Connect with us

International

തുര്‍ക്കിയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നില്ല: ഉര്‍ദുഗാന്‍

Published

|

Last Updated

അങ്കാറ: തുര്‍ക്കിയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നില്ലെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അതേസമയം, പട്ടാള അട്ടിമറി ശ്രമം നടത്തിയതിന്റെ പേരില്‍ ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യത്തിനകത്ത് ജനാധിപത്യ പാര്‍ലിമെന്ററി സംവിധാനമായി തന്നെ നിലനില്‍ക്കും. ഇതില്‍ നിന്ന് ഒരല്‍പ്പം പോലും പുറകോട്ടുപോകില്ല. അതോടൊപ്പം രാജ്യത്തിന്റെ സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടതെല്ലാം കൈക്കൊള്ളുകയും ചെയ്യും. പട്ടാള അട്ടിമറി ശ്രമം പൂര്‍ണമായും ഇല്ലാതായോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അനിവാര്യ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ടി മാത്രമാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത് എന്ന കാര്യം ഉറപ്പ് പറയുന്നു. രാജ്യം ഭീകരവാദികളില്‍ നിന്നുള്ള ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. സൈന്യത്തിലുള്ള മുഴുവന്‍ വൈറസ് ബാധകളെയും ശുദ്ധീകരിക്കുകയും ചെയ്യും- ഉര്‍ദുഗാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
പട്ടാള അട്ടിമറി ശ്രമം രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്ന് കൊണ്ട് പരമാവധി ചെയ്യാന്‍ സര്‍ക്കാര്‍ മുന്നോട്ടുവരും. അത് മറ്റു രാജ്യങ്ങളും ചെയ്യാറുണ്ട്. ഉദാഹരണത്തിന്, ഫ്രാന്‍സില്‍ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ അവിടുത്തെ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചുവരികയാണ്. അവരും വലിയ തോതില്‍ ആളുകളെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു. നേരത്തെ മൂന്ന് മാസമായിരുന്നു അടിയന്തരാവസ്ഥ. അതിപ്പോള്‍ ആറ് മാസത്തേക്ക് നീട്ടുകയും ചെയ്തു. ഇതിന്റെ പേരില്‍ മറ്റുള്ള രാജ്യങ്ങളുമായി, പ്രത്യേകിച്ച് അമേരിക്കയുമായി ബന്ധം വഷളാക്കാന്‍ താത്പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.