിരുന്നു.
തെക്ക് കിഴക്കന്‍ ഏഷ്യയിലേക്കുള്ള ഇസിലിന്റെ കടന്നു കയറ്റത്തിന് കുറഞ്ഞ വേഗമേയുള്ളൂ. കൊളോണിയല്‍ കാലത്തെ വിവിധ സായുധ ഗ്രൂപ്പുകള്‍ ഇസ്‌ലാമിസ്റ്റ് സംഘങ്ങളായി പരിണമിച്ചു കൊണ്ടിരിക്കുകയാണ്. 2002ലെ ബാലി സ്‌ഫോടനം ഈ പരിണാമത്തിന്റെ ഏറ്റവും ഭീകരമായ തെളിവായിരുന്നു. അല്‍ഖാഇദാ ബന്ധമുള്ള ജമാഅത്ത് ഇസ്‌ലാമിയ്യ ആയിരുന്നു 202 പേരുടെ ജീവനെടുത്ത ഈ കൂട്ടക്കുരുതിയുടെ ഉത്തരവാദിത്വം ഏറ്റത്. ക്വലാലംപൂരില്‍ കഴിഞ്ഞ ആഴ്ച നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നില്‍ ഇസില്‍ ശാഖയാണെന്ന് മലേഷ്യന്‍ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. ഫിലിപ്പൈന്‍സില്‍ അബൂ സയ്യാഫ് ഗ്രൂപ്പ് ഇസിലിനോട് കൂറ് പ്രഖ്യാപിച്ചു കഴിഞ്ഞു. സോമാലിയയില്‍ അല്‍ ശബാബ്, നൈജീരിയയില്‍ ബോക്കോ ഹറാം; മിക്ക രാജ്യങ്ങളിലും അവിടുത്തെ ചെറു ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ച് പുതിയ ആക്രമണ മുന്നണികള്‍ സൃഷ്ടിക്കുകയാണ് ഇസില്‍. മുസ്‌ലിംകള്‍ ഗണ്യമായ തോതില്‍ താമസിക്കുന്ന രാജ്യങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക വഴി സാമ്രാജ്യത്വത്തോടുള്ള വാക്ക് പാലിക്കുകയാണ് ഈ നരാധമന്‍മാര്‍.
ഈ സാഹചര്യത്തില്‍ ഇസിലിനെ കുറിച്ചുള്ള സത്യം നിരന്തരം ആവര്‍ത്തിക്കേണ്ടിയിരിക്കുന്നു. എല്ലാ അര്‍ഥത്തിലും മുസ്‌ലിംകളാണ് ഇവരുടെ ശത്രുക്കള്‍. പാരമ്പര്യത്തില്‍ നിന്ന് അടര്‍ത്തി മാറ്റിയും പുണ്യ കേന്ദ്രങ്ങള്‍ മുഴുവന്‍ തുടച്ചു നീക്കിയും മതാധ്യാപനങ്ങളെ വളച്ചൊടിച്ചും ഓണ്‍ലൈനില്‍ മാത്രം നിലനില്‍ക്കുന്ന ഒന്നായി വിശുദ്ധ മതത്തെ അധഃപതിപ്പിക്കാനുള്ള ക്വട്ടേഷനാണ് ഇവര്‍ സാമ്രാജ്യത്വ, സയണിസ്റ്റ് കൂട്ടുകെട്ടില്‍ നിന്ന് സ്വീകരിച്ചിട്ടുള്ളത്. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയധാര നടപ്പാക്കാനായി സത്യനിഷേധം ആരോപിച്ച് നിഷ്‌കളങ്കരായ മനുഷ്യരെ കൊന്നു തള്ളിയ സഊദ് രാഷ്ട്രീയത്തിലാണ് ഇക്കൂട്ടരുടെ മാതൃക. ഇവരുടെ ഖിലാഫത്ത് മൗദൂദിയുടെ മതരാഷ്ട്ര പരികല്‍പ്പനയുടെ ഏറ്റവും ദുര്‍ബലമായ ആവിഷ്‌കാരം മാത്രമാണ്. പണ്ഡിതരെയും ഇമാമുമാരെയും തള്ളിപ്പറഞ്ഞ് ഇന്‍ഡിപെന്‍ഡന്റ് റീസണിംഗിന്റെ അരാജകത്വത്തിലേക്ക് മതത്തെ വലിച്ചു കൊണ്ടു പോകുന്നവരും സങ്കലിത സമൂഹത്തില്‍ തികച്ചും അപ്രായോഗികമായ മതരാഷ്ട്രവാദം എഴുന്നള്ളിക്കുന്നവരുമായ മുഴുവന്‍ പേരും തെരുവിലെ ചോരക്ക് ഉത്തരവാദികളാണ്. പുതിയ കാലത്തിന്റെ സങ്കേതങ്ങളില്‍ അഭിരമിക്കുന്ന യുവാക്കള്‍ ഓണ്‍ലൈന്‍ മുഫ്തിമാരുടെ പുറത്തേക്ക് വാതിലുകളില്ലാത്ത കോട്ടയില്‍ അകപ്പെടാതിരിക്കട്ടെ.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

---- facebook comment plugin here -----

Latest