Connect with us

Editorial

ഗുജറാത്തിലെ ദളിത് പ്രക്ഷോഭം

Published

|

Last Updated

ഉനയിലെ ദളിത് മര്‍ദനത്തിനെതിരെയുള്ള പ്രതിഷേധം ഗുജറാത്തില്‍ ആളിപ്പടരുകയാണ്. സമീപകാലത്ത് ഗുജറാത്ത് കണ്ട ഏറ്റവും വലിയ ദളിത് പ്രക്ഷോഭമാണ് അരങ്ങേറുന്നത്. കക്ഷിരാഷ്ട്രീയ ഭിന്നതകള്‍ വെടിഞ്ഞു ദളിതുകള്‍ ഒറ്റക്കെട്ടായി അണിനിരന്നത് രാഷ്ട്രീയ വൃത്തങ്ങളെ, പ്രത്യേകിച്ച് ബി ജെ പിയെ വല്ലാതെ അസ്വസ്ഥമാക്കുന്നുണ്ട്. 1986ലെ സംവരണ പ്രക്ഷോഭത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര ശക്തമായൊരു ദളിത് കൂട്ടായ്മ. ഉനയിലെയും പരിസരപ്രദേശങ്ങളിലെയും ദളിതര്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രാദേശിക തലത്തിലുള്ള പ്രതിഷേധത്തിനാണ് രംഗത്തിറങ്ങിയത.് താമസംവിനാ അത് വ്യാപിക്കുകയായിരുന്നു. ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. സവര്‍ണ ഫാസിസത്തിന്റെയും ബി ജെ പി ഭരണകൂടത്തിന്റെയും വിവേചനത്തിനും പീഡനത്തിനുമെതിരെ ദളിതര്‍ ഉള്ളില്‍ ഒതുക്കിവെച്ച പ്രതിഷേധം ഉന സംഭവം ആളക്കത്തിക്കുകയായിരുന്നു. ഉത്തര്‍ പ്രദേശുള്‍പ്പെടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട്, കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കൂടുതല്‍ ദളിത് പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ചു പിന്നാക്ക ജാതിക്കാരെ അടുപ്പിക്കാന്‍ ബി ജെ പി ശ്രമിച്ചു കൊണ്ടിരിക്കെ, ഉന സംഭവം കനത്ത തിരിച്ചടിയായേക്കുമെന്ന ഭീതിയിലാണ് പാര്‍ട്ടി നേതൃത്വം.
ഈ മാസം 11നാണ് ഉനയില്‍ ദളിത് യുവാക്കളെ വസ്ത്രമുരിഞ്ഞ് കെട്ടിയിട്ട് മര്‍ദിച്ചത്. ആര്‍ എസ് എസ്, ബി ജെ പി, വി എച്ച് പി പ്രവര്‍ത്തകര്‍ ഉള്‍ക്കൊള്ളുന്ന ഗോസംരക്ഷണ സമിതിയാണ് അക്രമണം നടത്തിയത്. ദളിതരായ നാല് തുകല്‍പണിക്കാരെ വാഹനത്തില്‍ കെട്ടിയിട്ട് ഇരുമ്പ് ദണ്ഡുകളും വടികളും കൊണ്ട് അതിക്രൂരമായി മര്‍ദിക്കുയായിരുന്നു. മുന്നറിയിപ്പെന്ന നിലയില്‍ മര്‍ദന ദൃശ്യങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ടൗണിലെ പോലീസ് സ്‌റ്റേഷന് സമീപം നടന്ന സംഭവം പോലീസിന്റെ അറിവോടെയാണെന്നാണ് ഗുജറാത്ത് സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദളിതരെ മര്‍ദിക്കാന്‍ പോകുകയാണെന്ന വിവരം പോലീസുകാര്‍ക്ക് ലഭിച്ചിരുന്നെന്നും നാല് പോലീസുകാര്‍ സംഭവസ്ഥലത്ത് എത്തിയിട്ടും ഇത് തടഞ്ഞില്ലെന്നും കൗശിക് പാര്‍മറുടെ നേതത്വത്തിലുള്ള സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മര്‍ദിക്കുന്നതിന് മുന്‍പായി വാഹനത്തില്‍കെട്ടിവലിച്ചാണ് ദളിതരെ കൊണ്ടുപോയത്. ഈ വാഹനം പോലീസ് തടഞ്ഞുനിര്‍ത്തിയെങ്കിലും ഗോരക്ഷാ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നടന്ന സംഭാഷണത്തിന് ശേഷം വിട്ടയച്ചു. ദളിതരെ മര്‍ദിക്കാനുള്ള അനുവാദം നല്‍കിയാണ് വാഹനം വിട്ടയച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല സംഭവം നടന്ന ആറ് മണിക്കൂറുകള്‍ക്ക് ശേഷമാണ് കേസില്‍ എഫ് ഐ ആര്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറാകുന്നത്. അക്രമത്തില്‍ പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ എത്തിക്കാനും പോലീസ് സന്നദ്ധമായില്ല. അക്രമത്തിന് ഇരയായ യുവാക്കള്‍ ഇപ്പോഴും രാജ്‌കോട്ട് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.
ഉന ഒറ്റപ്പെട്ട സംഭവമല്ല. ഹരിയാനയിലെ ഫരീദാബാദില്‍ ദളിത്കുടുംബം താമസിക്കുന്ന വീടിന് തീകൊളുത്തി രണ്ട് കുഞ്ഞുങ്ങളെ ചുട്ടുകൊന്നത്, ക്‌ഷേത്രത്തിലെ വിഗ്രഹത്തില്‍ സ്പര്‍ശിച്ച് പൂജ നടത്തിയതിന് യു പിയിലെ ചിത്രകൂട് ജില്ലയില്‍ മുനിസിപ്പാലിറ്റി തൂപ്പുകാരനായ ധര്‍മലാലിനെയും ഭാര്യയെയും ബന്ധുക്കളെയും ക്രൂരമായി മര്‍ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തത്, രാജസ്ഥാനിലെ ചിറ്റോര്‍ഗഡില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് കുട്ടികളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചത് എന്നിങ്ങനെ ദളിതരോടുള്ള ജാതിവെറിയന്മാരുടെ ക്രൂരതകളുടെ എത്രയെത്ര കഥകളാണ് അടുത്തിടെ കേട്ടത്. വെറുക്കപ്പെട്ടവരും മ്ലേച്ചരുമായാണ് ദളിതുകളെ സവര്‍ണ മേധാവിത്വം പുലര്‍ത്തുന്ന സംഘ്പരിവാര്‍ കാണുന്നത്. പന്നികളോടാണല്ലോ മഹാരാഷ്ട്രയിലെ ബി ജെപിയുടെ എം എല്‍ എ രവീന്ദ്ര ചവാന്‍ അവരെ ഉപമിച്ചത്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതുകള്‍ക്കെതിരായ അക്രമങ്ങളില്‍ വന്‍വര്‍ധന ഉണ്ടായതായാണ് ദേശീയ പട്ടികജാതി കമ്മീഷന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാ ക്കുന്നത്. 2015ല്‍ ഗുജറാത്തില്‍ കൊലപാതകമുള്‍പ്പടെ 6,655 ദളിത് പീഡന കേസുകള്‍ രേഖപ്പെടുത്തി. രാജസ്ഥാനില്‍ 7144, ഛത്തീസ്ഗഢില്‍ 3008 എന്നിങ്ങനെയാണ് കണക്കുകള്‍. മതന്യൂനപക്ഷങ്ങളും ദളിതുകളും ഇല്ലാത്ത ഒരു ഇന്ത്യയാണ് വഗീയ ഫാസിസം വിഭാവനം ചെയ്യുന്നത്. കേന്ദ്രത്തില്‍ ബി ജെ പിയുടെ ഭരണകുടം നിലവില്‍ വന്നതോടെ ഈ ചിന്താഗതി ശക്തമാകുകയും അണിയറ നീക്കങ്ങള്‍ ഊര്‍ജിതമാകുകയും ചെയ്തിട്ടുണ്ട്. ഫലസ്തീനില്‍ നിന്ന് അറബ് വംശജരെ തുടച്ചുനീക്കാന്‍ ആവിഷ്‌കരിച്ചതിന് സമാനമായ പദ്ധതികളാണ് ഇക്കാരത്തില്‍ സംഘ്പരിവാറിന്റെ അജന്‍ഡയിലുള്ളത്. മുമ്പൊന്നുമില്ലാത്തവിധം ഗോസംരക്ഷണ മുറവിളി ഉയര്‍ന്നുവന്നതും അതെച്ചൊല്ലി മുസ്‌ലിംകളെയും ദളിതുകളെയും കൊന്നൊടുക്കുന്നതും ക്രൂരമായി മര്‍ദിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായി വേണം കാണാന്‍. മതന്യൂനപക്ഷ,ദളിത് കൂട്ടായ്മ ശക്തിപ്പെടുത്തി ഈ വര്‍ഗീയ അജന്‍ഡക്കെതിരെ കനത്ത ചെറുത്തുനില്‍പ് സംഘടിപ്പിക്കേണ്ടതുണ്ട്.