Connect with us

Gulf

ഈത്തപ്പഴങ്ങളുടെ രുചി വൈഭവം തേടി ലിവയിലേക്ക് സന്ദര്‍ശക പ്രവാഹം

Published

|

Last Updated

അബുദാബി:ഈത്തപ്പഴങ്ങളുടെ രുചിവൈഭവം തേടി അബുദാബിയിലെ ലിവ ഈത്തപ്പഴമേളയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക്. വിവിധയിനം ഈത്തപ്പഴങ്ങളുടെ വന്‍ ശേഖരമാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്ന്. ഇവ രുചിക്കാനും കൂടുതല്‍ അറിയാനും കുടുംബത്തോടെ ഒട്ടനവധി പേരാണെത്തുന്നത്. 30 വരെ നടക്കുന്ന പൈതൃക മേളയില്‍ സാംസ്‌കാരിക പരിപാടികളും ഉള്‍പെടുത്തിയിട്ടുണ്ട്.

ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യമന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് പാരമ്പര്യത്തനിമയോടെ മേഖലയിലെ ഏറ്റവും വലിയ മേള അരങ്ങേറിയിട്ടുള്ളത്. അബുദാബി കള്‍ചറല്‍ പ്രോഗ്രാം ആന്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണു ഫെസ്റ്റിവല്‍. ഫെസ്റ്റിവല്‍ കമ്മിറ്റി പ്രോജക്ട് മാനേജ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ അബ്ദുല്ല ബുതി അല്‍ ഖുബൈസി ആദ്യ ദിവസം മുഖ്യാതിഥിയായി പങ്കെടുത്തു.

ശീതീകരിച്ച കൂടാരങ്ങളില്‍ പരമ്പരാഗത ചന്ത, ചില്‍ഡ്രന്‍സ് വില്ലേജ്, ഇന്‍സ്റ്റഗ്രാം ഫോട്ടോഗ്രഫി മത്സരം എന്നിവയുമുണ്ട്. കുനൈസി, ബൗ മാന്‍, ഫറഹ്, അല്‍ നുഖ്ബ, അല്‍ ഖലാസ്, അല്‍ ഡബ്ബാസ് തുടങ്ങിയ മുന്തിയ ഇനം ഈത്തപ്പഴങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ഇമറാത്തി കാര്‍ഷിക ഉത്പന്നങ്ങളുടെ പഴക്കൂട മത്സരവും ആകര്‍ഷണീയമാണ്. പ്രാദേശികമായി ഉല്‍പാദിപ്പിച്ച പഴ വര്‍ഗങ്ങള്‍ ഭംഗിയായി കുട്ടയില്‍ അലങ്കരിച്ചു വെക്കുന്നതാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 50,000, 30,000, 20,000 ദിര്‍ഹം എന്നിങ്ങനെയാണ് കാഷ് അവാര്‍ഡ്. സ്വദേശി കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ രാഷ്ര്ട പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍ ആരംഭിച്ച ഫെസ്റ്റിവലില്‍ മൊത്തം 60 ലക്ഷം ദിര്‍ഹത്തിന്റെ 220 സമ്മാനങ്ങളാണ് കര്‍ഷകര്‍ക്കു നല്‍കുന്നത്. മികച്ച ഈത്തപ്പഴം, നാരങ്ങ, മാങ്ങ തുടങ്ങിയ പ്രാദേശിക ഉത്പന്നങ്ങള്‍ക്കും കാര്‍ഷിക വിളകള്‍ക്കും പ്രത്യേക സമ്മാനമുണ്ട്.

മാതൃക കൃഷിത്തോട്ട മത്സരത്തില്‍ ലിവയുടെ കിഴക്കന്‍ ഭാഗത്തു നിന്നും പടിഞ്ഞാറ് ഭാഗത്തു നിന്നും അഞ്ചു കൃഷിത്തോട്ടം വീതമാണ് തിരഞ്ഞെടുക്കുക. ഇരു ഭാഗത്തെയും മികച്ച മാതൃക കൃഷിത്തോട്ടത്തിന് ഒരു ലക്ഷം ദിര്‍ഹം വീതമാണ് ഒന്നാം സമ്മാനം. 60,000, 40,000, 30,000, 20,000 എന്നിങ്ങനെ രണ്ടു മുതല്‍ അഞ്ചുവരെ സ്ഥാനക്കാര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. മൊത്തം അഞ്ചു ലക്ഷം ദിര്‍ഹമാണ് ഈ വിഭാഗത്തിനുള്ള സമ്മാനം. മികച്ച പൈതൃക മാതൃകക്കും സമ്മാനമുണ്ട്.

70,000ത്തിലധികം സന്ദര്‍ശകര്‍ ഫെസ്റ്റിവല്‍ നഗരിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഫെസ്റ്റിവല്‍ നഗരി കൂടാരങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ യു എ ഇയില്‍ 22 ദശലക്ഷം ഈത്തപ്പനകളാണ് വെച്ചുപിടിപ്പിച്ചതെന്നാണ് യു എന്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്രതലത്തില്‍ ഈന്തപ്പനയുടെ 20 ശതമാനം യു എ ഇയിലാണെന്നതും പ്രത്യേകതയാണ്.

40 രാജ്യങ്ങളെ മറി കടന്ന് പ്രതിവര്‍ഷം ഒരുലക്ഷം ടണ്‍ ഈത്തപ്പഴമാണ് യു എ ഇ കയറ്റുമതി ചെയ്യന്നത്. രാജ്യത്തെ മികച്ച ഗുണമേന്മയുള്ള ഈത്തപ്പഴങ്ങള്‍ ഫെസ്റ്റിവല്‍ നഗരിയില്‍ ലഭ്യമാണ്. അല്‍ ഐന്‍, ലിവ മേഖലയിലെ പരമ്പരാഗത കര്‍ഷകര്‍ക്ക് ഫെസ്റ്റിവല്‍ നഗരിയിലെ റത്താബ് പ്രത്യേക വിപണിയില്‍ മികച്ച ഈത്തപ്പഴം വില്‍പനക്കും സൗകര്യമുണ്ട്.
ഈത്തപ്പഴോത്സവത്തിന്റെ ഭാഗമായി നടക്കുന്ന മോഡല്‍ ഫാം അവാര്‍ഡ് മത്സരത്തിന് പിന്തുണയായി അബുദാബി പടിഞ്ഞാറന്‍ മേഖലാ ഭരണാധികാരി പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 10 ലക്ഷം ദിര്‍ഹം ഇനാം പ്രഖ്യാപിച്ചു.

Latest