Connect with us

International

തുര്‍ക്കി അട്ടിമറിക്ക് പിന്നില്‍ അമേരിക്കയെന്ന്; ആരോപണം തള്ളി ജോണ്‍ കെറി

Published

|

Last Updated

വാഷിംഗ്ടണ്‍: തുര്‍ക്കിയില്‍ പരാജയപ്പെട്ട സൈനിക അട്ടിമറി നീക്കത്തിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളാണെന്ന ആരോപണങ്ങളെ യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി നിഷേധിച്ചു. ഇത്തരത്തിലുള്ള ചില പ്രചാരണങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധങ്ങള്‍ക്ക് അപകടം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. അങ്കാറയില്‍ നടന്ന അട്ടിമറി ശ്രമങ്ങളെ കുറിച്ചുള്ള അന്വേഷണത്തില്‍ തുര്‍ക്കിക്ക് അമേരിക്കയുടെ സഹായമുണ്ടാകും. എന്നാല്‍ അട്ടിമറിക്ക് പിന്നില്‍ തങ്ങളാണെന്ന ചിലരുടെ വാദം അമേരിക്കയുടെയും തുര്‍ക്കിയുടെയും നയതന്ത്ര ബന്ധങ്ങളെ വരെ ബാധിച്ചേക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അട്ടിമറി ശ്രമം പരാജയപ്പെട്ട വാര്‍ത്ത പുറത്തുവന്ന ഉടനെ ജോണ്‍ കെറി തുര്‍ക്കി വിദേശകാര്യ മന്ത്രിയെ വിളിച്ചിരുന്നു. തുര്‍ക്കിയില്‍ ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് അമേരിക്കയുടെ സഹായം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അട്ടിമറി ശ്രമങ്ങളെ പരാജയപ്പെടുത്തിയ തുര്‍ക്കിയിലെ സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അമേരിക്കയുടെ സഹായമുണ്ടാകുമെന്നും അദ്ദേഹം ഫോണിലൂടെ അറിയിച്ചിരുന്നു. അട്ടിമറി ശ്രമം നടന്നതിന് ശേഷം അമേരിക്കക്കെതിരെ പ്രസ്താവനയുമായി തുര്‍ക്കി തൊഴില്‍ മന്ത്രി സുലൈമാന്‍ സോയ്‌ലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നില്‍ അമേരിക്കയുടെ കരങ്ങളുണ്ടെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

Latest