Connect with us

Malappuram

കുറ്റിപ്പുറത്തെ ഓടയില്‍ കോളറ ബാക്ടീരിയ

Published

|

Last Updated

വളാഞ്ചേരി: കുറ്റിപ്പുറത്തെ ഓടയില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തി. വയനാടിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ബാക്ടീരിയ കണ്ടെത്തിയത്. ഇതോടെ ആരോഗ്യ വകുപ്പും അധികൃതരും വീണ്ടും സമ്മര്‍ദ്ദത്തിലാവുകയാണ്.
വൃത്തിഹീനമായ കുറ്റിപ്പുറം ടൗണില്‍ കോളറ ബാക്ടീരിയ ഉണ്ടാകാന്‍ കാരണം അധികൃതരുടെ പിടിപ്പ്‌കേടുകൊണ്ട് തന്നെയാണെന്ന് കുറ്റിപ്പുറത്തെത്തിയാല്‍ ബോധ്യമാകും. കോളറ പിടിപെട്ട് രണ്ട് പേരാണ് മരണപ്പെട്ടത്. നിരവധി പേര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. കുറ്റിപ്പുറത്തെ ഓടയില്‍ നിന്ന് ശേഖരിച്ച വെള്ളത്തില്‍ കോളറ ബാക്ടീരിയ കണ്ടെത്തിയതോടെ അധികൃതര്‍ക്കെതിരെ പ്രധിഷേധം ശക്തമായിട്ടുണ്ട്. മാലിന്യം കെട്ടിക്കിടക്കുന്ന ഓടകള്‍ കുറ്റിപ്പുറത്തെ നിത്യ കാഴ്ചയാണ്. ഓടയില്‍ നിന്നും ദുര്‍ഗന്ധം വന്ന് മൂക്കുപെത്തിയാണ് യാത്രക്കാര്‍ നടക്കുന്നത്. കോളറ സ്ഥിരീകരിച്ചിട്ടും കുറ്റിപ്പുറത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ്. ആളുകള്‍ കാണുന്ന ഭാഗത്ത് മാത്രം ശുചീകരണം നടത്തി മുഖം മിനുക്കുകയാണ് ഇപ്പോഴുമിവിടെ.
ടൗണില്‍ ജനശ്രദ്ധയില്ലാത്ത ഭാഗങ്ങളില്‍ മാലിന്യം ഇപ്പോഴും കുന്നുകൂടി കിടക്കുന്നുണ്ട്. അനുഭവങ്ങളില്‍ നിന്നും ഇനിയും പാഠം ഉള്‍ക്കൊള്ളാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിലേക്ക് വിവിധ രാഷ്ട്രീയ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിട്ടുണ്ട്. ഈ ഓടയിലെ വെള്ളം പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. ഇതോടെ മറ്റൊരു പ്രധാന പ്രശ്‌നമാണ് കുറ്റിപ്പുറം നേരിടാന്‍ പോകുന്നത്. കോളറ ബാക്ടീരിയയുള്ള ഓടയിലെ വെള്ളം ഭാരതപ്പുഴയിലേക്കൊഴുകുന്നതോടെ പുഴ മുലിനമാകുന്നതോടൊപ്പം പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന കുടിവെള്ള പദ്ധതികളുടെ നിലനില്‍പ്പിനെയും ഇത് പ്രതികൂലമായി ബാധിക്കും. ജലനിധി ഉള്‍പ്പെടെയുള്ള നിരവധി കുടിവെള്ള പദ്ധതികള്‍ക്ക് ആശ്രയിക്കുന്നത് കുറ്റിപ്പുറത്തെ പുഴയെയാണ്.
ശുചീകരണം നടത്താതെ എത്തുന്ന കുടിവെള്ളം വഴി രോഗം പടരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ കനത്ത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കി രോഗം തടയാനുള്ള തീവ്ര ശ്രമത്തിലാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍.

 

Latest