Connect with us

Kerala

വിദ്യാഭ്യാസ വായ്പ: ജോലി കിട്ടും വരെ നടപടി ഒഴിവാക്കാന്‍ നിര്‍ദേശിക്കും

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസവായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ജപ്തി ഉള്‍പ്പെടെ നടപടികള്‍ സ്വീകരിക്കുന്നതിന് ചില ഇളവുകള്‍ ബേങ്കുകളോട് ആവശ്യപ്പെടുമെന്നു മന്ത്രി തോമസ് ഐസക്. വായ്പ എടുത്ത വിദ്യാര്‍ഥികളെ ജോലി കിട്ടും വരെ ബേങ്ക് നടപടികളില്‍ നിന്ന് ഒഴിവാക്കുക, തുച്ഛമായ വരുമാനം ലഭിക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു വരുമാനത്തിന്റെ 20 ശതമാനം വരെ തിരിച്ചടവായി സ്വീകരിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. വിദ്യാഭ്യാസ വായ്പയുടെ പലിശ ഇളവിനായി ബജറ്റില്‍ 100 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.
ബേങ്കുകളുടെ സംയുക്ത യോഗം അടുത്ത മാസം തന്നെ വിളിച്ചു ചേര്‍ത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമെന്നും പി സി ജോര്‍ജിന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി. ബേങ്കിലെ ചില ഉദ്യോഗസ്ഥരുടെ കണക്കു പ്രകാരം 10,000 കോടി രൂപയിലധികമാണു വിദ്യാഭ്യാസ വായ്പ ഇനത്തില്‍ നല്‍കിയിട്ടുള്ളത്. ആവശ്യമെങ്കില്‍ മോറൊട്ടോറിയം ഉള്‍പ്പെടെ നടപടികള്‍ ബേങ്കുകളുടെ സംയുക്ത യോഗത്തിനു ശേഷം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നിര്‍മാണ മേഖലയിലെ പ്രതിസന്ധി തരണം ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ തല പരിസ്ഥിതി അതോറിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുമെന്നു മന്ത്രി ഇ പി ജയരാജന്‍. കെട്ടിടനിര്‍മാണത്തിനാവശ്യമായ കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് എന്നിവയുടെ ദൗര്‍ലഭ്യം മൂലം ഈ മേഖല തിരിച്ചടിയിലാണ്. എന്നാല്‍, വിവിധ കോടതികളുടെ ഉത്തരവ് പ്രകാരം അഞ്ചു ഏക്കറില്‍ താഴെയുള്ള സ്ഥലങ്ങളില്‍ നിന്നു പോലും ഖനനത്തിനു പാരിസ്ഥിതിക അനുമതി ആവശ്യമാണ്. ഇതു പരിഹിക്കുന്നതിനാണു ജില്ലാ തല പരിസ്ഥിതി അതോറിറ്റികളെ നിയോഗിച്ചത്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനം ഇപ്പോള്‍ നിര്‍ജീവമാണ്. ഉടന്‍ തന്നെ അതോറിറ്റി യോഗങ്ങള്‍ ചേരുമെന്നും രാജു എബ്രഹാമിന്റെ സബ്മിഷനു മന്ത്രി മറുപടി നല്‍കി. വര്‍ധിച്ചു വരുന്ന സിമന്റ് വില നിയന്ത്രിക്കാന്‍ ഡിലര്‍മാരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.