Connect with us

Gulf

ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ സൈപ്രസ് കമ്പനിക്ക്‌

Published

|

Last Updated

ദോഹ: ഫിഫ ലോകകപ്പിനുള്ള ഖത്വര്‍ ഫൗണ്ടേഷന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ കരാര്‍ സൈപ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യോഹാന്നു ആന്‍ഡ് പരസ്‌കിവൈ്യദസ് (ജെ ആന്‍ഡ് പി) കമ്പനിക്ക്. അത്യാധുനിക ശീതികരണ സാങ്കേതികവിദ്യയില്‍ നിര്‍മിതമാകുന്ന സ്റ്റേഡിയത്തില്‍ നാല്‍പ്പതിനായിരം കാണികളെ ഉള്‍ക്കൊള്ളും. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുക.
സങ്കീര്‍ണ ജ്യോമെട്രിക്കല്‍ പാറ്റേണിലൂടെ പ്രകാശം അരിച്ചെത്തുന്ന രീതിയില്‍ അതിനൂതനവും അപൂര്‍വവുമായ സങ്കേതം ഉപയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ രൂപകല്പന തയ്യാറാക്കിയത്. എജുക്കേഷന്‍ സിറ്റിയിലാണ് സ്റ്റേഡിയം നിര്‍മിക്കുക. ആര്‍ എഫ് എ ഫെന്‍വിക്ക് ഇരിബാരന്‍ ആര്‍ക്കിടെക്ട്‌സ് ആണ് ഡിസൈന്‍ കണ്‍സള്‍ട്ടന്റ്. അസ്റ്റഡ് പ്രൊജക്ട് മാനേജ്‌മെന്റ് ആണ് പ്രൊജക്ട് മാനേജര്‍. സ്റ്റേഡിയത്തിന്റെയും അനുബന്ധ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ്സ് സെന്ററിന്റെയും പുരോഗതി മേല്‍നോട്ടം ഖത്വര്‍ ഫൗണ്ടേഷന്‍ കാപിറ്റല്‍ പ്രൊജക്ട്‌സ് ഡയറക്ടറേറ്റിനാണ്. ശനിയാഴ്ചയാണ് കണ്‍ഫര്‍മേഷന്‍ ലെറ്റര്‍ ലഭിച്ചതെന്നും ഔദ്യോഗിക രേഖ അടുത്തയാഴ്ച ലഭിക്കുമെന്നും അതിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നും കണ്‍സ്ട്രക്ഷന്‍ വീക് റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിക് വാസ്തുവിദ്യ പ്രകാരമുള്ള ഘടനയാണ് സ്റ്റേഡിയത്തിന്റെത്. അകവും പുറവും അര്‍സുതാര്യമായ ത്രികോണാകൃതിയിലുള്ള പാനലുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കും. ഇവയുടെ നിറവും ക്രമവും സൂര്യനെ അടിസ്ഥാനമാക്കി ദിവസത്തിലുടനീളം മാറിക്കൊണ്ടിരിക്കും. സ്റ്റേഡിയത്തിനുള്ളില്‍ നടക്കുന്ന പരിപാടികളുടെ പ്രതിഫലനമെന്നോണം കൃത്രിമ പ്രകാശ സംവിധാനവും ഈ നിറംമാറ്റത്തിന് സഹായകരമാകും. 2019 അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കും.

Latest