Connect with us

Editorial

മേലുദ്യോഗസ്ഥ പീഡനം

Published

|

Last Updated

ഉന്നതരില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ രാജ്യത്ത് വര്‍ധിച്ചു വരികയാണ്. കര്‍ണാടകയില്‍ കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഇത്തരം രണ്ട് ആത്മഹത്യകളും രണ്ട് ആത്മഹത്യാ ശ്രമങ്ങളുമുണ്ടായി. മംഗളുരു പോലീസ് സൂപ്രണ്ട് എം കെ ഗണപതി, വിജയപുരിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ ഹെഡ്‌കോണ്‍സ്റ്റബിള്‍ അന്നറാവു സായ്ബന്ന എന്നിവരാണ് ആത്മഹത്യ ചെയ്തത്. ബംഗളുരുവിലെ വിജയ്‌നഗര്‍ സ്‌റ്റേഷന്‍ കോണ്‍സ്റ്റബിളായിരുന്ന രൂപ താംബെ, ഹസനിലെ വനിതാ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ വിജയ എന്നവരാണ് ആത്മഹത്യക്ക് മുതിര്‍ന്നത്. ഈ മാസം ഏഴിനാണ് ഗണപതി ജീവനൊടുക്കിയത്. കര്‍ണാടക നഗര വികസന മന്ത്രിയായിരുന്ന കെ ജെ ജോര്‍ജ്, ഇന്റലിജന്‍സ് വിഭാഗം ഐ ജി എ എം പ്രസാദ്, ലോകായുക്ത ഐ ജി പ്രണാബ് മൊഹന്തി എന്നിവരില്‍ നിന്നുള്ള മാനസിക പീഡനമാണ് കാരണമെന്നാണ് കരുതുന്നത്. തനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരവാദികള്‍ ഇവര്‍ മൂന്ന് പേരുമായിരുക്കുമെന്ന് നേരത്തെ ഒരു സ്വകാര്യ ടി വി ചാനലുമായുള്ള അഭിമുഖത്തില്‍ ഗണപതി പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച കാലത്തായിരുന്നു അന്നറാവു സായ്ബന്നയുടെ ആത്മഹത്യ. സ്ഥലം മാറ്റത്തിനുള്ള അപേക്ഷ മേലുദ്യോഗസ്ഥര്‍ പരിണഗണിക്കാത്തതിലുള്ള മനോവിഷമം മൂലമാണത്രെ ഇത്.
കര്‍ണാടകയില്‍ 2003നും 2013നും ഇടയിലുള്ള പത്ത് വര്‍ഷത്തിനിടയില്‍ 122 പോലീസുകാര്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ വെളിപ്പടുത്തുന്നു. വര്‍ഷത്തില്‍ ശരാശരി 12 പോലീസുദ്യോഗസ്ഥര്‍. നിരവധി ആത്മഹത്യാ ശ്രമങ്ങളും ഇക്കാലത്തുണ്ടായി. ആത്മഹത്യ ചെയ്തവരില്‍ ഭൂരിഭാഗവും പോലീസ് കോണ്‍സ്റ്റബിള്‍മാരാണ്. ഉന്നതോദ്യോഗസ്ഥരില്‍ ആത്മഹത്യാ പ്രവണത വിരളമാണ്. പല ആത്മഹത്യകളുടെയും കാരണങ്ങള്‍ വെളിച്ചത്ത് വന്നിട്ടില്ലെങ്കിലും ഉന്നതങ്ങളില്‍ നിന്നുള്ള മാനസിക പീഡനവും രാഷ്ട്രീയ സമ്മര്‍ദവുമാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മേലുദ്യോഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകയില്‍ പോലീസുകാര്‍ സമരാഹ്വാനം വരെ നടത്തിയിരുന്നു.
ഇത് കര്‍ണാടകയിലെ മാത്രം സ്ഥിതിവിശേഷമല്ല. കീഴുദ്യോഗസ്ഥരെ ഔദ്യോഗികമായും സാമ്പത്തികമായും മാനസികമായും പീഡിപ്പിക്കലും സ്ത്രീജീവനക്കാരെ ശാരീരികവും ലൈംഗികവുമായി ചൂഷണം ചെയ്യലും രാജ്യത്ത് നിര്‍ബാധം നടന്നു വരുന്നുണ്ട്. കേരളവും ഇതില്‍ നിന്ന് മുക്തമല്ല. വാട്ട്‌സ്ആപ് വിവാദത്തിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടക്കാവ് സ്‌റ്റേഷനിലെ സീനിയര്‍ പോലീസ് ഓഫീസര്‍ ഷാജി ആത്മഹത്യ ചെയ്തത് ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ അവഹേളനം മൂലമായിരുന്നു. അടുത്തിടെ ആലുവ റൂറല്‍ എ എസ് പി ആയിരുന്ന മെറിന്‍ ജോസഫും കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഹരിശങ്കറും കീഴുദ്യോഗസ്ഥരെ കൊണ്ട് കുടപിടിപ്പിച്ചത് വന്‍വിവാദമായതാണ്. മഴയുള്ള സമയത്ത് ഔദ്യോഗിക വാഹനത്തില്‍ നിന്ന് കുടയുമായി ഇറങ്ങിയ കമ്മീഷണര്‍ ഹരിശങ്കര്‍ പിന്നീട് തന്റെ കീഴുദ്യോഗസ്ഥനായ പോലീസ് കോണ്‍സ്റ്റബിളിന് കുട കൈമാറുകയായിരുന്നു. മഴ മാറുന്നതുവരെ കോണ്‍സ്റ്റബിള്‍ കമ്മീഷണര്‍ക്ക് കുട പിടിച്ചു കൊടുക്കേണ്ടി വന്നു. ചില ഉന്നതോദ്യേഗസ്ഥരുടെ കീഴ്ജീവനക്കാരോടുള്ള പെരുമാറ്റം കര്‍ക്കശവും ക്രൂരവുമാണ്. പ്രായപൂര്‍ത്തിയാകാത്ത മകനെക്കൊണ്ട് ഔദ്യോഗിക വാഹനമോടിപ്പിച്ച് വിവാദത്തിലായ ഐ ജിക്കെതിരെ ഇത്തരമൊരു പരാതി ഉയര്‍ന്നിരുന്നു. പോലീസ് അക്കാദമിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം വിലക്കിയതും അക്കാദമി കാന്റീനില്‍ ബീഫ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതും ഇദ്ദേഹമായിരുന്നു.
പലപ്പോഴും മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരോട് പെരുമാറുന്നത് അവര്‍ണരോട് സവര്‍ണരെന്ന പോലെ ഒരുതരം ഫാസിസ്റ്റു രീതിയിലാണ്. കീഴുദ്യോഗസ്ഥരെ ശകാരിക്കലും അവരോട് തട്ടിക്കയറലുമാണ് മേലധികാരികളുടെ കടമയെന്ന മട്ടിലാണ് പെരുമാറ്റം. കീഴുദ്യോഗസ്ഥന്‍ ഏന്താവശ്യത്തിന് സമീപിച്ചാലും വെറുതെ തട്ടക്കയറും. ലീവിന് ആശ്യപ്പെട്ടാല്‍ അകാരണമായി അത് നിഷേധിക്കും. കീഴ്ജീവനക്കാര്‍ കൃത്യമായി ജോലിചെയ്യുകയോ, അഭിനന്ദനാര്‍ഹമായ കാര്യങ്ങള്‍ നിര്‍വഹിക്കുകയോ ചെയ്താല്‍ പ്രോത്സാഹനാ ജനകമായ ഒരു വാക്കോ പ്രവര്‍ത്തനമോ ഉണ്ടാകില്ല. അതിനപ്പുറം കീഴുദ്യോഗസ്ഥരെ വെറുതെ പരിഹസിക്കുന്നതും അവഹേളിക്കുന്നതും അവര്‍ക്കൊരു ഹോബിയാണ്. മേലുദ്യോഗസ്ഥരെ പേടിച്ചു മറ്റുള്ളവര്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന അന്തരീക്ഷമാണ് പല ഓഫീസുകളിലുമുള്ളത്. കാര്യങ്ങള്‍ കൃത്യമായി നടക്കണമെങ്കില്‍ മുഖത്ത് ഗൗരവ ഭാവവും സമീപനത്തില്‍ കാര്‍ക്കശ്യവമൊക്കെ വേണമെന്നതാണ് ചിലരുടെ വിചാരം. ഇത് വിവരക്കേടാണ്. കീഴുദ്യോഗസ്ഥരോട് സൗഹാര്‍ദപരമായും സ്‌നേഹത്തോടെയും പെരുമാറുകയും പരാതികള്‍ തുറന്ന മനസ്സോടെ കേള്‍ക്കാനുള്ള സന്‍മനസ്സ് പ്രകടിപ്പിക്കുകയും ചെയ്യുമ്പോഴാണ് അവര്‍ക്ക് മുകളിലുള്ളവരോട് ആദരവും അനുസരിക്കാനുള്ള മാനസികാവസ്ഥയും ഉണ്ടാകുന്നത്. അത്തരമൊരു മാനസികാവസ്ഥയിലാണ് കാര്യങ്ങള്‍ കൂടുതല്‍ കൃത്യമായും ഭംഗിയായും നടക്കുക.
കര്‍ണാടകയിലെ പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വിദഗ്ധരുടെ സഹായത്തോടെ പ്രത്യേക കൗണ്‍സിലിംഗ് നല്‍കാനുളള നീക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇത്തരം സംരംഭങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ആവശ്യമാണ്.

Latest