Connect with us

Gulf

ദുബൈ സഫാരി പാര്‍ക്കില്‍ ഏഷ്യന്‍ ആനകളും

Published

|

Last Updated

ദുബൈ:ദുബൈയുടെ സ്വപ്‌ന പദ്ധതിയായ സഫാരി പാര്‍ക്ക് വംശനാശ ഭീഷണി നേരിടുന്ന ഏഷ്യന്‍ ആനകളെ സ്വീകരിക്കാനൊരുങ്ങുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആനകളുടെ കൂട്ടം എത്തുമെന്ന് പദ്ധതിയുടെ നിര്‍മാതാക്കളായ ദുബൈ നഗരസഭാ വൃത്തങ്ങള്‍ അറിയിച്ചു. സഫാരി പാര്‍ക്കിന്റെ മനോഹാരിതയിലേക്ക് ആനക്കൂട്ടങ്ങള്‍ എത്തുമെന്ന് ബുധനാഴ്ചയാണ് നഗരസഭാധികൃതര്‍ സ്ഥിരീകരിച്ചത്.

അന്താരാഷ്ട്ര രംഗത്തെ മൃഗസംരക്ഷണ സംഘടനകളിലെയും കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി ജലവിഭവ മന്ത്രാലയത്തിലെ വിദഗ്ധരുടെ സഹായത്തോടെ നിലവിലെ ജുമൈറ മൃഗശാലയില്‍നിന്നും മൃഗങ്ങളെ മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ നേതൃത്വത്തില്‍ പുതിയ പരിസ്ഥിതിയിലേക്ക് മാറുമ്പോള്‍ മൃഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തും.

അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ സംഘടനയായ ഡബ്ല്യു ഡബ്ല്യു എഫ് (വേള്‍ഡ് വൈഡ് ഫണ്ട്)ന്റെ കണക്കുകളനുസരിച്ച് ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ ആനകള്‍ കരയില്‍ ജീവിക്കുന്ന സസ്തനികളില്‍ ഏറ്റവും വലുതാണ്. അവക്ക് ആറ് മീറ്ററിലധികം നീളവും മൂന്ന് മീറ്ററിലധിംകം ചുമലിന് വീതിയുമുണ്ടാകും. അഞ്ച് ടണ്ണോളം ഭാരവുമുണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന 10,500 മൃഗങ്ങളടങ്ങിയ സഫാരി പാര്‍ക്ക് അല്‍ വര്‍ഖ 5ല്‍ 119 ഹെക്ടര്‍ സ്ഥലത്തായി 100 കോടി ദിര്‍ഹം ചെലവിലാണ് നിര്‍മാണം പുരോഗമിക്കുന്നത്.

350 ഇനം അത്യപൂര്‍വവും വംശനാശം നേരിടുന്നതുമായ വന്യ മൃഗങ്ങള്‍ക്ക് ആവാസ വ്യവസ്ഥ സുഗമമായ വിധത്തില്‍ ഒരുക്കുന്നതാണ് സഫാരി പാര്‍ക്കിന്റെ രൂപകല്‍പന. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറാവുന്ന വിധത്തില്‍ വന്യജീവി സങ്കേതമായാണ് പാര്‍ക്കിനെ ഒരുക്കിയെടുക്കുന്നത്, നഗരസഭയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡ്രാഗണ്‍മാര്‍ട്ടിന് എതിര്‍വശത്തായി നിര്‍മാണത്തിലിരിക്കുന്ന സഫാരി പാര്‍ക്ക് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ അഞ്ച് സഫാരി പാര്‍ക്കുകളില്‍ മികച്ചതായിത്തീരുമെന്നാണ് പ്രത്യാശിക്കുന്നത്. ദിനംപ്രതി 10,000 പേര്‍ക്ക് അനായാസം പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം ഒക്‌ടോബര്‍ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്ന് കരുതുന്ന പാര്‍ക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 75 ശതമാനത്തോളം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൃത്രിമമായി നിര്‍മിക്കുന്ന വാദിയുടെ സമീപത്തായി ആഫ്രിക്കന്‍ വില്ലേജ്, അറബിക് വില്ലേജ്, സഫാരി വില്ലേജ് എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളായി തിരിച്ചിട്ടുള്ള പാര്‍ക്കില്‍ 3,600 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഓരോ പ്രധാന വില്ലേജിനും വ്യത്യസ്തങ്ങളായ വാസ്തുവിദ്യാ രീതികളാണ് ഉപയോഗിച്ചിട്ടുള്ളത്. അതിനാല്‍ സന്ദര്‍ശകര്‍ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിപ്പെട്ട അനുഭൂതിയാണ് സൃഷ്ടിക്കപ്പെടുക.
പുനരുപയുക്ത ഊര്‍ജ ഉത്പാദനത്തിനും പരിസ്ഥിതി സൗഹൃദ രീതിയിലുമാണ് പാര്‍ക്കിന്റെ രൂപകല്‍പന.

പാര്‍ക്കിനോടനുബന്ധിച്ച് ഉത്പാദിപ്പിക്കുന്ന സൗരോര്‍ജം പദ്ധതി പ്രദേശത്ത് ആവശ്യമായ വൈദ്യുതി, ജലസേചന സംവിധാനങ്ങളുടെ പ്രവര്‍ത്തനം, പാര്‍ക്കിലെ ഓട്ടോമാറ്റിക് വാഹനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വൈദ്യുതി, വ്യത്യസ്തങ്ങളായ വിനോദ പരിപാടികളുടെ പ്രവര്‍ത്തികള്‍ക്കാവശ്യമായ വൈദ്യുതോര്‍ജം എന്നിവക്കായി ഉപയോഗിക്കും, നഗരസഭാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.