Connect with us

Sports

ചതിച്ചതാര് ?

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗുസ്തി താരം നര്‍സിംഗ് യാദവ് ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവരം തേടി. ഇന്ത്യന്‍ റെസ്‌ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷന്‍ ശരണ്‍ സിംഗുമായി മോദി കൂടിക്കാഴ്ച നടത്തി. ജൂണ്‍ 25ന് നല്‍കിയ സാംപിളില്‍ പരിശോധനയില്‍ നര്‍സിംഗ് നിരോധിത മരുന്നായ മെഥന്‍ഡിനോന്‍ ഉപയോഗിച്ചതായി കണ്ടെത്തിയതാണ് വിവാദമായത്. ഇത് സംബന്ധിച്ച് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് നര്‍സിംഗ് യാദവ്. തന്റെ റിയോ സ്വപ്‌നം അട്ടിമറിക്കാന്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഡോപ് ടെസ്റ്റ് പരാജയമെന്ന് ഗുസ്തിതാരം ആരോപിച്ചു. എന്റെ ജീവന് ഭീഷണിയുള്ളതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഞാന്‍ പലരുടെയും നോട്ടപ്പുള്ളിയായിരിക്കുന്നു. എങ്ങനെയും എന്റെ റിയോ യാത്ര തടയുകയാണ് ഉദ്ദേശ്യം. ഞാന്‍ മെസ്സില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ എന്തെങ്കിലും തരത്തിലുള്ള ചതിപ്രയോഗം നടന്നോ എന്നതിനെ കുറിച്ച് സംശയിക്കുന്നതായി അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്- നര്‍സിംഗ് പറഞ്ഞു.
ഒളിമ്പിക്‌സിന് പത്ത് നാള്‍മാത്രം മുന്നില്‍നില്‍ക്കെയാണ് നര്‍സിംഗ് ഡോപ് ടെസ്റ്റില്‍ പരാജയപ്പെടുന്നത്. നാളെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി(നാഡ)ക്ക് മുന്നില്‍ നര്‍സിംഗ് ഹാജരാകും.
കായികപ്രേമികളുടെയും അസോസിയേഷന്‍ അധികൃതരുടെയും നൂറ് ശതമാനം പിന്തുണയുണ്ടാകണമെന്ന് താരം അഭ്യര്‍ഥിച്ചു. റിയോയിലേക്ക് പോകുവാന്‍ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് നര്‍സിംഗ്. നര്‍സിംഗിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ദേശീയ റെസ്‌ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ശരണ്‍ സിംഗ് അറിയിച്ചു. നര്‍സിംഗ് ഇത്തരമൊരു വിഡ്ഢിത്തം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. മെഡല്‍പ്രതീക്ഷയുള്ള താരമാണ് നര്‍സിംഗ്. കഠിനമായി അതിന് വേണ്ടി അധ്വാനിച്ചിരുന്നു. ഒരിക്കല്‍ പോലും ഡോപ് ടെസ്റ്റുമായി സഹകരിക്കാതിരുന്നിട്ടില്ല. ഉത്തേജക പരിശോധന സംബന്ധിച്ച് ജാഗ്രത കാണിച്ചിരുന്ന താരമാണ് നര്‍സിംഗ്. അവസാന നിമിഷം ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടത് ഫെഡറേഷനും സംശയത്തോടെ കാണുന്നു.
ജൂണ്‍ അഞ്ചിന് സോനിപത് ക്യാമ്പില്‍ നിന്ന് ശേഖരിച്ച സാംപിളിലാണ് നിരോധിത മരുന്നിന്റെ അംശം കണ്ടെത്തിയത്. നര്‍സിംഗിന് വേണ്ടിതയ്യാറാക്കിയ ഭക്ഷണത്തില്‍, പ്രധാനപ്പെട്ട പാചകക്കാരന്റെ അഭാവത്തില്‍ വല്ലതും ചേര്‍ക്കപ്പെട്ടുവോ എന്നത് പരിശോധിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
ഒളിമ്പിക് യോഗ്യത സംബന്ധിച്ച് നര്‍സിംഗ് യാദവും സുശീല്‍ കുമാറും വലിയ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ലോകചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവെന്ന നിലക്ക് നര്‍സിംഗ് റിയോ ഒളിമ്പിക് യോഗ്യത നേടിയെടുത്തപ്പോള്‍ ഈ വിഭാഗത്തില്‍ സെലക്ഷന്‍ ട്രയല്‍ ആവശ്യപ്പെട്ട് സുശീല്‍ കുമാര്‍ രംഗത്തെത്തിയിരുന്നു. റെസ്‌ലിംഗ് ഫെഡറേഷന്‍ അതിന് മുതിര്‍ന്നില്ല. നര്‍സിംഗിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു. ഈ നടപടിക്രമത്തെ ചോദ്യം ചെയ്ത് സുശീല്‍ കോടതി കയറി. പക്ഷേ, ഫലമുണ്ടായില്ല. കേന്ദ്ര കായിക മന്ത്രാലയവും വിഷയത്തില്‍ ഇടപെടാന്‍ തയ്യാറായില്ല. ദേശീയ ഫെഡറേഷന് തീരുമാനിക്കാം എന്ന നിലപാടായിരുന്നു എല്ലാവര്‍ക്കും.