Connect with us

Kozhikode

50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും സ്വകാര്യ എം ബി എ പഠനത്തിന് അവസരമില്ല

Published

|

Last Updated

കോഴിക്കോട്:50 ശതമാനത്തോളം സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിട്ടും സംസ്ഥാനത്ത് സ്വകാര്യ മേഖലയില്‍ എം ബി എ പഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് അവസരമില്ല. വിദൂര വിദ്യാഭ്യാസ ബിരുദ കോഴ്‌സുകളുടെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മാനേജ്‌മെന്റ് പ്രവേശന പരീക്ഷകള്‍ (മാറ്റ്) നടത്തിയതാണ് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയായത്. ഇവിടെ അവസരം ലഭിക്കാത്ത നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇത് മൂലം കാര്യമായ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തെ അന്യ സംസ്ഥാനങ്ങളിലെ കോളജുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. കേരളത്തില്‍ നാല് സര്‍വകലാശാലകളുടെ കീഴിലായി നൂറോളം വരുന്ന എം ബി എ കോളജുകളില്‍ എണ്ണായിരത്തോളം സീറ്റുകളാണുള്ളത്. ഇതില്‍ പകുതിയിലും ആളില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

കേരളത്തിലെ എം ബി എ പ്രവേശനത്തിന് എ ഐ സി ടി ഇ നടത്തുന്ന സിമാറ്റ്, എ ഐ എംഎ നടത്തുന്ന മാറ്റ് അല്ലെങ്കില്‍ കേരളത്തിലെ അഡ്മിഷന്‍ റഗുലേറ്ററി കമ്മിറ്റി നടത്തുന്ന കെമാറ്റ് ഇവയില്‍ ഏതെങ്കിലും എഴുതി യോഗ്യത നേടേണ്ടതുണ്ട്. എന്നാല്‍ വിദൂര വിദ്യാഭ്യാസത്തിലൂടെ പഠിക്കുന്ന ഏതാണ്ട് ആയിരക്കണക്കിന് വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും അവരുടെ ഉന്നത പഠനത്തെക്കുറിച്ച് തീരുമാനമെടുക്കുന്നത് ബിരുദ ഫലം വന്ന ശേഷം മാത്രമാണ്. എന്നാല്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷാ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കാലിക്കറ്റ് സര്‍വകലാശാല കുറച്ച് ദിവസം മുമ്പ് മാത്രമാണ് ഫലം പ്രസിദ്ധീകരിച്ചത്. മിക്ക കോളജുകളിലും പി ജി പ്രവേശനം അവസാന ഘട്ടത്തിലുമാണ്. ബി കോം, ബി ബി എ പോലുള്ള കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി എം ബി എക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനത്തിന് ഇത് കൂടുതല്‍ ബാധിക്കുന്നത്.
സംസ്ഥാനത്ത് എം ബി എ പ്രവേശനം നേടാന്‍ വേണ്ട ഈ വര്‍ഷത്തെ പ്രവേശന പരീക്ഷകളെല്ലാം ഇതിനോടകം പൂര്‍ത്തിയായി.

ഈ പരീക്ഷകളെല്ലാം ബിരുദ ഫലം വരുന്നതിന് വളരെ മുമ്പ് തന്നെ നടക്കുന്നതിനാല്‍ മാനേജ്‌മെന്റ് കോഴുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് അവരുടെ അവസരമോ ഒരു വര്‍ഷമോ നഷ്ടമാകുകയോ ചെയ്യുന്ന സ്ഥിതിയാണുള്ളത്.
ബിരുദാനന്തര ബിരുദ ക്ലാസുകള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ പ്രശ്‌നത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികള്‍. ഇക്കാര്യം ഉന്നയിച്ച് മലബാര്‍ മേഖലയിലെ 17 എം ബി എ സ്ഥാനപങ്ങളുടെ ഏകോപന വേദിയായ അസോസിയേഷന്‍ ഓഫ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഇന്‍ കാലിക്കറ്റ് സര്‍വ്വകലാശാല പ്രതിനിധികള്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന കേരള മാറ്റ് പരീക്ഷ 2500 വിദ്യാര്‍ഥികള്‍ മാത്രമാണ് എഴുതിയിട്ടുള്ളതെന്നും നിവേദനത്തില്‍ പറയുന്നു.