Connect with us

Gulf

ജീവ കാരുണ്യ സംഘടനകളുമായി സഹകരിച്ച് സിറിയയില്‍ ഖത്വര്‍ റെഡ് ക്രസന്റ് പ്രവര്‍ത്തനം

Published

|

Last Updated

ദോഹ: സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി വ്യത്യസ്ത ജീവകാരുണ്യ സംഘടനകളുമായി ഖത്തര്‍ റെഡ്ക്രസന്റ് സൊസൈറ്റി(ക്യുആര്‍സിഎസ്) സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഭാഗമായി ക്യുആര്‍സിഎസ് ടീം ലബ്‌നീസ് ആരോഗ്യ മന്ത്രി വാഇല്‍ അബു ഫഖ്‌റുമായി കൂടിക്കാഴ്ച നടത്തി.
ലബ്‌നാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തത്. ആരോഗ്യ സേവനങ്ങളും ആവശ്യമായ മെഡിക്കല്‍ സജ്ജീകരണങ്ങളും ലഭ്യമാക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പൊതു ആശുപത്രികളും ആരോഗ്യ സേവന കേന്ദ്രങ്ങളും മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളെ സംബന്ധിച്ചും ഇരുകൂട്ടരും സംസാരിച്ചു. ക്യുആര്‍സിഎസ് അഭയാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്ന ആരോഗ്യ-ജീവകാരുണ്യ സേവനങ്ങളെക്കുറിച്ചുള്ള ഹൃസ്വവിവരണം യോഗത്തില്‍ അവതരിപ്പിച്ചു. സ്തനാര്‍ബുദം നേരത്തെ മനസിലാക്കാനുള്ള പരിശോധന, ഫിസിയോതെറാപ്പി, പ്രാഥമികാരോഗ്യ പരിചരണം, നവജാത ശിശുക്കളുടെ പരിചരണം തുടങ്ങിയ ആരോഗ്യ സേവനങ്ങള്‍ ക്യുആര്‍സിഎസ് ലബ്‌നാനില്‍ നടപ്പിലാക്കുന്നുണ്ട്. ക്യുആര്‍സിഎസിന്റെ ആരോഗ്യ പ്രവര്‍ത്തനത്തിനു എല്ലാ തരത്തിലുമുള്ള സൗകര്യങ്ങളും ലഭ്യമാക്കാന്‍ ലബ്‌നീസ് ആരോഗ്യ മന്ത്രാലയം തയ്യാറാണെന്ന് മന്ത്രി ക്യുആര്‍സിഎസ് ടീമിനോട് വ്യക്തമാക്കി. മെഡിക്കല്‍ ഉപകരണങ്ങളോടു കൂടി ആശുപത്രികള്‍ ലഭ്യമാക്കാനും സൗജന്യ ചികില്‍സ നല്‍കാനും മന്ത്രാലയം തയ്യാറാണ്. 2015ല്‍ നടത്തിയ കരാറിന്റെ അടിസ്ഥാനത്തില്‍ കുവൈത്തി ജീവകാരുണ്യ സംഘടനയുമായി സഹകരിച്ചാണ് നവജാത ശിശുക്കളുടെ പരിചരണം ക്യുആര്‍സിഎസ് നടത്തിക്കൊണ്ടിരിക്കുന്നത്. ക്യുആര്‍സിഎസിന്റെ റമദാന്‍ ഇഫ്താര്‍ പദ്ധതി സിറിയന്‍, ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ദിവവസും 5000 ഭക്ഷണ കിറ്റുകളാണ് വിതരണം ചെയ്തത്. റമസാനില്‍ മുഴുവനായി 1,57,000 കിറ്റുകള്‍ വിതരണം ചെയ്തു.