Connect with us

Gulf

അബുദാബി കിരീടാവകാശിക്ക് ഖത്വര്‍ അമീര്‍ വരവേല്‍പ്പ് നല്‍കി

Published

|

Last Updated

അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയും അബുദാബി കിരീടാവകാശി
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും കൂടിക്കാഴ്ചയില്‍

ദോഹ: അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെയും ഉന്നതല സംഘത്തെയും ഖത്വര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി രാജകീയമായി വരവേറ്റു. എയര്‍പോര്‍ട്ടില്‍ നേരിട്ടെത്തിയാണ് അമീര്‍ ശൈഖ് മുഹമ്മദിനെ വരവേറ്റത്. ഇരുവരും ഇന്നലെ കൂടിക്കാഴ്ച നടത്തി.
യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെയും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെയും ആശംസകള്‍ ശൈഖ് മുഹമ്മദ് അമീറിനു കൈമാറി. അവരുടെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നതായും ആശംസിക്കുന്നതായും അമീര്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ തുടരുന്ന സൗഹൃദവും പ്രത്യേകിച്ച് ജി സി സി തലത്തില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഇരു ഭരണാധികാരികളും ചര്‍ച്ച നടത്തിയതായി ഖത്വര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയിലും സ്ഥിരതയിലും ഊന്നിയായിരുന്നു ചര്‍ച്ച. മേഖലയിലും രാജ്യാന്തര തലത്തിലും നിലനില്‍ക്കുന്ന സാഹചര്യങ്ങളും പ്രശ്‌നങ്ങളും ഇരു നേതാക്കളും വിശകലനം നടത്തി. യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മുന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയ ഉന്നത തല സംഘവും ശൈഖ് മുഹമ്മദിനെ അനുഗമിക്കുന്നുണ്ട്.