Connect with us

Saudi Arabia

കരിപ്പൂര്‍: ആഗസ്‌ററ് 8 നു മലപ്പുറത്ത് നിര്‍ണ്ണായക യോഗം; പ്രതീക്ഷയോടെ പ്രവാസികള്‍

Published

|

Last Updated

ജിദ്ദ : കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി വീണ്ടുകിട്ടുമെന്നും മലബാറിന്റെ ചിറകായ കരിപ്പൂര്‍ പഴയ പ്രതാപത്തിലേക്കു തിരിച്ചു വരുമെന്നും മലബാറിലെ ലക്ഷക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് വീണ്ടും പ്രതീക്ഷ. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടത്തിക്കൊണ്ടിരിക്കുന്ന ത്വരിത ഗതിയിലുള്ള ചില നീക്കങ്ങളാണ് കരിപ്പൂര്‍ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളപ്പിച്ചത്.

പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം നാല് സുപ്രധാന യോഗങ്ങളാണ് കരിപ്പൂരിന് വേണ്ടി തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്തത്. മലപ്പുറം ജില്ലാ കലക്ടറേയും എയര്‍പോര്‍ട്ട് ഡയറക്റ്ററേയും തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചാണ് ഇത് സംബന്ധമായ ആദ്യചര്‍ച്ച നടത്തിയത്. ചീഫ് സെക്രട്ടറിയും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.

വിമാനത്താവള വികസനത്തിന് 485 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്ന നടപടികളുമായി ശക്തമായി മുന്നോട്ട് പോകുവാന്‍ മുഖ്യ
മന്ത്രി പിണറായി വിജയന്‍ റവന്യൂ വകുപ്പിന് കര്‍ശന നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. റണ്‍വേ നീളം കൂട്ടുന്നതിനും മറ്റു അനുബന്ധ ആവശ്യങ്ങള്‍ക്കുമുള്ള ഭൂമി ഏറ്റെടുത്ത് കേന്ദ്ര സര്‍ക്കാറിന് കൈമാറലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യാനുള്ളത്.

ബുധനാഴ്ച ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഉന്നതാധികാര സമിതി യോഗത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് മുഖ്യമന്ത്രി അത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ആഗസ്റ്റ് 8 ന് തിങ്കളാഴ്ച മലപ്പുറത്തെ മുഴുവന്‍ എം.എല്‍.എ മാരെയും എംപിമാരെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച് കലക്ടറേറ്റില്‍ യോഗം വിളിക്കാനും നിര്‍ദ്ദേശ നല്‍കിയിരിക്കുകയാണ്.

പള്ളിക്കല്‍ പഞ്ചായത്തിലെയും, കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെയും കുടിയൊഴിപ്പിക്കപ്പെടുന്നവരെയും, അവിടങ്ങളിലെ സമരസമിതി നേതാക്കളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ് യോഗം നടത്തുക. അവരുടെ ന്യായമായ ആവശ്യങ്ങള്‍ കേള്‍ക്കാനും അതിനു പരിഹാരം കാണാനും കൂടിയാണ് യോഗം വിളിച്ചിരിക്കുന്നത് എന്നതുകൊണ്ട് തന്നെ എട്ടാം തിയ്യതിയിലെ യോഗം കരിപ്പൂരിന്റെ ഭാവി സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്.
നഷ്ടപരിഹാരവും കുടിയൊഴിപ്പിക്കലും സംബന്ധിച്ച ഏകദേശ ധാരണ ആയിക്കഴിഞ്ഞാല്‍ എത്രയും വേഗം ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. മന്ത്രി കെ ടി ജലീലിനാണ് ഇത് സംബന്ധിച്ച മേല്‍നോട്ട ചുമതല നല്‍കിയിട്ടുള്ളത്.

Latest