Connect with us

Gulf

കെട്ടിടങ്ങള്‍ക്കിടയില്‍ നിശ്ചിത അകലം പാലിക്കണമെന്ന് ദുബൈ നഗരസഭ

Published

|

Last Updated

ദുബൈ:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള കെട്ടിടങ്ങളില്‍നിന്ന് അകലം പാലിക്കണമെന്നും അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ സുരക്ഷാ വാഹനങ്ങള്‍ക്ക് എത്തിച്ചേരുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണമെന്നും വാഹനങ്ങള്‍ക്ക് കെട്ടിടത്തിന് അടുത്തേക്ക് എത്തിച്ചേരുന്നതിന് തടസങ്ങള്‍ സൃഷ്ടിക്കുംവിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും നഗരസഭാ വൃത്തങ്ങള്‍.

കെട്ടിടനിര്‍മാണ സംബന്ധിതമായ നിയമങ്ങളില്‍ ബില്‍ഡിംഗ് കോഡുകളും സേഫ്റ്റി കോഡുകളും ഏര്‍പെടുത്തിയിട്ടുണ്ട്. പര്യാപ്തമായതും സുരക്ഷതമായ അകലം കെട്ടിടങ്ങള്‍ക്കിടയില്‍ പാലിക്കുന്നതിനുമാണ് ഈ സംവിധാനം ഏര്‍പെടുത്തിയിട്ടുള്ളത്. നഗരസഭയുടെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓരോ കെട്ടിടങ്ങളും മതിയായ രൂപത്തില്‍ അകലം പാലിച്ചുവേണം നിര്‍മാണത്തിന് രൂപരേഖ തയ്യാറാക്കേണ്ടത്. ഓരോ കെട്ടിടങ്ങള്‍ക്കും സെറ്റ് ബാക്ക് ഡിസ്റ്റന്‍സ് റഗുലേഷന്‍ നിയമം ബാധകമാക്കിയിട്ടുണ്ട്. പുതിയ നിര്‍മാണ പദ്ധതികള്‍ക്ക് അനുമതി തേടുമ്പോഴും ഇത്തരം നിയമങ്ങളനുസരിച്ച് രൂപരേഖ തയ്യാറാക്കുന്ന പദ്ധതികള്‍ക്കേ നിര്‍മാണാനുമതി നല്‍കുകയുള്ളൂ. നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. ഏതെങ്കിലുംവിധത്തില്‍ ഈ മാനദണ്ഡങ്ങള്‍ ലംഘിക്കുകയാണെങ്കില്‍ നിര്‍മാണാനുമതി നിഷേധിക്കും. നിലവില്‍ ദുബൈ മറീനയിലാണ് സെറ്റ്ബാക്ക് റഗുലേഷന്‍സ് നടപ്പില്‍ വരുത്തിയിട്ടുള്ളത്. അംബരചുംബികളായ ഒട്ടനവധി താമസ-വാണിജ്യ കെട്ടിടങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ദുബൈ നഗരസഭാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇസ്സ അല്‍ ഹാജ് മൈദൂര്‍ പറഞ്ഞു.
നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ നിര്‍ദിഷ്ട സ്ഥലത്ത് ഒരു സേഫ്റ്റി എന്‍ജിനിയറുടെ സേവനം ഉറപ്പുവരുത്തണം. അവരുടെ പക്കല്‍ സേഫ്റ്റി ഫയല്‍ സൂക്ഷിക്കുകയും നിര്‍മാണത്തിന്റെ വിവിധ തലങ്ങളില്‍ കൈകൊണ്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തുകയും വേണം. നിര്‍മാണത്തിനിടെയുണ്ടകുന്ന പാഴ്‌വസ്തുക്കള്‍ അത്യാഹിത ഘട്ടങ്ങളില്‍ സുരക്ഷാ സംഘങ്ങള്‍ക്ക് എത്തിപ്പെടുന്നതിന് തടസമാകുംവിധത്തില്‍ അലക്ഷ്യമായി ഇടരുത്. നിര്‍ദിഷ്ട നിര്‍മാണ പ്രദേശത്തെ ശുചിത്വം നഗരസഭാ ഉദ്യോഗസ്ഥര്‍ വിലയിരുത്തും. ഇതിനായി കര്‍ശന പരിശോധനകള്‍ ഏര്‍പെടുത്തും. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ മറീനയിലെ സുലാഫ ടവറിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് വിശദീകരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Latest