Connect with us

Kerala

പൊതുവിദ്യാലയങ്ങളുടെ മുഖം മാറുന്നു; പഠിക്കാന്‍ ഇനി ടച്ച് സ്‌ക്രീനും

Published

|

Last Updated

തിരുവനന്തപുരം: അന്താരാഷ്ട്ര വിദ്യാലയങ്ങളോട് കിടപിടിക്കുന്ന സംവിധാനങ്ങളൊരുക്കി പൊതുവിദ്യാലയങ്ങള്‍ ഹൈടെക്ക് ആക്കുന്നു. ഓരോ മണ്ഡലത്തിലും ഓരോ സ്‌കൂളുകള്‍ ഹൈടെക് ആക്കുന്നതിന് പുറമെ ഹൈസ്‌കൂള്‍, പ്ലസ്ടു അധ്യയന രീതിയും ആധുനിക വത്കരിക്കുകയാണ്. ടച്ച് സ്‌ക്രീനും ലാപ്‌ടോപ്പും എല്‍ സി ഡി പ്രൊജക്ടറുമെല്ലാം ക്ലാസ് മുറികളില്‍ സംവിധാനിക്കും. ഓരോ സ്‌കൂളിലും അത്യാധുനിക ലബോറട്ടറി സ്ഥാപിക്കാനും പദ്ധതിയുണ്ട്.
വിദ്യാലയങ്ങളുടെ നിലവാരം അന്തര്‍ദേശീയ തലത്തിലേക്ക് ഉയര്‍ത്തുന്ന നടക്കാവ് മോഡല്‍ സ്മാര്‍ട് സ്‌കൂള്‍ പദ്ധതി ഓരോ നിയോജക മണ്ഡലത്തിലും ഒരെണ്ണം വീതം ഈ വര്‍ഷം തന്നെ സംവിധാനിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനായി ആയിരം കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. പത്ത് കോടി രൂപ സര്‍ക്കാര്‍ നേരിട്ടും അഞ്ച് കോടി രൂപ എം എല്‍ എമാരുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും കണ്ടെത്താനാണ് നിര്‍ദേശം. ഇതിന് പുറമെ സ്വകാര്യ സംരഭകരുടെ സഹകരണവും തേടും. തദ്ദേശസ്ഥാപനങ്ങള്‍, പി ടി എ, പൂര്‍വ വിദ്യാര്‍ഥി സംഘടനകള്‍ എന്നിവരെയും സഹകരിപ്പിക്കും. അധ്യാപക പരിശീലനത്തിനായി പ്രത്യേക അക്കാദമിക് പ്രോഗ്രാം തയ്യാറാക്കും. സഹകരിക്കാന്‍ സന്നദ്ധരായവര്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളും രൂപവത്കരിക്കും.
ഇതിന് പുറമെയാണ് ഹൈസ്‌കൂള്‍, പ്ലസ്ടുതല വിദ്യാഭ്യാസം ഹൈടെക്ക് ആക്കുന്ന പദ്ധതി. ഇതിലേക്ക് എയ്ഡഡ് സ്‌കൂളുകളെ കൂടി പരിഗണിക്കുമെന്നതാണ് പ്രത്യേകത. കമ്പ്യൂട്ടര്‍ പഠനത്തിന് പുറമെ, ശാസ്ത്രവും സാമൂഹ്യപാഠവും സാഹിത്യവുമെല്ലാം വിവരവിനിമയ സാങ്കേതികവിദ്യയുടെ സഹായത്തോടെ പഠിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനുപറ്റുന്ന പഠന സാമഗ്രികള്‍ തയ്യാറാക്കും.
അധ്യാപകര്‍ക്ക് പുതിയ രീതിയില്‍ പഠിപ്പിക്കാന്‍ പരിശീലനം നല്‍കും. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് കേരളത്തിലെ പൊതുവിദ്യാഭ്യാസം സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പൈലറ്റ് അടിസ്ഥാനത്തില്‍ നാല് മണ്ഡലങ്ങളില്‍ രണ്ട് മാസത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം. തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്, പുതുക്കാട്, ആലപ്പുഴ മണ്ഡലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള ആദ്യഘട്ട യോഗം കഴിഞ്ഞ ദിവസം നടന്നു. നാല് മണ്ഡലങ്ങളെയും പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ധനമന്ത്രി ഡോ. തോമസ് ഐസക്ക്, എം എല്‍ എമാരായ എ പ്രദീപ്കുമാര്‍, ജയിംസ് മാത്യു പങ്കെടുത്തു.
രണ്ടാംഘട്ടമായി നാല് മണ്ഡലങ്ങളിലെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ സംസ്ഥാനതല ക്യാമ്പ് കോഴിക്കോട് നടക്കാവ് ഹൈസ്‌കൂളില്‍ ആഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ ചേരും. ഇതിനെത്തുടര്‍ന്ന് രണ്ടാഴ്ചക്കുള്ളില്‍ മണ്ഡലാടിസ്ഥാനത്തിലുള്ള ക്യാമ്പുകള്‍ നടക്കും. ഇത് കഴിഞ്ഞാലുടന്‍ ഈ മണ്ഡലങ്ങളിലേക്കുള്ള കമ്പ്യൂട്ടറുകള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കുമായി ടെന്‍ഡര്‍ വിളിക്കും.

Latest