Connect with us

Kerala

കോഴിക്കോട് ജില്ലയിലെ ആദ്യ ഗ്രാമ ന്യായാലയം താമരശ്ശേരിയില്‍

Published

|

Last Updated

താമരശ്ശേരി: നീതിന്യായ വ്യവസ്ഥയിലെ കരുത്തുറ്റ മുന്നേറ്റമായ ഗ്രാമ ന്യായാലയം താമരശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ മലയോര മേഖലയിലെ സാധാരണക്കാര്‍ക്ക് നീതി വീട്ടുപടിക്കലെത്തും. സാധാരണ കോടതികളുടെ നൂലാമാലകളില്ലാതെ പ്രവര്‍ത്തിക്കുന്ന ഗ്രാമ ന്യായാലയത്തില്‍ സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും കൈകാര്യം ചെയ്യുമെന്നതാണ് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാവുന്നത്. കോടതി ഭാഷ മലയാളമായതിനാല്‍ അഭിഭാഷകരുടെ സഹായമില്ലാതെയും കേസ് നടത്താമെന്നതും രണ്ടാഴ്ചക്കകം കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നതുമണ് ഗ്രാമ ന്യായാലയത്തിന്റെ പ്രത്യേകത.

ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 39 എ പ്രകാരം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ നീതി ലഭ്യമാക്കുക എന്ന ഭരണഘടനാവകാശം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കാന്‍ 2008 ല്‍ പാര്‍ലമെന്റ് പ്രത്യേക ബില്ല് പാസാക്കിയത്. ലോ കമ്മീഷന്‍ 1987 ല്‍ സമര്‍പ്പിച്ച നൂറ്റിപതിനാലാമത് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. രാജ്യത്താകെ അയ്യായിരം ഗ്രാമ ന്യായാലയങ്ങള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. കേരളത്തില്‍ മുപ്പത് ന്യായാലയങ്ങളാണ് സ്ഥാപിക്കേണ്ടതെങ്കിലും ആറെണ്ണം മാത്രമായിരുന്നു ഇതേ വരെ പ്രവര്‍ത്തമാരംഭിച്ചത്. കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമ ന്യായാലയം ഉള്‍പ്പെടെ രണ്ടെണ്ണം ഇന്നലെ പ്രവര്‍ത്തനമാരംഭിച്ചതോടെ സംസ്ഥാനത്തെ ഗ്രാമ ന്യായാലയങ്ങളുടെ എണ്ണം എട്ടായി.

താമരശ്ശേരി ചുങ്കത്ത് ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉദ്ഘാടനം ചെയ്ത ഗ്രാമ ന്യായാലയം പതിനൊന്നുമണിക്ക് ആദ്യ സിറ്റിംഗ് നടത്തി. ആദ്യ ദിവസം 25 കേസുകളാണ് ഗ്രാമ ന്യായാലയത്തില്‍ പരിഗണനക്കെടുത്തത്. ന്യായാധികാരിയായി നിയമിതനായ ജോജി തോമസിന് താമരശ്ശേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (2)ന്റെ അധിക ചുമതലകൂടി നല്‍കിയതിനാല്‍ വെള്ളി, ശനി ദിവസങ്ങളിലാണ് ഗ്രാമ ന്യായാലയത്തില്‍ കേസ് പരിഗണിക്കുക. പിന്നീട് കൊടുവള്ളി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കല്‍ സിറ്റിംഗ് നടത്തും.

രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവുശിക്ഷ വിധിക്കാവു കുറ്റകൃത്യങ്ങള്‍, ഇരുപതിനായിരം രൂപയില്‍ കവിയാത്ത മൂല്യമുള്ള വസ്തുക്കളുടെ മോഷണം, ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍, മോഷണവസ്തുക്കള്‍ കൈകാര്യം ചെയ്യല്‍, സമാധാനലംഘനം സൃഷ്ടിക്കുന്ന തരത്തില്‍ അവമതിക്കല്‍, 2005 ലെ ഗാര്‍ഹിക പീഡന നിയമപ്രകാരമുള്ള പരാതികള്‍, തൊഴിലാളികളുടെ കൂലി, അടിമവേല നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍, അമ്പതിനായിരം രൂപയില്‍ കവിയാത്ത സിവില്‍ തര്‍ക്കങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഗ്രാമ ന്യായാലയത്തിന്റെ പരിധിയില്‍ വരും. വിചാരണക്ക് മുമ്പായി മധ്യസ്ഥ ശ്രമവും നടക്കും. 15 ദിവസത്തിനുള്ളില്‍ വിധി പ്രസ്താവിക്കുമെന്നതും കോടതി നടപടികള്‍ മലയാളത്തിലായിരിക്കുമെന്നതും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാവും.

Latest