Connect with us

National

പാര്‍ലമെന്റ് വിഡിയോ വിവാദം: ഭഗവന്ത് മന്നിന് താല്‍ക്കാലിക വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ അതീവ സുരക്ഷാ മേഖല ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി എം.പി ഭഗവന്ത് മന്നിനെതിരെ അച്ചടക്ക നടപടി. സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ലോക്‌സഭാ സ്പീക്കറാണ് മന്നിനെ വിലക്കിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വഷിക്കാന്‍ ഒമ്പതംഗ സമിതിയെ സ്പീക്കര്‍ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് വിലക്ക്.

ഭഗവന്തിനെതിരെ അന്വേഷണം നടത്തി ശിക്ഷാനടപടി ശിപാര്‍ശ ചെയ്തുകൊണ്ട്് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒമ്പത് അംഗ സമിതിയെയും ചുമതലപ്പെടുത്തി. മഹാരാഷ്ട്രയില്‍ നിന്നുള്ള ബി.ജെ.പി അംഗം കിരീത് സോമയ്യ അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്നുള്ള കെ.സി വേണുഗോപാലും അംഗമാണ്. സമിതി അടുത്ത മാസം മൂന്നിന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ മാസം 26നകം ഭഗവന്ത് തന്റെ ഭാഗം സമിതിക്കു മുമ്പാകെ വിശദീകരിക്കണം. സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ ഭഗവന്ത് പാര്‍ലമെന്റില്‍ പ്രവേശിക്കരുതെന്നും സ്പീക്കര്‍ അറിയിച്ചു.
പാര്‍ലമെന്റിലേക്ക് പ്രവേശിക്കുന്ന വീഡിയോ ദൃശ്യം തത്സമയം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച പഞ്ചാബില്‍ നിന്നുള്ള എഎപി അംഗം ഭഗവന്ത് മന്നിന്റെ നടപടി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഭഗവന്ത് മന്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി സ്വീകരിക്കുമെന്നും സ്പീക്കര്‍ സുമിത്ര മഹാജന്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.