Connect with us

Kerala

യു.ഡി.എഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി

Published

|

Last Updated

കോട്ടയം: യു.ഡി.എഫ് വിടണമെന്ന് കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ അഭിപ്രായം. യോഗത്തില്‍ ഭൂരിപക്ഷം പേരും യു.ഡി.എഫ് വിടണമെന്ന അഭിപ്രായത്തോട് യോജിച്ചു. ബാര്‍കോഴ കേസില്‍ കെഎം മാണിയെ ഒറ്റപ്പെടുത്തിയതിനെതിരായ വികാരമാണ് പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി വഞ്ചിച്ചുവെന്നും വഞ്ചകരുടെ കൂടെ തുടരേണ്ടതില്ലെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. ബജറ്റ്, ബാര്‍ കോഴ വിഷയങ്ങളില്‍ മാണിയെ ഒറ്റപ്പെടുത്തി. മാണിയുടെ ബജറ്റിനെ വിമര്‍ശിച്ചവര്‍ ഐസക്കിന്റെ ബജറ്റിനെപ്പറ്റി ഒന്നും മിണ്ടുന്നില്ലെന്നും സമിതി അംഗങ്ങള്‍ കുറ്റപ്പെടുത്തി.

അതേസമയം, ബാര്‍കോഴകേസിലെ ഗൂഡാലോചന പുറത്ത് പറയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഗൂഡാലോചന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടാല്‍ അത് മുന്നണിക്ക് വിഷമമാകുമെന്ന് കെ എം മാണി പറഞ്ഞു. പാര്‍ട്ടിക്ക് സത്യാവസ്ഥ മനസിലാകുന്നതിന് വേണ്ടിയാണ് അന്വേഷണം നടത്തിയതെന്നും ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിടുന്നത് യുഡിഎഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നും മാണി ചൂണ്ടിക്കാട്ടി. ബാര്‍കോഴ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യില്ലെന്നും കെ എം മാണി പറഞ്ഞു.

ഇന്ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ വിവാദ വിഷയങ്ങള്‍ ചര്‍ച്ചയായി. പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്ന് മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്നും സി.എഫ് തോമസ് കോട്ടയത്ത് പറഞ്ഞു. കേരള കോണ്‍ഗ്രസിന് ആരെയും ഭയപ്പെടാനില്ല. ശക്തമായി മുന്നോട്ടുപോകുമെന്നും സി.എഫ് തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബാര്‍കോഴ കേസിലെ ഗൂഢാലോചന സംബന്ധിച്ച് അടുത്തിടെ കേരളാ കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസ് ഒറ്റുകാരുടെ കൂട്ടമാണെന്നും കപട സൗഹാര്‍ദ്ദം കാട്ടി ബാര്‍ കോഴ നാടകത്തില്‍ വേഷമിട്ടവര്‍ക്ക് യോജിക്കുന്നത് ബ്രൂട്ടസിന്റെ വേഷമാണെന്നും പ്രതിച്ഛായയിലെ ലേഖനത്തില്‍ വിമര്‍ശിച്ചിരുന്നു. ബിജു രമേശിന്റെ മകളുടെ വിവാഹത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശമം. വിവാഹവേദിയില്‍ ഒത്തുകൂടിയവരെ കാണുമ്പോള്‍ ഒറ്റുകാരുടെ കൂടിയാട്ടം എന്ന് ജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ലെന്നും പ്രതിച്ഛായ അഭിപ്രായപ്പെട്ടിരുന്നു.

ബാര്‍കോഴ കേസില്‍ മാണിക്കെതിരെ തുടരന്വേഷണം വേണ്ടെന്ന് വിജിലന്‍സ് ഈ മാസം 12 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണം ആകാമെന്നും എന്നാല്‍ ഇപ്പോള്‍ അത്തരം സാഹചര്യം ഇല്ലെന്നും വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്ത മാസം 12 ലേക്ക് മാറ്റിയിരിക്കുകയാണ്.

Latest