Connect with us

International

കാബൂളില്‍ ചാവേറാക്രമണം; 80 മരണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു പ്രകടനത്തിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 231 പേര്‍ക്ക് പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാബൂളിലെ ഷിയാ ഹസാരെ സമൂഹം വൈദ്യുതി ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസില്‍ ഏറ്റെടുത്തു.

റോഡില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്റെ ചിത്രങ്ങള്‍ ടിവി ചാനലുകള്‍ പുറത്തുവിട്ടു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വക്താവ് മുഹമ്മദ് ഇസ്മാഈല്‍ കൗസി അറിയിച്ചു. എത്ര ബോംബുകളാണ് പൊട്ടിയതെന്ന് വ്യക്തമായിട്ടില്ല.

തുര്‍ക്കുമെനിസ്താനില്‍ നിന്ന് കാബൂളിലേക്കുള്ള 500 കെവി ഇലക്ട്രിക് ലൈന്‍ ഷിയാ ഹസാലെ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കൂടി വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് എതിരെയായിരുന്നു പ്രക്ഷോഭം. ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്.

Latest