Connect with us

Kerala

ത്രീ ജി വേഗക്കുറവിന് കാരണം സപ്പോര്‍ട്ട് നോഡിലുള്ള പ്രശ്‌നമെന്ന്് ബി എസ് എന്‍ എല്‍

Published

|

Last Updated

തിരുവനന്തപുരം: ഉപഭോക്താക്കളെ ദുരിതത്തിലാക്കി സംസ്ഥാനത്ത് ബി എസ് എന്‍ എല്‍ ത്രി ജി നെറ്റ്‌വര്‍ക്ക് തകരാറില്‍. കേരളത്തില്‍ ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള നെറ്റ് വര്‍ക്കാണ് കഴിഞ്ഞ രണ്ട് ദിവസമായി തകരാറിലായിരിക്കുന്നത്. മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കാണ് നെറ്റ് വര്‍ക്ക് ഇല്ലാത്തത് തിരിച്ചടിയായത്.

ഇടക്കിടെ ടു ജി നെറ്റ്‌വര്‍ക്ക് ലഭിക്കുന്നുണ്ടെങ്കിലും ഇത് അധിക സമയം പ്രയോജനപ്പെടുത്താനാകുന്നില്ല. നെറ്റ്‌വര്‍ക്ക് അപ്‌ഡേഷന്‍ നടക്കുകയാണ് എപ്പോള്‍ ശരിയാകുമെന്ന വിവരം ലഭ്യമായിട്ടില്ലെന്നാണ് കസ്റ്റമര്‍ കെയറില്‍ നിന്നുള്ള വിശദീകരണം. ചെന്നൈയിലെ ഗേറ്റ് വേ ജി പി ആര്‍ എസ് സപ്പോര്‍ട്ട് നോഡിലുള്ള പ്രശ്‌നമാണ് ഇപ്പോള്‍ ത്രീ ജി സ്പീഡ് ലഭിക്കാത്തതിന് കാരണം.

കഴിഞ്ഞ മൂന്ന് ദിവസമായി ചെന്നൈയില്‍ ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ദക്ഷിണേന്ത്യയിലെ മുഴുവന്‍ ബി എസ് എന്‍ എല്‍ ഉപയോക്താക്കള്‍ക്കും വേഗം കുറഞ്ഞ ത്രീ ജിയാണ് ലഭിക്കുന്നത്. ത്രീ ജിയുടെ വേഗക്കുറവ് താല്‍ക്കാലിക പ്രശ്‌നം മാത്രമാണെന്നും കമ്പനി സപ്പോര്‍ട്ട് നോഡ് കാര്യക്ഷമമാക്കാനുള്ള തീവ്രശ്രമം നടത്തുകയാണെന്നും അധികൃതര്‍ വിശദീകരിക്കുന്നു.

ഇന്ത്യയിലെ മുഴുവന്‍ ഡാറ്റാ ഉപയോഗത്തിന്റെ അഞ്ചില്‍ ഒന്ന് കേരളത്തിലാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23.4 ശതമാനം വരുമാന വര്‍ധനവാണ് കേരളത്തില്‍ ബി എസ് എന്‍ എല്ലിന് ഉണ്ടായിട്ടുള്ളത്. ഇന്ത്യയിലെ ശരാശരി വര്‍ധന പത്ത് ശതമാനം മാത്രമാണ്. ജൂലൈയില്‍ മാത്രം 1,40,000 പുതിയ കണക്ഷനുകളാണ് കേരളത്തില്‍ ബിഎസ്എന്‍എല്‍ നല്‍കിയത്. ജൂലൈ അവസാനിക്കുമ്പോള്‍ ഈ കണക്ക് 1,60,000 കടക്കുമെന്നാണ് പ്രതീക്ഷ.

മാസം 7000 പേര്‍ ബി എസ് എന്‍ എല്‍ വിട്ട് മറ്റു മൊബൈല്‍ ദാതാക്കളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ 27,000 പേര്‍ ഓരോ മാസവും ബി എസ് എന്‍ എല്ലിലേക്കു പോര്‍ട്ട് ചെയ്തു വരുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ നിലവിലെ പ്രതിസന്ധി വരിക്കാര്‍ മറ്റു സര്‍വീസുകള്‍ തേടിപ്പോകാന്‍ ഇടയാക്കുമെന്ന ആശങ്കയുമുണ്ട്. ജൂലൈ ആദ്യവാരം ഐഡിയ നെറ്റ് വര്‍്ക്കിനും സമാനമായ അവസ്ഥയുണ്ടായിരുന്നു. രണ്ടു ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ച് ഐഡിയ വീണ്ടും രംഗത്തെത്തിയിരുന്നു.

Latest