Connect with us

Gulf

ഖത്വര്‍ ഇസ്‌ലാമിക് ബേങ്കിന് മികച്ച നേട്ടം

Published

|

Last Updated

ദോഹ: രാജ്യത്തെ പ്രമുഖ ഇസ്‌ലാമിക് ബേങ്കായ ഖത്വര്‍ ഇസ്‌ലാമിക് ബേങ്കിന് രണ്ടാം പാദവര്‍ഷത്തിലെ അറ്റാദായത്തില്‍ 13.7 ശതമാനം ഉയര്‍ച്ച. ഇന്നലെയാണ് ബേങ്ക് സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ മൂന്നു മാസത്തെ പ്രവര്‍ത്തനത്തില്‍ 526.6 ദശലക്ഷം റിയാലിന്റെ ലാഭ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 494.7 ദശലക്ഷം റിയാലായിരുന്നു അറ്റാദായം. റോയിട്ടേഴ്‌സാണ് മുന്‍ റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തി വിവരം പ്രസിദ്ധപ്പെടുത്തിയത്. നേരത്തേ സാമ്പത്തിക നിരീക്ഷണ സ്ഥാപനങ്ങള്‍ നടത്തിയ പ്രവചനങ്ങളെ മറികടക്കുന്ന നേട്ടമാണ് ബേങ്ക് കൈവരിച്ചത്. 524.3 ദശലക്ഷം റിയാലായിരുന്നു റോയിട്ടേഴ്‌സിന്റെ പ്രവചനം.
ബേങ്കിന്റെ ഈ വര്‍ഷം ആദ്യ ആറു മാസത്തെ അറ്റാദായ 106 കോടി റിയാലാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെതാണ് വളര്‍ച്ചയെന്നും സാമ്പത്തിക റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
അതിനിടെ, രാജ്യത്തെ രണ്ടാമത്തെ വലിയ ബേങ്കായ മശ്‌റഫ് അല്‍ റയാന്‍ ഈ പാദവര്‍ഷത്തെ അറ്റാദായത്തില്‍ 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു. ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് 514 ദശലക്ഷം റിയാലണ് ലാഭം. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അറ്റാദായം 487.6 ദശലക്ഷം ആയിരുന്നു. 509 ദശലക്ഷം റിയാലായിരിക്കു ബേങ്കിന്റെ പ്രവര്‍ത്തന ലാഭമെന്നാണ് നാലു സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിച്ചിരുന്നത്. ഈ വര്‍ഷം ആദ്യ ആറു മാസത്തെ ബേങ്കിന്റെ അറ്റാദായം 105 കോടി റിയാലാണ്. മുന്‍ വര്‍ഷം ഇത് 998 ദശലക്ഷം റിയാല്‍ ആയിരുന്നു. വാര്‍ഷിക അറ്റാദായത്തില്‍ എട്ടു മുതല്‍ പത്തു ശതമാനം വരെ വളര്‍ച്ചയാണ് ബേങ്ക് പ്രതീക്ഷിക്കുന്നത്.