Connect with us

National

ഡല്‍ഹി മലയാളിയുടെ കൊലപാതകം: രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആലുവ സ്വദേശി വിജയകുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റിലായി. പ്രതികളുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന ബുധനാഴ്ച സംശയകരമായ സാഹചര്യത്തില്‍ ഒരു യുവതി നടന്നുപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് യുവതി കസ്റ്റഡിയിലായത്. ഡല്‍ഹി പാലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയും സഹായിയായ ഒരു പുരുഷനുമാണ് പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ലൈംഗികമായി നിരന്തരം ചൂഷണം ചെയ്തിരുന്നു. ഇതു തുടരാന്‍ നിര്‍ബന്ധിച്ചതാണ് കൊലക്ക് കാരണമായതെന്നും അറസ്റ്റിലായ യുവതി ഡല്‍ഹി പോലീസിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ആലുവ ചൊവ്വര പുറവരിക്കല്‍ പി ബി വിജയകുമാറിനെ (60) മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ ഫഌറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കിടപ്പുമുറിയില്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. ബുധനാഴ്ച ഉച്ചക്ക് വീട്ടിലെത്തിയ മകള്‍ അമ്പിളിയാണ് മൃതദേഹം ആദ്യം കണ്ടത്. ജോലിക്കു പോയ നികുതി വകുപ്പ് ഉദ്യോഗസ്ഥയായ ഭാര്യ വസുന്ധരാദേവി പലതവണ ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും വയറ്റത്തും കുത്തേറ്റിരുന്നു.
ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച വിജയകുമാറും ഭാര്യയുമാണ് ഫഌറ്റില്‍ താമസിച്ചിരുന്നത്. രാജ്യസഭാ ടി വിയിലെ പ്രൊഡ്യുസറായ മകള്‍ അമ്പിളിയും ഇതേ അപ്പാര്‍ട്‌മെന്റിലെ മറ്റൊരു ഫഌറ്റിലാണ് താമസം. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് സംശയിച്ചിരുന്നു. ഫഌറ്റില്‍ നിന്ന് ടി വിയും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest