Connect with us

Sports

ഇന്ത്യയുടെ സുവര്‍ണ പതാക വാഹകന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഒളിമ്പിക് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത ചാമ്പ്യനാണ് അഭിനവ് ബിന്ദ്ര. 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ ബീജിംഗ് ഒളിമ്പിക്‌സിലായിരുന്നു ബിന്ദ്രയുടെ ഉന്നം പൊന്നായത്.
മത്സരരംഗത്ത് നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും റിയോ ഒളിമ്പിക്‌സില്‍ കൂടി മെഡല്‍ വെടിവെച്ചിടാന്‍ ബിന്ദ്ര തീരുമാനിക്കുകയായിരുന്നു. സാങ്കേതികമായി ഏറെ മുന്നോട്ടു പോയ പരിശീലന മുറകളിലൂടെയാണ് ബിന്ദ്ര റിയോ തയ്യാറെടുപ്പ് നടത്തുന്നത്. അഞ്ചാം ഒളിമ്പിക്‌സിനാണ് ബിന്ദ്ര തയ്യാറെടുക്കുന്നത്.
ഇന്ത്യന്‍ സംഘത്തിലെ സൂപ്പര്‍ താരമായ ബിന്ദ്ര തന്നെയാണ് ഉദ്ഘാടന ചടങ്ങില്‍ പതാകവാഹകന്‍. ബീജിംഗില്‍ രാജ്യത്തിന്റെ അഭിമാനമായ ബിന്ദ്രയെ ആദരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പതാക വാഹകനായി തിരഞ്ഞെടുത്തതെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വ്യക്തമാക്കി. മുപ്പത്തിമൂന്നുകാരനായ ബിന്ദ്ര ഒരു ഇനത്തില്‍ മാത്രമാണ് മത്സരിക്കുന്നത്. ബീജിംഗില്‍ സ്വര്‍ണം കൊണ്ടു വന്ന അതേ ഇനം – 10 മീറ്റര്‍ എയര്‍ റൈഫിള്‍. തന്റെ മകനില്‍ നിന്ന് ഇത്തവണ രണ്ടാം സ്വര്‍ണം പ്രതീക്ഷിക്കാം എന്നാണ് അജിത് സിംഗ് പറയുന്നത്. ഇതിന് വേണ്ടി ജര്‍മനിയിലെ മ്യൂണിക്കില്‍ നിതാന്ത പരിശ്രമത്തിലാണ് അഭിനവ്. 121 പേരടങ്ങുന്ന ഇന്ത്യന്‍ സംഘത്തിന്റെ പതാകവാഹകനാക്കിയത് തീര്‍ച്ചയായും അഭിനവിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്ന് പിതാവ് പറഞ്ഞു.
റിയോയില്‍ കഴിവിന്റെ പരമാവധി അര്‍പ്പിക്കും എന്റെ മകന്‍. ഷൂട്ടിംഗ് എന്നത് അവന്റെ വികാരമാണ്, ആവേശമാണ്.
മ്യൂണിക്കില്‍ ഇലക്‌ട്രോമാഗ്നെറ്റിക് സിസ്റ്റത്തിന്റെ സഹായത്തോടെയാണ് അഭിനവ് ഷൂട്ടിംഗ് പരിശീലനം മുന്നോട്ട് കൊണ്ടു പോകുന്നത്. ശരീരത്തില്‍ നാഡികളുമായി ബന്ധിപ്പിച്ചുള്ള പരിശീലന സംവിധാനമാണിത്.
ബിന്ദ്രയെ കൂടാതെ എട്ട് പേരാണ് ഷൂട്ടിംഗില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്. മൂന്ന് ഇനങ്ങളില്‍ മത്സരിക്കുന്ന ഗഗന്‍ നരംഗാണ് ഇതില്‍ പ്രധാനി.
പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ബിന്ദ്രക്കൊപ്പം ഗഗനും കാഞ്ചി വലിക്കുന്നു. 50 മീറ്റര്‍ റൈഫിള്‍ പ്രോണ്‍, 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ എന്നിങ്ങനെയാണ് ഗഗന്റെ മറ്റ് ഇനങ്ങള്‍.
ജിതു റായ്, ചെയിന്‍ സിംഗ്, ഗൂര്‍പ്രീത് സിംഗ്, പ്രകാശ് നഞ്ചപ്പ് എന്നിവര്‍ രണ്ട് ഇനങ്ങളില്‍ മത്സരിക്കുന്നു. കിനാന്‍ ചെനായ്, മെഹ്‌റാജ് അഹമ്മദ് ഖാന്‍, മാനവ് ജിത് സിംഗ് സന്ധു എന്നിവരും ഷൂട്ടിംഗില്‍ പ്രതീക്ഷ നല്‍കുന്നു.
ചൈനയാണ് ഇത്തവണയും ഷൂട്ടിംഗില്‍ ഫേവറിറ്റുകള്‍.