Connect with us

Kozhikode

ദേശീയപാത വികസനം: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു

Published

|

Last Updated

കോഴിക്കോട്: ദേശീയ പാത 45 മീറ്ററില്‍ നാല് വരിപ്പാതയായി വികസിപ്പിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു.
വടകര, കൊയിലാണ്ടി താലൂക്കുകളില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ സര്‍വേയര്‍മാരും റവന്യൂ ഇന്‍സ്‌പെക്ടര്‍മാരും ഉള്‍പ്പെടുന്ന എട്ട് ടീമുകളായാണ് സര്‍വേ പ്രവര്‍ത്തനം നടത്തുന്നത്.
മാഹി-തലശ്ശേരി ബൈപാസ്, നന്തി-ചെങ്ങോട്ട്കാവ് (കൊയിലാണ്ടി) ബൈപാസ് എന്നിവ ഉള്‍പ്പെടെ അഴിയൂര്‍ മുതല്‍ വെങ്ങളം വരെയുള്ള ഭൂമിയാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റെടുക്കുന്നത്. ഇതില്‍ വടകര, കൊയിലാണ്ടി താലൂക്കുകളില്‍ നിന്ന് നൂറോളം കിലോമീറ്റര്‍ റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഏറ്റെടുക്കുന്ന ഭൂമിയുടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാഹി-തലശ്ശേരി ബൈപ്പാസിനായി ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ സര്‍വേയും ഏറെക്കുറെ പൂര്‍ത്തിയായി. സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍, മരങ്ങള്‍ തുടങ്ങിയവക്ക് വിലന ിശ്ചയിക്കുന്ന പ്രവൃത്തിയും പുരോഗമിച്ച് വരികയാണ്. സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്ത് സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തിയാണ് ഇനി ബാക്കിയുള്ളത്. പുതുതായി വരുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസുമായി ബന്ധപ്പെട്ട സര്‍വ ഉടന്‍ തുടങ്ങും. വെങ്ങളം-രാമനാട്ടുകര ബൈപാസിന് വേണ്ടിയുള്ള സ്ഥലം 45 മീറ്ററില്‍ നേരത്തേ ഏറ്റെടുത്തിരുന്നു.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമേറ്റെടുപ്പ് രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കി സ്ഥലം, നാഷനല്‍ ഹൈവേ അതോറിറ്റിക്ക് കൈമാറാന്‍ കഴിഞ്ഞ മാസം അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു.
നടപടികള്‍ വേഗത്തിലാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുന്നതിനുമായി സ്ഥലമേറ്റെടുപ്പ്, കെട്ടിടങ്ങളും മരങ്ങളുമുള്‍പ്പെടെയുള്ള ഭൂമിയുടെ വില നിര്‍ണയം എന്നിവ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് ഒരുമിച്ചാണ് നടത്തുന്നത്.

Latest