Connect with us

Gulf

മതവിശ്വാസത്തെ അധിക്ഷേപിച്ച സഊദി വ്യാപാരി വിചാരണ നേരിടുന്നു

Published

|

Last Updated

ദുബൈ: മറ്റൊരാളുടെ മതവിശ്വാസത്തെ പരിഹസിച്ച 27കാരനായ സഊദി വ്യാപാരി ദുബൈ ക്രിമിനല്‍ കോടതി വിചാരണ നേരിടുന്നു. കഴിഞ്ഞ വര്‍ഷം യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകരിച്ച് പ്രാബല്യത്തിലായ “ഡിസ്‌ക്രിമിനേഷന്‍ പ്രൊട്ടക്ടിംഗ് ലോ”യുടെ അടിസ്ഥാനത്തിലാണ് യുവാവ് വിചാരണ നേരിടുന്നത്.
യുവാവിനെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം പിഴയും നിയമം അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. സഊദിയിലെ അല്‍ ഖസീമിലേക്ക് പോകാനുള്ള ഫ്‌ളൈ ദുബൈ വിമാനത്തില്‍ കയറാനെത്തിയതായിരുന്നു പ്രതി.
അമിതമായി മദ്യം കഴിച്ച് ലക്കുകെട്ട യുവാവിനെ സുരക്ഷാ കാരണത്താല്‍ വിമാനത്തില്‍ കയറ്റാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സമ്മതിച്ചില്ല. തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും പ്രതി ഫ്‌ളൈ ദുബൈ ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും അദ്ദേഹത്തിന്റെ മതവിശ്വാസത്തേയും ആരാധനാ മൂര്‍ത്തിയേയും പരിഹസിക്കുകയും ചെയ്തു. വിവരമറിഞ്ഞ എയര്‍പോര്‍ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അല്ലാഹുവിനെയോ പ്രവാചകരേയോ, പ്രവാചക അനുചരരേയോ കുടുംബങ്ങളേയോ ആദരണീയമായ മറ്റാരേയെങ്കിലുമോ വാക്കുകൊണ്ടോ വരകൊണ്ടോ അവമതിക്കുന്നതിനെതിരെയുള്ള നിയമമാണ് ഡിസ്‌ക്രിമിനേഷന്‍ ലോ. ഈ നിയമമനുസരിച്ചാണ് സഊദി യുവാവ് വിചാരണ നേരിടുന്നത്. ശാരീരിക അതിക്രമത്തെ ഫ്‌ളൈ ദുബൈ ഉദ്യോഗസ്ഥന്‍ നേരത്തെ രേഖാമൂലം വിട്ടുവീഴ്ച ചെയ്തതിനാല്‍ യുവാവിനെ കുറ്റവിമുക്തനാക്കിയിരുന്നു. കോടതിയില്‍ കുറ്റം നിഷേധിച്ച യുവാവിന്റെ കേസില്‍ വിചാരണ തുടരും.
അടുത്ത മാസം 11നാണ് കേസ് വീണ്ടും പരിഗണിക്കുക. കുറ്റം തെളിയിക്കപ്പെടുന്ന മുറക്ക് യുവാവിനെതിരെ ഏഴ് വര്‍ഷം വരെ തടവും 20 ലക്ഷം ദിര്‍ഹം വരെ പിഴയും ചുമത്തും.

Latest