Connect with us

Gulf

വ്യാവസായിക മേഖലയില്‍ മുന്നേറ്റം; ഭീഷണിയായി അത്യാഹിതങ്ങള്‍

Published

|

Last Updated

മസ്‌കത്ത്: ഒമാന്‍ വ്യാവസായിക മേഖലയില്‍ വന്‍ കുതിച്ച് ചാട്ടത്തിന് വേദിയായിരിക്കെ ഈ രംഗത്ത് ആകസ്മികമായുണ്ടാകുന്ന അത്യാഹിതങ്ങള്‍ ഭീഷണി സൃഷ്ടിക്കുന്നു. തീ പിടുത്തം പോലെയുള്ള അപകടങ്ങളാണ് ഇതില്‍ ഏറെയുള്ളത്. പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സിന്റെ കണക്ക് പ്രകാരം വ്യാവസായിക മേഖലയില്‍ കഴിഞ്ഞ ദിവസം 35 തീപിടുത്തങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ഇത് 36 ഉം 2013 ല്‍ 34 ഉമായിരുന്നു.
കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഒമാന്‍ വ്യാവസായിക മേഖലയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ ഈ മേഖലയിലെ അപകടങ്ങളും കൂടുന്നു. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ നടത്താത്തതും അധികൃതര്‍ മുന്നോട്ട് വെക്കുന്ന മാര്‍ഗ്ഗനിര്‍ദേങ്ങള്‍ പാലിക്കാത്തതുമാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വി എ സി സി എ അധികൃതര്‍ പറയുന്നത്.
അപകട സാധ്യതയുള്ള വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും അവ സൂക്ഷിക്കുന്നതിലും പലരും മതിയായ ശ്രദ്ധ കാണിക്കുന്നില്ല. അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന സാധന സാമഗ്രികള്‍ ഉപയോഗിക്കാതെ നിര്‍മിക്കുന്ന കെട്ടിടങ്ങളും മറ്റും വലിയ അപകട സാധ്യതയാണ് സൃഷ്ടിക്കുന്നത്. നിരോധിത വസ്തുക്കള്‍ വരെ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നുവെന്നാണ് അപകടങ്ങളെ കുറിച്ച് നടന്ന പഠനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ബില്‍ഡിംഗുകള്‍ സിവില്‍ ഡിഫന്‍സുമായി ബന്ധിപ്പിക്കുകയും ഫയര്‍ അലാറം ഘടിപ്പിക്കുകയും ചെയ്തവയാണ്. എന്നാല്‍ ഇവയില്‍ പലതും കൃത്യമായി പരിപാലിക്കാത്തതിനാല്‍ പ്രവര്‍ത്തനക്ഷമമാകുന്നില്ല.
തൊഴിലാളികള്‍ക്കായി താമസ സൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങള്‍ കൈക്കൊള്ളേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധമായി അധികൃതര്‍ കൃത്യമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മരപ്പാളികള്‍ കൊണ്ട് നിര്‍മിച്ച കാരവനുകളില്‍ താമസം ഒരുക്കുന്നതാണ് അതില്‍ പ്രധാനം.ലേബര്‍ ക്യാമ്പുകളില്‍ സ്ഥിരം ബില്‍ഡിങ്ങുകള്‍ മാത്രമേ പാടുള്ളൂ. എന്നാല്‍ ഇത് പാലിക്കപ്പെടാതെ പോകുന്നത് അപകടത്തിന്റെ തോത് വര്‍ധിപ്പിക്കുകയാണ്.
അനുവധിക്കപ്പെട്ട വസ്തുക്കള്‍ ശരിയായ രീതിയില്‍ സൂക്ഷിക്കുക, തൊഴിലാളികള്‍ക്കും മറ്റും സ്ഥിരം സ്വഭാവത്തിലുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുക, തീ നിയന്ത്രണ വിധേയമാക്കുന്ന ഫയര്‍ എക്‌സിക്യൂഷനറുകളും അലാറവും ശരിയായ രീതിയില്‍ സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക തുടങ്ങിയവയാണ് തീ പിടുത്തം തുടങ്ങിയ അത്യാഹിതങ്ങള്‍ തടയാനുള്ള വഴിയെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

Latest