Connect with us

Kasargod

ആം ആദ്മി നേതാവിന്റെ വീട് കത്തിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

Published

|

Last Updated

ബേക്കല്‍: ഉദുമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച മാങ്ങാട്ടെ കെ കെ ഇബ്രാഹിമിന്റെ വീട് തീവെച്ച് നശിപ്പിച്ച കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി മാങ്ങാട്ടെ ഫര്‍ഷാദിനെ(36)യാണ് ഹൊസ്ദുര്‍ഗ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്് ചെയ്തത്. വിദ്യാനഗറില്‍ വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് സംഘം ഫര്‍ഷാദിനെ പിടികൂടി ചോദ്യം ചെയ്തതോടെ മാങ്ങാട്ടെ തീവെപ്പ് കേസില്‍ പ്രതിയാണെന്ന് വ്യക്തമാവുകയായിരുന്നു. തുടര്‍ന്ന് ഫര്‍ഷാദിനെ ബേക്കല്‍ പോലീസിന് കൈമാറി.
ഉദുമ പഞ്ചായത്തിലെ വെടിക്കുന്ന് വാര്‍ഡില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഹമീദ് മാങ്ങാടിനെതിരെ ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ഇബ്‌റാഹിം മത്സരിച്ചതിലുള്ള വൈരാഗ്യമാണ് തീവെപ്പിന് കാരണമായത്. 2015 നവംബര്‍ 12ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇബ്‌റാഹിമിന്റെ മാങ്ങാട് ആടിയം റോഡരികിലെ പൂട്ടിയിട്ട വീടിനാണ് ഒരുസംഘം തീവെച്ചത്. ഇതുമൂലം 25 ലക്ഷംരൂപയുടെ നഷ്ടം സംഭവിച്ചു.
സംഭവത്തില്‍ കേസെടുത്ത ബേക്കല്‍ പോലീസ് സി പി എം പ്രവര്‍ത്തകന്‍ മാങ്ങാട്ടെ ബാലകൃഷ്ണനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രജിത്ത് എന്ന കുട്ടാപ്പി, പ്രരജീഷ്, വിജേഷ്, നാഗേഷ് എന്നിവരുള്‍പ്പെടെ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.