Connect with us

Ongoing News

ലണ്ടന്‍ മീറ്റില്‍ അനായാസ ജയവുമായി ബോള്‍ട്ട് റിയോയിലേക്ക്

Published

|

Last Updated

ലണ്ടന്‍: ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്റെ തിരിച്ചുവരവ്. ലണ്ടനില്‍ നടന്ന ഐ എ എ എഫ് ഡയമണ്ട് ലീഗ് ആനിവേഴ്‌സറി ഗെയിംസില്‍ 200 മീറ്ററില്‍ ബോള്‍ട്ടിന് എതിരുണ്ടായില്ല. അനായാസം കുതിച്ച ജമൈക്കന്‍ സ്പ്രിന്റര്‍ 19.89 സെക്കന്‍ഡ്‌സില്‍ ഫിനിഷ് ചെയ്തു. പതിവ് പോലെ അവസാന അമ്പത് മീറ്ററില്‍ ബോള്‍ട്ട് യന്ത്രത്തെ പോലെ കുതിച്ചു, ഫിനിഷിംഗ് ഗാലറിയിലേക്ക് നോക്കിക്കൊണ്ട് ജോഗിംഗ് സ്റ്റൈലില്‍.
കുറേക്കൂടി മെച്ചപ്പെട്ട സമയം കണ്ടെത്താമായിരുന്നെങ്കിലും ബോള്‍ട്ട് പരിശീലന മത്സരമായിട്ടാണ് ഡയമണ്ട് ലീഗ് പോരാട്ടത്തെ കണ്ടത്. സീസണില്‍ 200 മീറ്ററില്‍ ബോള്‍ട്ട് ആദ്യമായിട്ടാണ് മത്സരിക്കുന്നത്. ജമൈക്കന്‍ മീറ്റിനിടെ പരുക്കേറ്റ് പിന്‍മാറിയ ബോള്‍ട്ട് റിയോ ഒളിമ്പിക്‌സിന് തൊട്ട് മുമ്പായി കായികക്ഷമത തെളിയിച്ചിരിക്കുന്നു. 200 മീറ്ററില്‍ ഈ വര്‍ഷത്തെ മികച്ച സമയം അമേരിക്കയുടെ ലഷ്വാന്‍ മെറിറ്റ്‌സിന്റെതാണ് (19.74 സെക്കന്‍ഡ്‌സ്).
ലണ്ടനില്‍ ബോള്‍ട്ടിന് പിറകില്‍ പനാമയുടെ എഡ്വേര്‍ഡ് അലോണ്‍സോ (20.04) വെള്ളിയും ബ്രിട്ടന്റെ ആദം ഗെമിലി (20.07) വെങ്കലവും കരസ്ഥമാക്കി.
ബീജിംഗ്, ലണ്ടന്‍ ഒളിമ്പിക്‌സുകളില്‍ 100, 200, 4-100 റിലേ എന്നീ മൂന്നിനങ്ങളിലും ബോള്‍ട്ടിന് സ്വര്‍ണമുണ്ടായിരുന്നു. ആ ട്രിപ്പിള്‍ നേട്ടം റിയോയിലും ആവര്‍ത്തിച്ച് അപൂര്‍വ ഹാട്രിക്ക് ആണ് ജമൈക്കന്‍ സ്പ്രിന്റ് ഇതിഹാസം ലക്ഷ്യമിടുന്നത്.
അതിനിടെ, റിയോയില്‍ ബോള്‍ട്ടിന്റെ മുഖ്യ എതിരാളിയായ അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ വിവാദ പരാമര്‍ശം നടത്തി. ജമൈക്കന്‍ ട്രയല്‍സില്‍ നിന്ന് ബോള്‍ട്ട് പരുക്കേറ്റ് പിന്‍മാറിയത് പരാജയഭീതി കൊണ്ടാണെന്ന് ഗാറ്റ്‌ലിന്‍ പറഞ്ഞു. ഗാറ്റ്‌ലിനെ ഓര്‍ത്ത് ചിരിക്കാനെ കഴിയൂ എന്ന് ബോള്‍ട്ട് തിരിച്ചടിച്ചു. ഓരോ വര്‍ഷവും സ്പ്രിന്റിലെ മഹത്തായ പ്രകടനം ഞാന്‍ നടത്തുന്നു. ഗാറ്റ്‌ലിന് നിരാശയുണ്ടാകും അതാകണം ഇങ്ങനെയൊക്കെ – ബോള്‍ട്ട് പരിഹസിച്ചു.
കഴിഞ്ഞ വര്‍ഷം ലോകചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ട് സ്പ്രിന്റ് ഡബിള്‍ സ്വന്തമാക്കിയപ്പോള്‍ ഗാറ്റ്‌ലിന്‍ രണ്ടിലും രണ്ടാമനായി.

Latest