Connect with us

International

ഫ്രാന്‍സിന്റെ ലിബിയന്‍ സൈനിക നീക്കങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം

Published

|

Last Updated

ട്രിപ്പോളി: ലിബിയയില്‍ വിമതരുമായി സഹകരിച്ച് ഫ്രാന്‍സ് നടത്തുന്ന സൈനിക നീക്കങ്ങള്‍ക്കെതിരെ ലിബിയയില്‍ പ്രതിഷേധം ശക്തം. ലിബിയയിലെ സൈനിക ഓപറേഷനിടെ ഹെലികോപ്ടര്‍ തകര്‍ന്ന് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് ഫ്രഞ്ച് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് തങ്ങളുടെ സൈന്യം ലിബിയയില്‍ ഉണ്ടെന്ന് ഫ്രാന്‍സ് സ്ഥിരീകരിക്കുന്നത്.
യു എന്‍ പിന്തുണയുള്ള സര്‍ക്കാര്‍ ഫ്രഞ്ച് നടപടിയെ എതിര്‍ത്ത് ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. എന്ത് വിലകൊടുത്തും ഫ്രാന്‍സിന്റെ നടപടിയെ എതിര്‍ക്കുമെന്ന് ലിബിയന്‍ സര്‍ക്കാര്‍ പറഞ്ഞു.
രാജ്യത്ത് ഫ്രഞ്ച് സൈന്യം നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ ഫ്രാന്‍സ് സര്‍ക്കാറിനോട് വിശദീകരണം തേടുമെന്ന് ട്രിപ്പോളി കേന്ദ്രീകരിച്ച് ഭരണം നടത്തുന്ന സര്‍ക്കാര്‍ പ്രതികരിച്ചു. കൗണ്‍ിസിലുമായി സഹകരിക്കാതെ ലിബിയയുടെ കിഴക്കന്‍ മേഖലയില്‍ ഫ്രഞ്ച് സൈന്യം നടത്തുന്ന നടപടിയെ കൗണ്‍സില്‍ അപലപിച്ചു.
അതേസമയം, യു എന്‍ പിന്താങ്ങുന്ന സര്‍ക്കാറിനെതിരെ കിഴക്കന്‍ മേഖലയില്‍ ജനറല്‍ ഖലീഫ ഹഫ്താറിന്റെ നേതൃത്വത്തില്‍ സായുധ സൈന്യം നടത്തുന്ന പ്രക്ഷോഭം തുടരുകയാണ്. ഈ മേഖലയില്‍ തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രാന്‍സ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഇത് മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്കിടയാക്കിയേക്കും.
ഫ്രാന്‍സിന്റെ നടപടി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ്. ഇത് രാജ്യത്തെ അസ്ഥിരപ്പെടുത്തുമെന്ന് ജി എന്‍ എ അംഗം മന്‍സൂര്‍ അലി ഹസാദി പറഞ്ഞു. ഇത് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ ഉടമ്പടിക്കും അംഗരാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികള്‍ക്കുമെതിരാണെന്നും അദ്ദേഹം പറഞ്ഞു.
ലിബിയയില്‍ ഫ്രഞ്ച് സൈന്യമുണ്ടെന്ന് ഫ്രഞ്ച് പത്രമായ ലെ മോണ്ടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് ലിബിയന്‍ അധികൃതര്‍ നിഷേധിച്ചിരുന്നു. ലിബിയയുടെ കിഴക്കന്‍ നഗരമായ ബെങ്കാസിയില്‍ വെച്ച് ഫ്രഞ്ച് ഹെലികോപ്ടര്‍ വെടിവെച്ചിട്ട സംഭവത്തില്‍ രണ്ട് ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.