Connect with us

Kerala

മഹല്ലുകളില്‍ പ്രശ്‌നമുണ്ടാക്കുന്നവരെ തിരിച്ചറിയുക: കേരള മുസ്ലിം ജമാഅത്ത്

Published

|

Last Updated

കോഴിക്കോട്: പതിറ്റാണ്ടുകളായി ഒരുമയും ഐക്യവും നിലനില്‍ക്കുന്ന കേരളത്തിലെ മഹല്ലുകളില്‍ പ്രശ്‌നമുണ്ടാക്കുന്ന ചേളാരി വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങള്‍ ഭരണകൂടവും പൊതുസമൂഹവും തിരിച്ചറിയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറേിയറ്റ് ആവശ്യപ്പെട്ടു.
രേഖകളില്‍ കൃത്രിമം കാട്ടിയും വ്യാജ രേഖകള്‍ സൃഷ്ടിച്ചും മഹല്ലുകള്‍ അധീനപ്പെടുത്തുക, കമ്മറ്റി മെമ്പര്‍മാര്‍ അറിയാതെ വഖ്ഫ് ബോര്‍ഡിലും സൊസൈറ്റീസ് ആക്ടനുസരിച്ചു രജിസ്ട്രേഷന്‍ നടത്തുക, സുന്നി പ്രവര്‍ത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക തുടങ്ങി സാമൂഹിക വിരുദ്ധവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളിലൂടെ മഹല്ലുകള്‍ സംഘര്‍ഷഭരിതമാക്കാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. 1989-ല്‍ സമസ്ത പുനഃസംഘടിപ്പിക്കുന്നതിനു മുമ്പേ നിലവിലുള്ള മഹല്ലുകളില്‍ ഇരു വിഭാഗവും സമാധാനപരമായി ഭരണം നടത്തിയിരുന്ന ഇടങ്ങളിലാണ് ഇവര്‍ ഇപ്പോള്‍ കുഴപ്പം സൃഷ്ടിക്കുന്നത്. കക്കോവ്, മൂളപ്പുറം, കരിപ്പൂര്‍ തുടങ്ങിയ മഹല്ലുകളിലെ പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയ ഉദ്യോഗസ്ഥന്മാര്‍ പോലും യഥാര്‍ഥ കുഴപ്പക്കാര്‍ ആരാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. ഇവരുടെ സമ്മേളനങ്ങളില്‍ അണികള്‍ക്ക് നല്‍കിയ പ്രധാന നിര്‍ദേശം സമാധാനമപരമായി നിലനില്‍ക്കുന്ന മഹല്ലുകള്‍ കൈയടക്കി സുന്നി പ്രവര്‍ത്തകരെ ആക്രമിക്കാനാണ്. മുന്‍ ഭരണകാലത്ത് ഏകാധിപത്യപരമായി മഹല്ലുകളില്‍ പ്രശ്‌നമുണ്ടാക്കിയവര്‍ നിരന്തരം പ്രശ്‌നം സൃഷ്ടിച്ച് സുന്നികള്‍ക്ക് നേരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ്. ഇവരുടെ പ്രശ്‌നം മൂലം സംഘര്‍ഷം ഉണ്ടായ സ്ഥലങ്ങളില്‍ പോയി അന്വേഷണം നടത്തുന്ന ഏതൊരാള്‍ക്കും ആരാണ് പ്രശ്‌നക്കാര്‍ എന്ന യാഥാര്‍ഥ്യം മനസ്സിലാവും.
സുന്നികള്‍ എന്നും സമാധാനത്തിനു വേണ്ടി നിലകൊണ്ടവരാണ്. പണ്ട് മുതലേ ഓരോ പ്രദേശത്തെയും നാട്ടുകാര്‍ ഒരുമിച്ച് നിര്‍മ്മിച്ച പള്ളികള്‍ ആണ് ഇവര്‍ പിടിച്ചടക്കാന്‍ ശ്രമിക്കുന്നത്. മഹല്ലുകളും മദ്‌റസകളും പിടിച്ചടക്കാനുള്ള നീക്കം നിയമപരമായി പ്രതിരോധിക്കുമെന്നും കേരള മുസ്ലിം ജമാഅത്ത് സെക്രേട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, കെ എം എ റഹീം, അഡ്വ. എ കെ ഇസ്മാഈല്‍ വഫ സംബന്ധിച്ചു.