Connect with us

Kerala

എല്ലാ സര്‍ക്കാര്‍ ഓഫീസുകളെയും പേപ്പര്‍രഹിതമാക്കുന്നു

Published

|

Last Updated

കണ്ണൂര്‍: സര്‍ക്കാര്‍ ഓഫീസുകളില്‍ പരമ്പരാഗത രീതിയില്‍ ഫയല്‍ കൈകാര്യം ചെയ്യുന്ന രീതിക്ക് മാറ്റം വരുന്നു. സംസ്ഥാനത്തെ ഏത് സര്‍ക്കാര്‍ ഓഫീസുകളിലും എപ്പോള്‍ ചെന്നാലും പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാകുന്ന തരത്തിലേക്ക് ഓഫീസുകളെ മാറ്റിയെടുക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാകുന്നത്. ഓഫീസുകളില്‍ പൂര്‍ണമായി ഡിജിറ്റലായി ഫയല്‍ കൈകാര്യം ചെയ്യുന്നതിന് തയ്യാറാക്കിയ ഇ ഓഫീസ് സംവിധാനം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും അടിയന്തിരമായി നടപ്പാനാണ് സര്‍ക്കാര്‍ തീരുമാനം. സെക്രട്ടേറിയറ്റിലും ആറ് കലക്ട്രേറ്റുകളിലും ഏഴ് ഡയറക്ടറേറ്റുകളിലും രണ്ട് സബ് കലക്ട്‌റേറ്റുകളിലും നിലവില്‍ നടപ്പാക്കി വരുന്ന സംവിധാനമാണ് ഏതാനും മാസങ്ങള്‍ക്കകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടപ്പാക്കാന്‍ ആലോചിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഐ ടി മിഷന്‍ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ്, ഇ ഓഫീസ് ട്രെയിനിംഗ് എന്നിവ നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററാണ് ഇ ഓഫീസ് സംവിധാനം വികസിപ്പിച്ചെടുത്തത്. ഓണ്‍ലൈനായി ഏതു സമയത്തും ഫയല്‍ കൈകാര്യം ചെയ്യാനും സര്‍ക്കാര്‍ ഉത്തരവുകളും കത്തുകളും മറ്റും ഡിജിറ്റല്‍ ഒപ്പോടുകൂടി അയക്കുവാനും ഇ ഓഫീസ് സംവിധാനം മുഖേന ഇനി സാധ്യമാകും. സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളിലെ സേവനം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍വത്കരണം വേഗത്തിലാക്കണമെന്ന നിര്‍ദേശം നടപ്പിലാക്കിയത്.
ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. തദ്ദേശഭരണസ്ഥാപനങ്ങളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നതിന് വേണ്ടി 16 സോഫ്റ്റ് വെയറുകള്‍ ഇതിനകം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച് വിന്യസിച്ച് പ്രവര്‍ത്തിപ്പിച്ചുവരുന്നുണ്ട്. 1208 തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ഉള്‍പ്പടെയുള്ള സംവിധാനം നടപ്പിലാക്കി സംസ്ഥാന ഡേറ്റാ സെന്ററുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വിവിധ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുവേണ്ടി തദ്ദേശഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ ഡയറക്ടറേറ്റ്, ലോക്കല്‍ ഫണ്ട് ഓഡിറ്റ് തുടങ്ങിയ ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും നേരത്തെ കമ്പ്യൂട്ടര്‍ അടിസ്ഥാന പരിശീലനവും, സോഫ്റ്റ് വെയറിലുള്ള പരിശീലനവും നല്‍കിയിട്ടുണ്ട്.
തദ്ദേശഭരണസ്ഥാപനങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ മിക്കതും ഇപ്പോള്‍ കമ്പ്യൂട്ടര്‍വത്കൃത സംവിധാനം വഴിയാണ് നിര്‍വഹിക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങള്‍ വെബ് സര്‍വീസിലേക്ക് ഇതിനകം മാറിക്കഴിഞ്ഞു. ജനന മരണവിവാഹ രജിസ്‌ട്രേഷന്‍, പദ്ധതി വിവരങ്ങള്‍, വിവിധ സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, വസ്തുനികുതി ഇ പേയ്‌മെന്റ്, സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ നിജസ്ഥിതി വിവരങ്ങള്‍, ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് വിവരങ്ങള്‍, ടെണ്ടര്‍ വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍ തുടങ്ങിയവ ഇപ്പോള്‍ വെബ്‌സൈറ്റ് വഴി ലഭ്യമാകുന്നുണ്ട്. ജനങ്ങള്‍ക്ക് പൊതു സേവന കേന്ദ്രങ്ങള്‍ വഴിയും, വെബ് പോര്‍ട്ടല്‍ വഴിയും സര്‍ക്കാറിന്റെ സേവനങ്ങള്‍ നല്‍കുവാന്‍ വേണ്ടി ഉദ്ദേശിച്ചു നടപ്പിലാക്കിയ ഇ ഡിസ്ട്രിക്റ്റ് പദ്ധതി കുറേക്കൂടി കാര്യക്ഷമമാക്കാനും നടപടിയുണ്ടാകും. വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ ഏതൊരു സേവന കേന്ദ്രത്തില്‍ കൂടിയും ലഭ്യമാകുന്നതാണ് ഇ ഡിസ്ട്രികിന്റെ പ്രത്യേകത. ചില സേവനങ്ങള്‍ ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍ വഴിയും ലഭ്യമാകുന്നുണ്ട്. അതാത് വകുപ്പുകളില്‍ നടപ്പിലാക്കിയ കമ്പ്യൂട്ടര്‍വത്കരണം പരമാവധി പ്രയോജനപ്പെടുത്തി സുതാര്യമായും നിഷ്പക്ഷമായും വേഗതയിലും സേവനങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി