Connect with us

Kerala

സി പി ഐയിലും മന്ത്രിമാര്‍ക്കു മേല്‍ പാര്‍ട്ടിയുടെ നിരീക്ഷണം

Published

|

Last Updated

തിരുവനന്തപുരം: സി പി ഐയിലും മന്ത്രിമാര്‍ക്കു മേല്‍ നിരീക്ഷണ സംവിധാനം വരുന്നു. സംസ്ഥാന നിര്‍വാഹക സമിതിക്കാണ് ചുമതല.
മാസത്തിലൊരിക്കല്‍ ഇതിനായി സംസ്ഥാന നിര്‍വാഹക സമിതി ചേരാനും നിര്‍ദേശങ്ങളും തിരുത്തലുകളും ആവശ്യമെങ്കില്‍ മന്ത്രിമാര്‍ക്കു നല്‍കാനും ഇന്നലെ ചേര്‍ന്ന സി പി ഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ തീരുമാനമായി. കഴിയുന്ന ദിവസങ്ങളിലെല്ലാം നാല് മന്ത്രിമാരും പാര്‍ട്ടി ആസ്ഥാനത്തെത്തണമെന്ന നിര്‍ദേശവും നിര്‍വാഹക സമിതി നല്‍കി. വിവാദ പ്രസ്താവനകള്‍ നടത്തുകയോ വിവാദ കാര്യങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്യരുതെന്നും പാര്‍ട്ടി മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കി.
ഒരു മാസികക്കു നല്‍കിയ വിവാദ അഭിമുഖത്തിന്റെ പേരില്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയോടു കഴിഞ്ഞ നിര്‍വാഹക സമിതി വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിരുന്നു. മന്ത്രിയാകാത്തതിനുള്ള കാരണം ചോദിച്ച ലേഖകനോട് തനിക്കു ഗോഡ്ഫാദര്‍മാര്‍ ഇല്ലെന്ന ബിജിമോളുടെ മറുപടിയാണ് വിവാദത്തിനിടയാക്കിയത്. ഇതിന് അവര്‍ പാര്‍ട്ടി നേതൃത്വത്തിനു മറുപടിയും നല്‍കി.
തന്റെ വാക്കുകള്‍ ലേഖകന്‍ അസത്യമായി ഉപയോഗിക്കുകയായിരുന്നൂവെന്നും ബോധപൂര്‍വമല്ല താന്‍ അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നുമായിരുന്നു ബിജിമോള്‍ വിശദീകരണം നല്‍കിയത്. ബിജിമോളുടെ വിശദീകരണം പരിശോധിച്ച പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് എന്തു നടപടി സ്വീകരിക്കണമെന്ന കാര്യം സംസ്ഥാന കൗണ്‍സിലിനു വിട്ടു. ഇന്നും നാളെയുമാണ് സംസ്ഥാന കൗണ്‍സില്‍. ബോര്‍ഡ്- കോര്‍പറേഷനുകളുടെ കാര്യത്തില്‍ നേരത്തേയെടുത്ത തീരുമാനത്തില്‍ മാറ്റമൊന്നും വരുത്തേണ്ടതില്ലെന്നും ഉഭയകക്ഷി ചര്‍ച്ചക്കു ശേഷം ചെയര്‍മാന്‍മാരെ സംബന്ധിച്ചു തീരുമാനമെടുക്കാനും നിര്‍വാഹക സമിതി യോഗം തീരുമാനിച്ചു.