Connect with us

Kerala

മാധ്യമ വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാണിക്കില്ല: മുഖ്യമന്ത്രി

Published

|

Last Updated

പ്രിന്റ് മീഡിയ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെ സിറാജ് എഡിറ്റര്‍ ഇന്‍ചാര്‍ജ് ടികെ അബ്ദുല്‍ ഗഫൂര്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം

തിരുവനന്തപുരം: മാധ്യമ വിമര്‍ശങ്ങളോട് സര്‍ക്കാറിന് അസഹിഷ്ണുതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രിന്റ് മീഡിയ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ കണ്ണടച്ചു പിന്തുണക്കണമെന്നില്ല. സ്വതന്ത്രവും നിര്‍ഭയവുമായ പത്രപ്രവര്‍ത്തനത്തിന്റെ മേഖലയില്‍ ഒരു വിധത്തിലും സര്‍ക്കാര്‍ ഇടപെടില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും കുറിച്ചുള്ള ചെറുതും വലുതുമായ ഏത് കാര്യവും സംബന്ധിച്ച ഏത് വിമര്‍ശനവും സ്വാഗതാര്‍ഹമാണ്. വികസന കാര്യങ്ങളില്‍ മാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും അവ കുറ്റമറ്റ രീതിയില്‍ മുമ്പോട്ട് കൊണ്ടുപോകുന്നതിന് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വന്‍കിട വികസന പദ്ധതികളെ പൊതുവായ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ പോലും ദുര്‍ബലമായ ചില സാമുദായികസാമൂഹിക സംഘടനകള്‍ എതിര്‍ക്കുമ്പോള്‍ ചില പത്രങ്ങള്‍ അവയെ പിന്തുണച്ചും പെരുപ്പിച്ച് കാട്ടിയും വികസന പദ്ധതികള്‍ തന്നെ ഇല്ലായ്മ ചെയ്യുന്ന അവസ്ഥയുണ്ട്. കേരളത്തിന്റെ പൊതുതാല്പര്യം മുന്‍നിര്‍ത്തി ഇത്തരം കാര്യങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്തിരിയുന്നുവെന്ന് പത്രാധിപന്മാര്‍ ഉറപ്പാക്കണം.
പൊലീസ് അന്വേഷണത്തില്‍ ഇരിക്കുന്ന സെന്‍സിറ്റീവ് കേസുകളില്‍ ഊഹാപോഹ കഥകള്‍ എഴുതി അന്വേഷണം വഴിതിരിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍, സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍, കാനം രാജേന്ദ്രന്‍ (ജനയുഗം), തോമസ് ജേക്കബ് (മലയാള മനോരമ), കേശവമേനോന്‍ (മാതൃഭൂമി), ഒ അബ്ദുര്‍റഹ്മാന്‍ (മാധ്യമം), സി ഗൗരിദാസന്‍ നായര്‍ ( ദി ഹിന്ദു) പി എം മനോജ് (ദേശാഭിമാനി) എന്‍ പി ചെക്കുട്ടി (തേജസ്) സി പി സൈതലവി( ചന്ദ്രിക) ദീപുരവി (കേരളാകൗമുദി) ടി വി പുരം രാജു (വീക്ഷണം) നവാസ് പൂനൂര്‍ (സുപ്രഭാതം) കെ ജെ ജേക്കബ് (ഡെക്കാന്‍ ക്രോണിക്കിള്‍), ലീലാ മേനോന്‍ (ജന്മഭൂമി), ആര്‍ ഗോപീകൃഷ്ണന്‍ (മെട്രോവാര്‍ത്ത) തുടങ്ങിയവര്‍ പങ്കെടുത്തു.

Latest