Connect with us

Kannur

വാട്ടര്‍റിസോഴ്‌സ് റഗുലേറ്ററി ബില്ല് നടപ്പാക്കണം: അബ്ദുല്ലക്കുട്ടി

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടു വന്ന വാട്ടര്‍ റിസോഴ്‌സ് റഗുലേറ്ററി ബില്ല് നടപ്പാക്കണമെന്ന് മുന്‍ എം എല്‍ എ എ പി അബ്ദുല്ലക്കുട്ടി. വാട്ടര്‍ അതോറിറ്റിയെ ഉപയോഗിച്ച് കേരള ഖജനാവിനെ രക്ഷപ്പെടുത്താനാകുമെന്നും നടപ്പാക്കാന്‍ ധനമന്ത്രി തോമസ് ഐസക് തന്റേടം കാണിച്ചാല്‍ കേരളം രക്ഷപ്പെടുമെന്നും എ പി അബ്ദുല്ലക്കുട്ടി പറഞ്ഞു. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ അന്യായ സ്ഥലം മാറ്റത്തിനെതിരെ ഐ എന്‍ ടി യു സി കണ്ണൂരില്‍ സംഘടിപ്പിച്ച കൂട്ട ധര്‍ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ളം വില്‍പ്പനക്ക് വെക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇടത് പക്ഷവും തീവ്ര പരിസ്ഥിതി വാദികളും ബില്ലിനെ എതിര്‍ത്തത്. സത്യത്തില്‍ ഗള്‍ഫ് പെട്രോള്‍ കൊണ്ട് സമ്പന്നമായത് പോലെ കേരളത്തിലെ വെള്ളം വാട്ടര്‍ അതോറിറ്റിയെ കൊണ്ട് മാര്‍ക്കറ്റ് ചെയ്യിക്കുന്ന പദ്ധതിയായിരുന്നു അത്. കേരളത്തില്‍ സമൃദ്ധമായി ലഭിക്കുന്ന മഴവെള്ളം കടലില്‍ ഒഴുക്കി കളയാതെ ഡാമുകളെ ഉപയോഗിച്ച് സിയാല്‍ മോഡലില്‍ കമ്പനി രൂപവത്കരിച്ച് ഗള്‍ഫ് മോഡലില്‍ കുപ്പിവെള്ളമാക്കി വിതരണം ചെയ്യുന്ന വന്‍ ആശയമായിരുന്നു എതിര്‍പ്പ് കാരണം മുടങ്ങിയത്. അത് നടപ്പാക്കാനുള്ള ധൈര്യം ഇനിയെങ്കിലും കാണിച്ചാല്‍ കേരളം രക്ഷപ്പെടും.
ആയിരം ലിറ്റര്‍ വെള്ളം വിറ്റ് കുത്തക കമ്പനികള്‍ നേടുന്നത് 15000 രൂപയാണ്.എന്നാല്‍ വാട്ടര്‍ അതോറിറ്റിയിലൂടെ ഒരു ലിറ്റര്‍ വെള്ളം ആറ് രൂപക്ക് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. വില കുറഞ്ഞ് ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള കുപ്പി വെള്ളം ലഭിക്കുന്നതോടൊപ്പം സര്‍ക്കാര്‍ ഖജനാവില്‍ കോടികള്‍ എത്തുകയും ചെയ്യും.പണ്ട് കമ്പ്യൂട്ടറിനെ എതിര്‍ത്ത് പിന്നീട് അംഗീകരിക്കാന്‍ തയ്യാറായത് പോലെ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ട് വന്ന ബില്ലിനെ രാഷ്ട്രീയത്തിന്റെ പേരില്‍ മാത്രം എതിര്‍ക്കേണ്ടത് മറന്ന് പദ്ധതി നടപ്പാക്കാന്‍ ധനമന്ത്രി ഡോ തോമസ് ഐസക് തയ്യാറാകണമെന്ന് എ പി അബ്ദുല്ലക്കുട്ടി ആവശ്യപ്പെട്ടു.