Connect with us

National

സുനന്ദ പുഷ്‌ക്കറിന്റെ മരണം:മെഹര്‍ തരാറിനെ ചോദ്യം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: എം.പിയും മുന്‍മന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്‌തെന്ന് റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിനായി മൂന്ന് മാസം മുന്‍പ് തരാര്‍ ഇന്ത്യയിലെത്തിയിരുന്നുവെന്നും സെന്‍ട്രല്‍ ഡല്‍ഹിയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യലെന്നും ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 2015 ഡിസംബറില്‍ അന്വേഷണത്തില്‍ സഹകരിക്കണമെന്ന് മെഹറിനോട് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടിരുന്നു.

വളരെ രഹസ്യമായിരുന്നു തരാറിന്റെ ഇന്ത്യയിലേക്കുള്ള വരവ്. പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇക്കാര്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നുളളൂ.ഇന്ത്യയിലെത്തിയ മെഹര്‍ തരാറിനെ ആഡംബര ഹോട്ടലില്‍ വച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയായിരുന്നു. ശശി തരൂരുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്ന മാധ്യമ പ്രവര്‍ത്തക നളിനി സിങ്ങിന്റെ ആരോപണങ്ങള്‍ മെഹര്‍ നിഷേധിച്ചു. തരൂരിന് ഇമെയില്‍, ബ്ലാക്ക്‌ബെറി (ബിബിഎം) സന്ദേശങ്ങള്‍ കൈമാറിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ശശി തരൂരും മെഹര്‍ തരാറുമായി ബന്ധമുണ്ടെന്നും അവരയച്ച ബിബിഎം സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ സുനന്ദ തന്റെ സഹായം തേടിയിരുന്നുവെന്നും നളിനി സിങ് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയിരുന്നു.

2014 ജനുവരി 17നാണ് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യയായ സുനന്ദ പുഷ്‌കറിനെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശശി തരൂരുമായി മെഹര്‍ തരാറിന് ബന്ധമുണ്ടെന്ന് ആരോപിച്ച് സുനന്ദ പുഷ്‌കര്‍ ട്വിറ്ററിലൂടെ രംഗത്തെത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹര്‍ തരാറും ശശി തരൂരും തമ്മില്‍ കൈമാറിയ സന്ദേശങ്ങള്‍ ലഭിക്കാന്‍ സഹായിക്കണമെന്ന് സുനന്ദ തന്നോട് ആവശ്യപ്പെട്ടിരുന്നതായി മാധ്യമ പ്രവര്‍ത്തക നളിനി സിങ് മജിസ്‌ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിരുന്നു.