Connect with us

Kerala

പച്ചക്കറി കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ: കൃഷി മന്ത്രി

Published

|

Last Updated

കോഴിക്കോട്: പച്ചക്കറി കര്‍ഷകര്‍ക്ക് മൂന്ന് ലക്ഷം രൂപ വരെ പലിശ രഹിത വായ്പ സഹകരണ ബേങ്കുകള്‍ വഴി ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൃഷി, സഹകരണ, മൃഗസംരക്ഷണ, ഇറിഗേഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാലിക്കറ്റ് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വിഷ രഹിത പച്ചക്കറികള്‍ ആളുകള്‍ക്ക് ലഭ്യമാക്കാനായി ഓണക്കാലത്ത് 1500 പച്ചക്കറി ഔട്ട്‌ലെറ്റുകള്‍ സംസ്ഥാനത്ത് ആരംഭിക്കും. കാര്‍ഷിക മേഖലയില്‍ പഞ്ചായത്തുകള്‍ ഉണ്ടാക്കുന്ന പദ്ധതികള്‍ക്ക് ഏകീകൃത രൂപമില്ല. ഈ സാഹചര്യത്തില്‍ ഏകീകൃത രൂപമുള്ള രീതിയില്‍ 15 പ്രൊജക്ടുകള്‍ ഉണ്ടാക്കാന്‍ കൃഷി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 മോഡല്‍ പ്രോജക്ടുകള്‍ കൃഷി വകുപ്പ് പഞ്ചായത്തുകള്‍ക്ക് ലഭ്യമാക്കും. ഓരോ സ്ഥലത്തിന്റെയും സാധ്യതകള്‍ക്കനുസരിച്ച് പദ്ധതികള്‍ നടപ്പാക്കാന്‍ പഞ്ചായത്തുകള്‍ക്ക് ഇതിലൂടെ സാധിക്കും. ഇടുക്കി ജില്ലയെ വെജിറ്റബിള്‍ ഹബ് ആക്കി മാറ്റാനുള്ള പദ്ധതി രൂപവത്കരിക്കും. ഇതിന്റെ ഭാഗമായി അടുത്ത ദിവസം തന്നെ ഇടുക്കി സന്ദര്‍ശിക്കും. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളിലെ വിഷാംശം പരിശോധിക്കുന്നതിന് നിലവില്‍ സൗകര്യം കുറവാണ്. തിരുവനന്തപുരത്തെ ലാബില്‍ നിന്നുള്ള റിസള്‍ട്ട് കിട്ടാന്‍ മൂന്ന് ദിവസം വേണം. പച്ചക്കറി പോലെ എളുപ്പം നശിച്ചു പോകുന്ന വസ്തുക്കളുടെ കാര്യത്തില്‍ ഇത് വലിയ പ്രയാസം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പച്ചക്കറികള്‍ പരിശോധിക്കാനുള്ള ലാബുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കും.
കേര ഫെഡില്‍ നടന്ന അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കേരഫെഡ് വെളിച്ചെണ്ണ പുറത്തിറക്കുന്നുണ്ടെങ്കിലും നല്ല രീതിയില്‍ വിപണനം ചെയ്യുന്നില്ല. മായമില്ലാത്ത കേരഫെഡ് വെളിച്ചെണ്ണ റേഷന്‍ കടകള്‍ വഴി വില്‍പ്പന നടത്താന്‍ നടപടി സ്വീകരിക്കും. ഇന്ത്യയില്‍ തന്നെ ഏറ്റവും എണ്ണ ലഭിക്കുന്നത് കേരളത്തിലെ കൊപ്രയില്‍ നിന്നാണ്. തമിഴ്‌നാട് കൊപ്രയേക്കാളും അഞ്ച് ശതമാനം എണ്ണ കൂടുതലും നിലവാരവും കേരള കൊപ്രക്കാണ്. അദ്ദേഹം പറഞ്ഞു.

Latest